കോഹ്ലിയുടെ പിൻഗാമിയാകാൻ ഒരുങ്ങി രോഹിത്; ടി20ക്ക് പുറമെ ഏകദിനത്തിലും ക്യാപ്റ്റൻ ആയേക്കും - റിപ്പോർട്ട്
കോഹ്ലിയുടെ പിൻഗാമിയാകാൻ ഒരുങ്ങി രോഹിത്; ടി20ക്ക് പുറമെ ഏകദിനത്തിലും ക്യാപ്റ്റൻ ആയേക്കും - റിപ്പോർട്ട്
പരിമിത ഓവർ ക്രിക്കറ്റിൽ ഒരു ക്യാപ്റ്റന്‍ കീഴിൽ ഇന്ത്യ കളിക്കുന്നതാണ് ബിസിസിഐക്ക് താത്പര്യം എന്നതാണ് ഏകദിനത്തിലും രോഹിത് ക്യാപ്റ്റൻ ആയേക്കുമെന്ന സൂചനകൾക്ക് ശക്തി പകരുന്നത്.
ടി20 ലോകകപ്പിന് (ICC T20 World Cup) ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും പടിയിറങ്ങുമെന്ന് നിലവിലെ ഇന്ത്യൻ ക്യാപ്റ്റനായ വിരാട് കോഹ്ലി (Virat Kohli) പ്രഖ്യാപിച്ചിരുന്നു. കോഹ്ലിക്ക് ശേഷം രോഹിത് ശർമയായിരിക്കും (Rohit Sharma) ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുക എന്നതാണ് റിപ്പോർട്ട്. എന്നാൽ ഇപ്പോഴിതാ ടി20ക്ക് പിന്നാലെ ഏകദിനത്തിലും രോഹിത് ശർമ തന്നെയായിരിക്കും ഇന്ത്യയുടെ ക്യാപ്റ്റൻ എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പരിമിത ഓവർ ക്രിക്കറ്റിൽ ഒരു ക്യാപ്റ്റന്‍ കീഴിൽ ഇന്ത്യ കളിക്കുന്നതാണ് ബിസിസിഐക്ക് താത്പര്യം എന്നതാണ് ഏകദിനത്തിലും രോഹിത് ക്യാപ്റ്റൻ ആയേക്കുമെന്ന സൂചനകൾക്ക് ശക്തി പകരുന്നത്.
"ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റുകളിൽ മൂന്ന് വ്യത്യസ്ത ക്യാപ്റ്റന്മാർക്ക് കീഴിൽ കളിക്കുക എന്നത് വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചേക്കും. ആശയങ്ങളുടെയും ദിശയുടെയും ഒഴുക്ക് വളരെ സുഗമമായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. പരിമിത ഓവർ ക്രിക്കറ്റിൽ ഇന്ത്യ ഒരു ക്യാപ്റ്റന്‍ കീഴിൽ കളിക്കുന്നതായിരിക്കും മികച്ച തീരുമാനം. അടുത്ത യോഗത്തിൽ സെലക്ടർമാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഇന്ത്യൻ ക്രിക്കറ്റിന് ഗുണകരമായത് എന്താണോ, അതിന് അനുസരിച്ചായിരിക്കും തീരുമാനം എടുക്കുക." ബിസിസിയിലെ ഉന്നത വൃത്തങ്ങൾ പറഞ്ഞു.
യുഎഇയില്‍ നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പിന് ശേഷം പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. രോഹിതിനെ തന്നെ ക്യാപ്റ്റനായി നിയമിക്കാനാണ് സാധ്യത. എന്നാല്‍ ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്ക് ശേഷവുമാകും രോഹിത് ക്യാപ്റ്റൻ സ്ഥാനമേൽക്കുക. കിവീസിനെതിരായ പരമ്പരയിൽ രോഹിതിന് സെലക്ടർമാർ വിശ്രമം അനുവദിക്കും, അതിനാൽ കെ എൽ രാഹുലായിരിക്കും ഈ പരമ്പരയിൽ ഇന്ത്യയെ നയിക്കുക. നവംബര്‍ 17നാണ് ന്യൂസിലന്‍ഡിനെതിരായ പരമ്പര ആരംഭിക്കുന്നത്.
പരിമിത ഓവർ ക്രിക്കറ്റിൽ രോഹിത് ശർമയുടെ ക്യാപ്റ്റൻസി റെക്കോർഡ്
2018 മാർച്ചിൽ ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കുമെതിരായ നിദഹാസ് ട്രോഫി ത്രിരാഷ്ട്ര ടൂർണമെന്റ് കിരീട വിജയത്തിലേക്ക് ഇന്ത്യയെ നയിക്കുകയും തുടർന്ന് അതേ വർഷം അവസാനം ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ സംഘത്തിന്റെ ക്യാപ്റ്റനായി ചുമതലയേറ്റ രോഹിത്, ഇന്ത്യയെ ഫൈനലിലേക്ക് നയിക്കുകയും ഫൈനലിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് കിരീടം നേടുകയും ചെയ്തു. കോഹ്ലിക്ക് വിശ്രമം അനുവദിച്ചതിനാൽ രോഹിത് ശർമ ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.
10 ഏകദിനങ്ങളിൽ രോഹിത്തിന് കീഴിൽ ഇറങ്ങിയ അതിൽ എട്ടെണ്ണത്തിൽ വിജയിച്ചപ്പോൾ രണ്ടെണ്ണത്തിൽ തോറ്റു. ടി20യിൽ ഇന്ത്യയെ 19 മത്സരങ്ങളിൽ നയിച്ച രോഹിത് 15 എണ്ണത്തിൽ വിജയം നേടിയിട്ടുണ്ട്.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.