• HOME
  • »
  • NEWS
  • »
  • sports
  • »
  • S Sreesanth |'എന്റെ ബൗളിംഗ് കാണാതെ സ്‌കോര്‍ കാര്‍ഡ് മാത്രം നോക്കി എന്നെ എഴുതിത്തള്ളരുത്'; വീഡിയോ പങ്കുവെച്ച് ശ്രീശാന്ത്

S Sreesanth |'എന്റെ ബൗളിംഗ് കാണാതെ സ്‌കോര്‍ കാര്‍ഡ് മാത്രം നോക്കി എന്നെ എഴുതിത്തള്ളരുത്'; വീഡിയോ പങ്കുവെച്ച് ശ്രീശാന്ത്

തന്റെ ബൗളിംഗ് പ്രകടനം കാണാതെ സ്‌കോര്‍ കാര്‍ഡ് മാത്രം നോക്കി തന്നെ എഴുതിത്തള്ളരുതെന്ന് മലയാളി പേസര്‍ എസ്. ശ്രീശാന്ത്.

എസ് ശ്രീശാന്ത്

എസ് ശ്രീശാന്ത്

  • Share this:
    തന്റെ ബൗളിംഗ് പ്രകടനം കാണാതെ സ്‌കോര്‍ കാര്‍ഡ് മാത്രം നോക്കി തന്നെ എഴുതിത്തള്ളരുതെന്ന് മലയാളി പേസര്‍ എസ്. ശ്രീശാന്ത് (S Sreesanth). രഞ്ജി ട്രോഫിയിലെ (Ranji Trophy) ബൗളിങ്ങിന്റെ വീഡിയോ (Bowling video) പങ്കുവെച്ചാണ് ക്രിക്കറ്റിനായി ഇനിയും ഒരുപാട് ചെയ്യാന്‍ തനിക്ക് കഴിയും എന്ന് ശ്രീശാന്ത് പറയുന്നത്.

    നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന രഞ്ജി ട്രോഫിയില്‍ നിന്ന് പരിക്കേറ്റ് പിന്മാറിയതിന് പിന്നാലെയാണ് ശ്രീശാന്തിന്റെ പ്രതികരണം. 'കഴിഞ്ഞ മത്സരത്തില്‍ ന്യൂബോളില്‍ എന്റെ പ്രകടനമാണിത്. എന്റെ ബൗളിംഗ് കാണാതെ സ്‌കോര്‍ കാര്‍ഡ് മാത്രം നോക്കി ദയവു ചെയ്ത് എന്നെ എഴുതിത്തള്ളരുത്. നിങ്ങള്‍ എല്ലാവരോടും എനിക്ക് അതിരറ്റ ബഹുമാനവും സ്നേഹവുമുണ്ട്. ക്രിക്കറ്റിനായി ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ എനിക്കാകും. ഞാന്‍ ഒരിക്കലും പാതിവഴിയില്‍ നിര്‍ത്തിപ്പോകില്ല'- ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു.

    9 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കേരള രഞ്ജി ടീമില്‍ ഇടം പിടിച്ച ശ്രീശാന്ത് ആദ്യ മത്സരത്തില്‍ മേഘാലയയ്‌ക്കെതിരെ കളത്തിലിറങ്ങിയെങ്കിലും പിന്നാലെ പരിക്കേറ്റ് പുറത്താവുകയായിരുന്നു. ശ്രീശാന്തിന്റെ പ്രായവും ഇപ്പോള്‍ നേരിടുന്ന പരിക്കും ഫോം നഷ്ടവും തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലിനിടെയാണ് തിരിച്ചുവരുമെന്ന സൂചന നല്‍കി താരത്തിന്റെ പ്രഖ്യാപനം.


    ഈ കുറിപ്പിനൊപ്പം മേഘാലയയ്ക്കെതിരായ മത്സരത്തിലെ ബൗളിംഗിന്റെ വീഡിയോയും ശ്രീശാന്ത് പങ്കുവെച്ചു. നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷം ഈ മത്സരത്തിലൂടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്കു തിരിച്ചെത്തിയ ശ്രീശാന്ത് ഒന്നാം ഇന്നിങ്‌സില്‍ 11.5 ഓവറില്‍ രണ്ട് മെയ്ഡന്‍ ഓവറുകള്‍ സഹിതം 40 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഒന്‍പത് ഓവറില്‍ 57 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചുമില്ല. ഈ മത്സരം കേരളം ജയിച്ചിരുന്നു.

    Also read: Sreesanth | 'വിക്കറ്റിന് പ്രണാമം'; ഒമ്പത് വർഷത്തിനിടെ രഞ്ജിയിൽ ആദ്യ വിക്കറ്റ്; ശ്രീശാന്തിന്റെ ആഘോഷം വൈറൽ

    പരിശീലനത്തിനിടെയാണ് ശ്രീശാന്തിന് പരിക്കേറ്റത്. താരത്തിന്റെ പരിക്ക് സാരമുള്ളതാണെന്നും വിശ്രമം വേണമെന്നുമാണ് പുറത്തുവരുന്ന വിവരം. രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരായ മത്സരത്തിന് മുമ്പ് നടന്ന പരിശീലന സെഷനിടെ പരിക്കേറ്റതായും നടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ശ്രീശാന്ത് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇക്കാരണത്താല്‍ തന്നെ ഗുജറാത്തിനെതിരായ മത്സരത്തില്‍ താരം കളിച്ചിരുന്നില്ല. ആശുപത്രിയില്‍ കിടക്കുന്ന ചിത്രം ശ്രീശാന്ത് തന്നെ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു.
    Published by:Sarath Mohanan
    First published: