• HOME
 • »
 • NEWS
 • »
 • sports
 • »
 • രോഹിത് ശർമ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ, രഹാനെയ്ക്ക് പകരക്കാരൻ; ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ നിർദേശിച്ച് ചാപ്പൽ

രോഹിത് ശർമ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ, രഹാനെയ്ക്ക് പകരക്കാരൻ; ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ നിർദേശിച്ച് ചാപ്പൽ

രഹാനെയ്ക്ക് പകരം ബാറ്റിങ്ങിൽ മൂന്ന് പേരെ പരീക്ഷിക്കാവുന്നതാണെന്നും ചാപ്പൽ പറഞ്ഞു

News 18 Malayalam

News 18 Malayalam

 • Last Updated :
 • Share this:
  ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട താരമാണ് അജിങ്ക്യ രഹാനെ. ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനാണ് രഹാനെയെങ്കിലും താരത്തിന്റെ ടീമിലെ സ്ഥാനത്തിനെതിരെ ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇംഗ്ലണ്ട് പര്യടനത്തില്‍ തീര്‍ത്തും നിറംമങ്ങിയതാണ് രഹാനെയുടെ നേരെ വിമർശനങ്ങൾ ഉയരാൻ കാരണമായത്.

  വൈസ് ക്യാപ്റ്റനെന്ന പദവി ഉണ്ടായതു കൊണ്ടു മാത്രമാണ് രഹാനെയ്ക്കു നാലു ടെസ്റ്റുകളിലും ഇന്ത്യ അവസരം നല്‍കിയതെന്നു പലരും വിമര്‍ശിച്ചിരുന്നു. ഇതിനിടെ രഹാനെയ്ക്കു പകരം ഓപ്പണര്‍ രോഹിത് ശര്‍മയെ ഇന്ത്യക്കു ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പരിഗണിക്കാവുന്നതാണെന്ന് മുന്‍ ഓസീസ് ക്യാപ്റ്റനും കമന്‍റേറ്ററുമായ ഇയാന്‍ ചാപ്പല്‍.

  രഹാനെയെ പുറത്തിരുത്തുന്നത് ഇന്ത്യക്ക് തിരിച്ചടി ആവുമെങ്കിലും മികച്ച താരങ്ങൾ സ്വന്തമായുള്ള അവർ ഈ ഈ കുറവുകൾ മറികടക്കുമെന്നും ചാപ്പൽ പറഞ്ഞു. 'രഹാനെയെ പുറത്തിരുത്തിയാൽ രണ്ടു തിരിച്ചടികളായിരിക്കും പ്രധാനമായി ഇന്ത്യക്കു നേരിടേണ്ടി വരിക. ഒന്ന് തന്ത്രങ്ങളൊരുക്കുന്നതില്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുള്ള നിര്‍ദേശങ്ങള്‍ ടീമിനു ലഭിക്കില്ല. മറ്റൊന്ന് സ്ലിപ്പിൽ ചോരാത്ത കൈകളുമായി നിൽക്കുന്ന താരത്തിന്റെ സാന്നിധ്യവും ഇന്ത്യക്ക് നഷ്ടമാകും. ഇവ രണ്ടും മാറ്റിനിര്‍ത്തിയാല്‍ രഹാനെയെ ഒഴിവാക്കിയാല്‍ അതു ടെസ്റ്റില്‍ ഇന്ത്യയെ സാരമായി ബാധിക്കില്ല. അദ്ദേഹത്തിനു പകരം രോഹിത് ശര്‍മയെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കൊണ്ടുവരാം. ക്യാപ്റ്റൻസി കൈകാര്യം ചെയ്യുന്നതിലുള്ള മികവ് തെളിയിച്ച താരമാണ് രോഹിത്. അതുകൊണ്ട് തന്നെ വൈസ് ക്യാപ്റ്റൻ സ്ഥാനം താരം അനായാസം കൈകാര്യം ചെയ്യുന്നതായിരിക്കും.' ചാപ്പൽ വ്യക്തമാക്കി.

  ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റിലെ രണ്ടാമിന്നിങ്‌സില്‍ നേടിയ ഫിഫ്റ്റി മാറ്റിനിര്‍ത്തിയാല്‍ രഹാനെയ്ക്കു ചൂണ്ടിക്കാണിക്കാന്‍ ഒരു മികച്ച ഇന്നിങ്‌സ് പോലുമില്ല. ബാറ്റിങ്ങിലും രഹാനെയ്ക്ക് പകരമാര് എന്ന ചർച്ചകളും സജീവമായിക്കഴിഞ്ഞു. രഹാനെയ്ക്ക് പകരം ബാറ്റിങ്ങിൽ മൂന്ന് പേരെ പരീക്ഷിക്കാവുന്നതാണെന്നും ചാപ്പൽ പറഞ്ഞു. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ റിഷഭ് പന്ത്, ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, ഹര്‍ദിക് പാണ്ഡ്യ എന്നിവരുടെ പേരാണ് ചാപ്പല്‍ പറയുന്നത്.

  'രവീന്ദ്ര ജഡേജയും റിഷഭ് പന്തും ഹര്‍ദിക് പാണ്ഡ്യയും അടങ്ങുന്ന മധ്യനിരയ്‌ക്ക് ടീമിന്റെ ടോട്ടലിലേക്ക് മികച്ച സംഭാവന നല്‍കാനാകും. ബാറ്റിംഗ് ക്രമം പരസ്‌പരം വച്ചുമാറാന്‍ കഴിയുന്ന താരങ്ങളാണിവര്‍. റിഷഭാണ് ഇവരിലെ മികച്ച ബാറ്റ്സ്‌മാന്‍. സാഹചര്യം ആവശ്യപ്പെടുന്നതിന് അനുസരിച്ച് ബാറ്റ് ചെയ്യാന്‍ കഴിയുന്ന പന്തിന് അഞ്ചാം നമ്പര്‍ അനായാസം കൈകാര്യം ചെയ്യാനാകും. നീണ്ട സമയം ഫീല്‍ഡ് ചെയ്‌തിട്ടാണ് വരുന്നതെങ്കില്‍ പന്തിനെ താഴേക്കിറക്കി ജഡേജയെ അഞ്ചാം നമ്പറില്‍ കളിപ്പിക്കാം. പാണ്ഡ്യയും അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്ന താരമാണ്. വലിയ ഷോട്ടുകൾ കളിച്ച് സ്കോർബോർഡിലേക്ക് റൺസ് വേഗത്തിൽ ചേർക്കാൻ കഴിവുള്ളവരാണ് മൂവരും.' -ചാപ്പൽ പറഞ്ഞു.

  കഴിഞ്ഞ ഓസ്‌ട്രേലിയൻ പര്യടനത്തിൽ മെൽബൺ ടെസ്റ്റിൽ നേടിയ സെഞ്ചുറിക്ക് ശേഷം താരത്തിന് ബാറ്റിങ്ങിൽ ഫോം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 2021ല്‍ കളിച്ച 11 ടെസ്റ്റുകളില്‍ 19.57 ശരാശരിയില്‍ 372 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. 19 ഇന്നിംഗ്‌സുകളില്‍ രണ്ട് അര്‍ധ സെഞ്ചുറികള്‍ മാത്രമാണ് താരത്തിന്റെ സമ്പാദ്യം.

  ഇംഗ്ലണ്ട് പര്യടനത്തിലെ നാല് ടെസ്റ്റുകളിലും രഹാനെ പ്ലെയിങ് ഇലവനിൽ ഉണ്ടായിരുന്നെങ്കിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് രഹാനെ നടത്തിയത്. ഏഴ് ഇന്നിംഗ്‌സില്‍ നിന്ന് 15.57 ശരാശരിയില്‍ 109 റണ്‍സ് മാത്രമാണ് നേടാനായത്. ഓവലിലെ നാലാം ടെസ്റ്റില്‍ അഞ്ചാം നമ്പറില്‍ രണ്ട് ഇന്നിംഗ്‌സുകളിലും രഹാനെയ്‌ക്ക് പകരം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ഇറങ്ങിയത്. അവസാന 10 ടെസ്റ്റ് ഇന്നിംഗ്‌സുകളില്‍ 27, 49, 15, 5, 1, 61, 18, 10, 14, 0 എന്നിങ്ങനെയാണ് രഹാനെയുടെ സ്‌കോര്‍. ലോഡ്‌സിലെ രണ്ടാം ഇന്നിങ്സിലെ 61 റൺസാണ് ഇതിൽ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം.
  Published by:Naveen
  First published: