നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • T20 World Cup |ഇന്ത്യക്കായി രോഹിത്തിനൊപ്പം കോഹ്ലി ഓപ്പണ്‍ ചെയ്യണം; ബാറ്റിംഗ് ഓര്‍ഡറില്‍ അഭിപ്രായവുമായി എസ് ശ്രീശാന്ത്

  T20 World Cup |ഇന്ത്യക്കായി രോഹിത്തിനൊപ്പം കോഹ്ലി ഓപ്പണ്‍ ചെയ്യണം; ബാറ്റിംഗ് ഓര്‍ഡറില്‍ അഭിപ്രായവുമായി എസ് ശ്രീശാന്ത്

  ഈയിടെ ഇംഗ്ലണ്ടിനെതിരെ നടന്ന ട്വന്റി-20 പരമ്പരയില്‍ രോഹിത്തും കോഹ്ലിയും ഒരുമിച്ച് ഓപ്പണ്‍ ചെയ്തിരുന്നു.

  News18

  News18

  • Share this:
   ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ടി20 ലോകകപ്പിന്റെ(ICC T20 World Cup) കളിത്തട്ടുണരുകയാണ്. ടീമുകളെല്ലാം അവസാനവട്ട ഒരുക്കങ്ങളിലാണ്. ലോകകപ്പിന് മുന്നോടിയായി നടന്ന രണ്ട് സന്നാഹ മത്സരങ്ങളില്‍ കരുത്തരായ ഇംഗ്ലണ്ടിനെതിരെയും(England) ഓസ്ട്രേലിയയ്‌ക്കെതിരെയും (Australia) ആധികാരിക ജയങ്ങള്‍ നേടി ഇന്ത്യയും (India) തങ്ങളുടെ ഒരുക്കം ഗംഭീരമാക്കി. ലോകകപ്പില്‍ ഒക്ടോബര്‍ 24ന് പാകിസ്ഥാനുമായിട്ടാണ് (Pakistan) ഇന്ത്യയുടെ ആദ്യത്തെ മത്സരം. ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടമെന്ന നിലയിലാണ് ഈ മത്സരം ശ്രദ്ധ നേടുന്നത്.

   അതേസമയം, ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് എങ്ങനെയായിരിക്കുമെന്നാണ് ആരാധകര്‍ ആകാംഷയോടെ ഉറ്റുനോക്കുന്നത്. മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ എസ് ശ്രീശാന്ത്(S Sreesanth) പറയുന്നത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി(Virat Kohli) രോഹിത് ശര്‍മ്മ(Rohit Sharma)യോടൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യണമെന്നാണ്.

   'എനിക്ക് തോന്നുന്നത് വിരാട് കോഹ്ലി രോഹിത് ശര്‍മയോടൊപ്പം ഓപ്പണ്‍ ചെയ്യണമെന്നാണ്. അത് ഗംഭീരമാകും. കെഎല്‍ രാഹുല്‍ മൂന്നാമത് ഇറങ്ങണം. കാരണം ഇത് ട്വന്റി-20യാണ്. റിഷഭ് പന്ത് നാലാമതും കളിക്കണം'- ശ്രീശാന്ത് പറഞ്ഞു. 2007ല്‍ എം എസ് ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ പ്രഥമ ട്വന്റി-20 ലോകകപ്പ് നേടിയപ്പോള്‍ നിര്‍ണായക പ്രകടനം കാഴ്ചവച്ച താരമാണ് ശ്രീശാന്ത്.

   ഈയിടെ ഇംഗ്ലണ്ടിനെതിരെ നടന്ന ട്വന്റി-20 പരമ്പരയില്‍ രോഹിത്തും കോഹ്ലിയും ഒരുമിച്ച് ഓപ്പണ്‍ ചെയ്തിരുന്നു. അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ പേരുകേട്ട ബൗളിംഗ് നിരയെ കോഹ്ലിയും രോഹിത്തും ചേര്‍ന്ന് തകര്‍ത്തടിച്ചിരുന്നു. എന്നാല്‍ രോഹിത്തിനൊപ്പം രാഹുല്‍ തന്നെയാകും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക എന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ഇംഗ്ലണ്ടുമായുള്ള സന്നാഹത്തിന്റെ ടോസ് സമയത്തു തന്നെ രോഹിത്- രാഹുല്‍ സഖ്യമായിരിക്കും ലോകകപ്പില്‍ ഓപ്പണ്‍ ചെയ്യുകയെന്നും താന്‍ മൂന്നാം നമ്പറിലായിരിക്കും ഇറങ്ങുകയെന്നും ക്യാപ്റ്റന്‍ വിരാട് കോഹ്ലി വ്യക്തമാക്കിയിരുന്നു.

   സര്‍വ്വ സന്നാഹങ്ങളുമായി ഇന്ത്യ

   ചിരവൈരികളായ പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യത്തെ മത്സരം. ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യക്കെതിരെ ജയം നേടാന്‍ പാക് ടീമിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഏകദിന ലോകകപ്പുകളില്‍ ഇതുവരെ ഏഴ് തവണയാണ് ഇരുവരും നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ ഏഴ് തവണയും ഇന്ത്യക്കൊപ്പമായിരുന്നു ജയം. ടി20 ലോകകപ്പില്‍ അഞ്ച് തവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യയുടെ കൂടെ നിന്നു.

   അവസാനമായി 2019 ഏകദിന ലോകകപ്പിലാണ് പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഏറ്റുമുട്ടിയത്. രോഹിത് ശര്‍മ്മയുടെ സെഞ്ചുറി മികവില്‍ മത്സരത്തില്‍ 89 റണ്‍സിന്റെ ഏകപക്ഷീയ വിജയം ഇന്ത്യ നേടിയിരുന്നു.

   ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടത് മുതല്‍ ഇരുടീമുകളുടെയും ആരാധകര്‍ ആവേശത്തിലായിരുന്നു. ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങള്‍ കാരണം ഇരുവരും ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നേര്‍ക്കുനേര്‍ വരാറുള്ളത്. ചിരവൈരികളുടെ പോരാട്ടങ്ങള്‍ ഇതുവരെയും ആരാധകര്‍ക്ക് ആവേശ മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചിട്ടുള്ളത് എന്നതിനാല്‍ ഇരുവരും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരങ്ങള്‍ക്കായി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കാറുള്ളത്. ഇത്തവണത്തെ മത്സരത്തിനും ഈ ആവേശത്തിന് തെല്ലും കുറവില്ല.
   Published by:Sarath Mohanan
   First published:
   )}