മിന്നിത്തിളങ്ങി ബൂമ്രയും രോഹിതും; ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം നൽകുന്ന 5 സൂചനകൾ

ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയിൽ നാശം വിതച്ച് ഇന്ത്യയുടെ സ്പിൻ-പേസ് ബൌളർമാരും മുൻനിര ബാറ്റ്സമാൻമാരും ചേർന്ന് ഇന്ത്യൻ ജയം അനായാസമാക്കുകയായിരുന്നു

News18 Malayalam
Updated: June 6, 2019, 10:39 AM IST
മിന്നിത്തിളങ്ങി ബൂമ്രയും രോഹിതും; ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം നൽകുന്ന 5 സൂചനകൾ
bumrah
  • Share this:
ലോകകപ്പിൽ ഇന്ത്യയ്ക്ക് സ്വപ്നസമാനമായ തുടക്കമാണ് ലഭിച്ചത്. കളിയുടെ എല്ലാ മേഖലയിലും മികവ് കാട്ടിയാണ് റോസ്ബോളിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ ജയിച്ചുകയറിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 228 റൺസിന്‍റെ വിജയലക്ഷ്യം ആറു വിക്കറ്റ് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയിൽ നാശം വിതച്ച് ഇന്ത്യയുടെ സ്പിൻ-പേസ് ബൌളർമാരും മുൻനിര ബാറ്റ്സമാൻമാരും ചേർന്ന് ഇന്ത്യൻ ജയം അനായാസമാക്കുകയായിരുന്നു. ലോകകപ്പിലെ വരും മത്സരങ്ങളിലേക്ക് ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം നൽകുന്ന അഞ്ച് സൂചനകൾ എന്തൊക്കെയാണെന്ന് നോക്കാം...

1. ഉജ്ജ്വല ഫോമിൽ ജസ്പ്രിത് ബൂമ്ര

കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഇന്ത്യയുടെ സ്ട്രൈക്ക് ബൌളർ ജസ്പ്രിത് ബൂമ്രയെന്ന് ലോകകപ്പിലെ ആദ്യ മത്സരം കാട്ടിത്തന്നു. ബൂമ്രയുടെ തകർപ്പൻ പന്തേറ് ഇംഗ്ലണ്ടിൽ ഇന്ത്യയുടെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്നതാണ്. പ്രത്യേകിച്ചും ബൌളിങിനെ തുണയ്ക്കുന്ന പിച്ചുകളിൽ കൂടുതൽ മത്സരങ്ങൾ ഇന്ത്യയ്ക്ക് കളിക്കാനുണ്ട്. ലോകകപ്പ് അരങ്ങേറ്റത്തിൽ ദക്ഷിണാഫ്രിക്കയുടെ സുപ്രധാനമായ രണ്ട് വിക്കറ്റുകൾ- ആംല, ഡികോക്ക് എന്നിവ വീഴ്ത്തിയാണ് ബൂമ്ര വരവറയിച്ചത്. ഈ വിക്കറ്റുകൾ കളിയിൽ നിർണായകമായി.

2. കരുതിയിരിക്കുക യുസ്വേന്ദ്ര ചാഹലിനെ

2003ൽ ലോക യൂത്ത് ചെസ് ചാംപ്യൻഷിപ്പിൽ മത്സരിച്ചവരാണ് യുസ്വേന്ദ്ര ചാഹൽ. പിന്നീട് ചെസ് മതിയാക്കി ക്രിക്കറ്റിലേക്ക് കടക്കുകയായിരുന്നു. ഈ ലോകകപ്പിൽ എതിർ ബാറ്റ്സ്മാൻമാർക്ക് കൃത്യമായ മുന്നറിയിപ്പ് നൽകുന്നതായിരുന്നു ചാഹലിന്‍റെ ബൌളിങ്. റാസി വാൻഡർ ഡസ്സനെയും ഫാഫ് ഡുപ്ലെസിസിനെയും പുറത്താക്കിയ ചാഹലിന്‍റെ പന്തുകൾ ലോകോത്തരമെന്നേ പറയാനുള്ളു. അതിനുശേഷം ഡേവിഡ് മില്ലർ-ആൻഡിലെ ഫെലുക്കുവായോ കൂട്ടുകെട്ട് പൊളിച്ചതും ചാഹലായിരുന്നു. മത്സരത്തിൽ ഏറെ നിർണായകായതും ഇതായിരുന്നു.

3. രോഹിത് ശർമ്മയെ വിശ്വസിക്കാം...

ശിഖർ ധവാനെയും വിരാട് കോഹ്ലിയെയും നഷ്ടപ്പെട്ടപ്പോൾ ഇന്ത്യയൊന്ന് പകച്ചു. എന്നാൽ പതിഞ്ഞ താളത്തിൽ തുടങ്ങി കത്തിക്കയറിയ രോഹിത് ശർമ്മ മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി മാറ്റി. സതാപ്ടണിൽ രോഹിത് ശർമ്മയുടെ പ്രകടനം ഏറെ നിർണായകമായിരുന്നു. ഒരുപക്ഷേ രോഹിത് നേരത്തെ മടങ്ങിയിരുന്നെങ്കിൽ ഇന്ത്യയുടെ പ്രതീക്ഷകൾ തുലാസിലാകുമായിരുന്നു. ലോകകപ്പിലെ രണ്ടാം സെഞ്ച്വറിയും കരിയറിലെ 23-ാം സെഞ്ച്വറിയുമാണ് രോഹിത് ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയത്. റബാഡയുടെ പന്തിൽ മില്ലർ വിട്ടുകളഞ്ഞതൊഴിച്ചാൽ കുറ്റമറ്റ ഇന്നിങ്സാണ് അദ്ദേഹം കളിച്ചത്. ലോകകപ്പിലെ തുടർന്നുള്ള മത്സരങ്ങളിലും കൂടുതൽ മികച്ച പ്രകടനം രോഹിതിൽനിന്ന് പ്രതീക്ഷിക്കാം.

4. ദക്ഷിണാഫ്രിക്ക കൂടുതൽ അപകടത്തിൽ...

തുടർച്ചയായ മൂന്നു മത്സരങ്ങൾ തോറ്റതോടെ ഏകദിന ക്രിക്കറ്റിലെ മൂന്നാമൻമാരായ ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് സ്വപ്നങ്ങൾ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇനിയുള്ള എല്ലാ മത്സരങ്ങളും മികച്ച റൺനിരക്കിൽ ജയിച്ചെങ്കിൽ മാത്രമെ അവർക്ക് സെമി സാധ്യതയുള്ളു. ഇപ്പോഴത്തെ ഫോമിൽ ദക്ഷിണാഫ്രിക്കയ്ക്ക് അത് സാധിക്കുമെന്ന് കരുതുന്നില്ല. അതേസമയം ഇന്ത്യയോട് തോറ്റെങ്കിലും റബാഡയുടെ തുടക്കത്തിലെ പന്തേറ് അവർക്ക് പ്രതീക്ഷയേകുന്ന ഘടകമാണ്. ധവാനെയും രാഹുലിനെയും മടക്കിയയ്ക്കാൻ അദ്ദേഹത്തിനായി.

5. എല്ലാ പ്രതീക്ഷിച്ചതുപോലെ നടന്നു, ഈ മികവ് തുടരാൻ ടീം ഇന്ത്യ

ആദ്യ മത്സരത്തിൽ ഇന്ത്യയുടെ പ്ലാനിങ് കൃത്യമായിരുന്നു. ദക്ഷിണാഫ്രിക്കയുടെ സ്പിൻ ദൌർബല്യം പൂർണമായും മുതലെടുക്കാനായി. അവരുടെ പേസ് ബൌളിങ്ങിനെ ഏറെക്കുറെ കാര്യക്ഷമമായി നേരിടാനും ഇന്ത്യയ്ക്ക് സാധിച്ചു. ആംല, ഡുപ്ലെസി, മില്ലർ, ഡുമിനി തുടങ്ങിയ നിർണായക വിക്കറ്റുകളും ഇന്ത്യയ്ക്ക് ലഭിച്ചു.
First published: June 6, 2019, 10:39 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading