റൊണാള്‍ഡോയാണോ മെസിയാണോ സൂപ്പര്‍ താരമെന്ന ചോദ്യം ഫുട്ബോള്‍ ആരാധകര്‍ക്കിടയില്‍ പതിവാണ്. ഇരു താരങ്ങളുടെയും ആരാധകരും പ്രിയതാരങ്ങളുടെ സവിശേഷതകളുമായി ഈ ചോദ്യം ഏറ്റുപിടിക്കാറുണ്ട്. എന്നാല്‍ ഈ ചര്‍ച്ചയില്‍ പങ്കെടുത്ത് അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലി. മെസിയേക്കാള്‍ മികച്ചതാരം റൊണാള്‍ഡോയാണെന്നാണ് വിരാടിന്റെ അഭിപ്രായം.
'മത്സരത്തോയുള്ള സമര്‍പ്പണത്തിന്റെയും തൊഴില്‍ നൈതികതയുടെയും കാര്യത്തില്‍ ക്രിസ്റ്റ്യാനോയ്ക്ക് താരതമ്യങ്ങളില്ല. കായികരംഗത്ത് ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും സമ്പൂര്‍ണ കളിക്കാരനാണ് ക്രിസ്റ്റ്യാനോ' വിരാട് പറഞ്ഞു. ഫിഫ ഡോട്ട് കോമിന് നല്കിയ അഭിമുഖത്തിലാണ് വിരാടിന്റെ വാക്കുകള്‍. തന്റെ പ്രിയ ഫുട്ബോള്‍ ടീം പോര്ച്ചുഗലാണെന്നും വിരാട് കൂട്ടിച്ചേര്‍ത്തു.
Also Read: 'ഈ പരിഹാസങ്ങളും കൂക്കിവിളികളും കാര്യമാക്കുന്നില്ല' വിമര്‍ശകരോട് സ്മിത്ത്
ഐഎസ്എല്‍ ടീമായ എഫ്സി ഗോവയുടെ സഹ ഉടമകളിലൊരാളാണ് വിരാട്. ക്രിക്കറ്റിനോടായിരുന്നു ഇഷ്ടമെങ്കിലും ആറാം വയസ് മുതല്‍ താന്‍ ഫുട്ബോളും കളിച്ചിരുന്നെന്ന് പറയുന്ന വിരാട് 1998 ലെയും 2002 ലെയും ലോകകപ്പാണ് തനിക്ക് പ്രിയപ്പെട്ടതെന്നും കൂട്ടിച്ചേര്‍ത്തു. റൊണാള്‍ഡോയുടെ പന്തടക്കവും പാടവും കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ടെന്നാണ് വിരാട് പ്രിയ താരത്തെക്കുറിച്ച് പ്രതികരിച്ചത്.
'റൊണാള്‍ഡിന്യോ, ഒലിവര്‍ ഖാന്, ലൂക്ക മോഡ്രിച്ച്, ഇനിയേസ്റ്റ, മെസ്സി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവരുടെ കളി കാണാറുണ്ടായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ക്രിസ്റ്റ്യാനോ മറ്റുള്ളവര്‍ക്കെല്ലാം മുകളിലാണ്. അദ്ദേഹത്തിന്റെ സമര്‍പ്പണത്തിനും തൊഴില്‍ നൈതികതയ്ക്കും താരതമ്യങ്ങളില്ല. വിജയത്തോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത തൃഷ്ണ ഓരോ മത്സരങ്ങളിലും പ്രകടമാണ്.' ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് പറയുന്നു.
മെസിയേക്കാള്‍ ഒരുപടി മുകളിലാണ് റൊണാള്‍ഡോയെന്ന പറഞ്ഞ വിരാട് മെസിയേക്കാള്‍ വലിയ വെല്ലുവിളികള്‍ ഏറ്റെടുക്കുകയും അതില്‍ വിജയിക്കുകയും ചെയ്ത താരമാണ് ക്രിസ്റ്റ്യാനോയെന്നും കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ഫുട്ബോളിനെക്കുറിച്ച് പ്രതികരിച്ച വിരാട് ഒരുനാള്‍ ഇന്ത്യ ഫുട്ബോള്‍ ലോകകപ്പിന് യോഗ്യത നേടുമെന്നും സുനില്‍ ഛേത്രിയെ പോലൊരു താരം ലോകകപ്പ് കളിച്ചിട്ടില്ല എന്നത് സങ്കടകരമായ കാര്യമാണെന്നും പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.