• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Budget 2019
 • Live TV

സ്വപ്നം അവസാനിച്ചു; ഹൃദയങ്ങൾ കീഴടക്കി റഷ്യ, മനം കവർന്നു വിട വാങ്ങൽ


Updated: July 8, 2018, 4:40 PM IST
സ്വപ്നം അവസാനിച്ചു; ഹൃദയങ്ങൾ കീഴടക്കി റഷ്യ, മനം കവർന്നു വിട വാങ്ങൽ

Updated: July 8, 2018, 4:40 PM IST
സ്വപ്നസഞ്ചാരത്തിന് സങ്കടക്കടലിൽ അവസാനം. തുടങ്ങും മുമ്പേ എഴുതിത്തള്ളിയ റഷ്യ അവസാന നിമിഷം വരെ പൊരുതി വീരോചിതമായി വിടവാങ്ങി. തോൽവിയിലും ലോകമെമ്പാടുമുള്ള കളിപ്രേമികളുടെ ഹൃദയം കീഴടക്കിയാണ് റഷ്യൻ താരങ്ങൾ വേദി വിട്ടത്.

സ്വന്തം നാട്ടിൽ ലോകകപ്പ് തുടങ്ങുമ്പോൾ റഷ്യ കേട്ട പഴിക്ക് കയ്യും കണക്കുമില്ല. ചരിത്രത്തിലെ ഏറ്റവും മോശം റഷ്യൻ ടീം, ആതിഥേയരല്ലെങ്കിൽ ലോകകപ്പ് ഫൈനൽ റൗണ്ടിന്റെ പടി കാണുമായിരുന്നില്ല... എന്നിങ്ങനെ പോയി വിമർശനങ്ങൾ. വിമർശകരെ വല്ലാതെ കുറ്റം പറയാനുമാവില്ല. ഫിഫ റാങ്കിംഗിൽ എഴുപതാം സ്ഥാനക്കാരായ റഷ്യ അതിനൊത്ത കളിയാണ് സന്നാഹമൽസരങ്ങളിൽ കാഴ്ച വച്ചത്! എട്ടു കളിയിൽ നാലു തോൽവി, മൂന്നു സമനില, ഒരു ജയം.

കാണികൾക്കൊപ്പം ലോകകപ്പ് ആഘോഷിച്ച് പിരിയാം എന്ന മട്ടിലാണ് ടീം ഇറങ്ങിയതെന്നു ധരിച്ചവർക്കു തെറ്റി. വിമർശകർക്കു മറുപടി കളത്തിൽ തുരുതുരെ നൽകി റഷ്യ കുതിച്ചു. ആദ്യ രണ്ടു മൽസരവും ജയിച്ച് പ്രീക്വാർട്ടർ ബർത്ത് ഉറപ്പിക്കുന്ന ആദ്യ ടീമായി. അവിടെ ഒരിക്കൽ കൂടി കപ്പടിക്കാൻ വന്ന 10-ാം റാങ്കുകാരായ സ്പെയിനിനെ കീഴടക്കി ക്വാർട്ടറിലേക്ക്.
Loading...
മുത്തശ്ശിക്കഥകളെ വെല്ലുന്ന അദ്ഭുതക്കുതിപ്പ് തുടരുമെന്നു മോഹിപ്പിച്ച നിമിഷങ്ങൾ കണ്ട് ആരാധകർ ആർത്തുവിളിച്ചു. ഇരുടീമും കരുതലോടെ, പരസ്പരം മികവ് അളക്കാൻ എന്ന മട്ടിൽ കളിച്ച ആദ്യ അര മണിക്കൂർ കളി അൽപം വിരസമായിരുന്നു. അപ്രതീക്ഷിതമായി റഷ്യ ഗിയർ മാറ്റി. 31-ാം മിനിറ്റിൽ ഡെനിസ് ചെറിഷേവ് ടൂർണമെന്റ് കണ്ട ഏറ്റവും മികച്ച ഗോളുകളിലൊന്ന് തൊടുത്തപ്പോൾ ക്രോയേഷ്യ ഞെ‍ട്ടി. 1-0.

റഷ്യയുടെ ആഹ്ളാദം നീണ്ടത് വെറും എട്ടു മിനിറ്റ്. മരിയോ മാൻസുകിച്ചിന്റെ പാസ് ആന്ദ്രേ ക്രമാറിച്ചിനെ തേടിയെത്തി. ക്രമാറിച്ച് ചതിച്ചില്ല 1-1. കളി എക്സ്ട്രാ ടൈമിലേക്ക്.

101-ാം മിനിറ്റ്. കോർണർ കിക്കിനു തല വച്ച വിദയ്ക്കു പിഴച്ചില്ല. ക്രോയേഷ്യ കളി പിടിച്ചെന്നുറപ്പിച്ചു. പക്ഷേ കളി തീരാൻ അ‍ഞ്ചു മിനിറ്റുള്ളപ്പോൾ അതാ വരുന്നു വീരനായകനായി മരിയോ ഫെർണാണ്ടസ്. 2-2.

ഷൂട്ടൗട്ടിന്റെ സർവ സസ്പെൻസും കണ്ട നിമിഷങ്ങൾ. സ്പെയിനിനെ അനായാസം കീഴടക്കിയ വിദ്യ റഷ്യയെ പെട്ടെന്നു കൈവിട്ട പോലെ. ഒരു ദുർബല ഷോട്ട്. ഹീറോയിൽ നിന്നു വില്ലനായ പോലെ ഫെർണാണ്ടസ്. അതോ സെമി തൊട്ടടുത്തെന്ന ചിന്തയും ആർത്തിരമ്പുന്ന ആരാധകരും ചേർന്നു ചെലുത്തിയ സമ്മർദമോ... നാടകീയ നിമിഷങ്ങൾക്കൊടുവിൽ സൂപ്പർതാരം റാക്കിറ്റിച്ച് എടുത്ത അവസാന ഷോട്ട് വരെ നീണ്ട സസ്പെൻസിന് അവസാനം.

1998ൽ അരങ്ങേറ്റത്തിൽ കുതിച്ചെത്തിയതിനു ശേഷം വീണ്ടും ക്രോയേഷ്യ സെമിയിൽ. 1990ൽ അർജന്റീനയ്ക്കു ശേഷം ഒരേ ലോകകപ്പിൽ രണ്ടു വട്ടം ഷൂട്ടൗട്ടിൽ ജയം നേടുന്ന ആദ്യ ടീമും കൂടിയായി ക്രോയേഷ്യ. ഇനി എന്തോ കൽപ്പിച്ചുറച്ച പോലെ മുന്നേറുന്ന ഇംഗ്ളണ്ടുമായി മുഖാമുഖം. അരങ്ങേറ്റത്തിലെ മൂന്നാം സ്ഥാനത്തിനപ്പുറത്തേക്കു പോകുമോ ക്രോയേഷ്യ? പ്രവചനങ്ങളെ കടലിലെറിയുന്ന ലോകകപ്പാണിത്!
First published: July 8, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍