ലയണൽ മെസ്സിയില്ലാത്ത ഒരു ബാഴ്‌സിലോണ ടീം, കുറച്ച് കാലമായി തുടരുന്ന ചർച്ചയാണിത്. ബാഴ്‌സയുമായുള്ള ഒരുപാട് വർഷത്തെ ബന്ധം ഉപേക്ഷിച്ച് താരം ക്ലബ്ബ് വിടുന്നു എന്ന വാർത്ത പുറത്ത് വന്നതിന് ശേഷമാണ് എല്ലാവരും ഇത്തരത്തിൽ ചിന്തിച്ചു തുടങ്ങിയിരിക്കുന്നത്. മെസ്സിയും കറ്റാലൻ ക്ലബുമായുള്ള കരാർ ഈ സീസണോടെ അവസാനിക്കനിരിക്കെ താരം ക്ലബ്ബ് വിടുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. താരത്തെ ബാഴ്‌സയിൽ തന്നെ പിടിച്ച് നിർത്താൻ തന്നെയാണ് ടീം മാനേജ്മെൻ്റിൻ്റെ ശ്രമം. മെസ്സിക്ക് തൃപ്തി വരുന്ന ഒരു പ്രോജക്ട് മുന്നോട്ട് വയ്ക്കാൻ തന്നെ ഒരുങ്ങുകയാണ് ബാഴ്സ മാനേജ്മെൻ്റ്.
ഇത്തരം സംഭവങ്ങൾക്കിടെ വീണ്ടും മെസ്സിയെ ബാഴ്സക്ക് എത്രത്തോളം ആവശ്യമുണ്ടെന്നതിന് അഭിപ്രായം പറഞ്ഞിരിക്കുകയാണ് ബാഴ്സയുടെ പരിശീലകനായ റൊണാൾഡ് കൂമാൻ.
മെസ്സിയില്ലാതെ കളിക്കുക എന്നത് ബാഴ്‌സിലോണക്ക് സാധ്യമല്ലെന്ന് മെസ്സി തന്നെ വീണ്ടും കാണിച്ചു തന്നിരിക്കുകയാണെന്നാണ് കൂമാൻ പറഞ്ഞത്. ഇന്നലെ സെൽറ്റ വിഗോക്കെതിരെ നടന്ന ലാലിഗ മത്സരത്തിൽ അപ്രതീക്ഷിത തോൽവി വഴങ്ങി കിരീടപ്രതീക്ഷകൾ കൈവിട്ടതിനു ശേഷം മെസ്സി ക്ലബ് വിടാൻ സാധ്യതയുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കവേയായിരുന്നു ബാഴ്‌സലോണ പരിശീലകൻ തൻ്റെ അഭിപ്രായം പറഞ്ഞത്.
"മെസ്സി ഇപ്പോഴും ടീമിലെ മികച്ച താരമായി തുടരുന്നതിനാൽ അദ്ദേഹം ക്ലബ് വിടില്ലെന്നാണ് ഞങ്ങൾ കരുതുന്നത്. തന്റെ സാന്നിധ്യമില്ലാതെ കളിക്കുക ബാഴ്‌സക്ക് അസാധ്യമാണെന്ന് അദ്ദേഹം തന്നെ വെളിവാക്കി തരുകയും ചെയ്‌തു. 30 ഗോളുകൾ നേടിയ താരം ടീമിന് നിരവധി പോയിന്റുകളാണ് നേടിത്തന്നത്. അദ്ദേഹമാണ് ഇതിനു മറുപടി പറയേണ്ടത്. എനിക്കും ക്ലബിനും മെസ്സി തുടരണമെന്ന് തന്നെയാണ് ആഗ്രഹം. കാരണം ഇത്രയും ഗോളുകൾ മറ്റാർക്കാണ് നേടാൻ കഴിയുക എന്നത് സംശയമാണ്." കൂമാൻ പറഞ്ഞു.
അതേസമയം ബാഴ്‌സയിലെ തന്റെ ഭാവിയെക്കുറിച്ച് കൂമാൻ വ്യക്തമായി മറുപടി പറഞ്ഞില്ല. സീസണു ശേഷം കാര്യങ്ങൾ അവലോകനം ചെയ്‌തതിനു ശേഷമായിരിക്കും അക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നു നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അതിൽ കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മികച്ച സ്പോർട്ടിങ് പ്രോജക്‌ട് മുന്നോട്ടു വെക്കുന്ന ടീമിനു വേണ്ടി കളിക്കാനുള്ള ആഗ്രഹം നേരത്തെ വെളിപ്പെടുത്തിയിട്ടുള്ള ലയണൽ മെസ്സിയുടെ കരാർ അവസാനിക്കാനിരിക്കെ താരം ക്ലബ് വിടുന്നത് ബാഴ്‌സയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. പിഎസ്‌ജി, മാഞ്ചസ്റ്റർ സിറ്റി ടീമുകൾ താരത്തിനായി സജീവമായി രംഗത്തുണ്ട്.
അതേസമയം, ലാലിഗയിൽ കിരീടം നേടാൻ ഏറ്റവും സാധ്യതയുണ്ടായിരുന്ന ടീമെന്ന നിലയിൽ നിന്നും അവസാന അഞ്ചു മത്സരങ്ങളിൽ ഒരു വിജയം മാത്രം സ്വന്തമാക്കിയാണ് ബാഴ്‌സ ലീഗിൽ മൂന്നാം സ്ഥാനത്തേക്കു വീണത്. ഇന്നലെ നടന്ന മത്സരത്തിൽ മെസ്സിയുടെ ഗോളിൽ ബാഴ്സയാണ് ആദ്യം മുന്നിലെത്തിയതെങ്കിലും ആ ലീഡ് കാത്തുസൂക്ഷിക്കാൻ ടീമിന് കഴിഞ്ഞില്ല. താളം കണ്ടെത്താൻ വിഷമിക്കുന്ന പ്രതിരോധനിരയുടെ പിഴവിൽ നിന്നും സെൽറ്റ സമനില ഗോൾ നേടിയെടുത്തു. കളിയിൽ മികച്ച് നിന്നത് ബാഴ്സയായിരുന്നുവെങ്കിലും ഉറച്ച ഗോൾ അവസരങ്ങൾ പാഴാക്കിയത് അവർക്ക് തിരിച്ചടിയായി. അവസാന നിമിഷങ്ങളിൽ പത്ത് പേരായി ചുരുങ്ങിയതും ടീമിന് തിരിച്ചടിയായി. അവസാനം വരെ പിടിച്ച് നിന്നെങ്കിലും വീണുകിട്ടിയ കൗണ്ടർ അറ്റാക്കിങ് അവസരം മുതലെടുത്ത് സെൽറ്റ രണ്ടാം ഗോളും നേടി കളി ബാഴ്സയുടെ കയ്യിൽ നിന്നും തട്ടിയെടുത്തു.
സീസണിൽ ഇതോടെ അവർക്ക് ലാലിഗ കിരീടം നേടാനാകുമെന്ന പ്രതീക്ഷയും നഷ്ടമായി. സീസണിൽ കോപ്പ ഡെൽ റേ കിരീടം നേടിയെങ്കിലും ചാമ്പ്യൻസ് ലീഗിലും ലാലിഗയിലും നിരാശയായിരുന്നു അവർക്ക് ഫലം.
Summary: Ronald Koeman says it is impossible for Barca to play without Messi
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Lionel messi, Messi, Messi Barcelona, Ronald Koeman