നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • SA vs IND | രണ്ടാം ഇന്നിങ്സിൽ ആത്മവിശ്വാസത്തോടെ ബാറ്റ് വീശി ദക്ഷിണാഫ്രിക്ക; ഇന്ത്യക്ക് ചങ്കിടിപ്പ്

    SA vs IND | രണ്ടാം ഇന്നിങ്സിൽ ആത്മവിശ്വാസത്തോടെ ബാറ്റ് വീശി ദക്ഷിണാഫ്രിക്ക; ഇന്ത്യക്ക് ചങ്കിടിപ്പ്

    മൂന്നാം ദിനത്തിൽ കളി അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക

    Image: ESPN Cricinfo, Twitter

    Image: ESPN Cricinfo, Twitter

    • Share this:
      വാണ്ടറേഴ്‌സ് ടെസ്റ്റിൽ (Wanderers Test) ഇന്ത്യക്കെതിരെ 240 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക മികച്ച നിലയിൽ. ഇന്ത്യയെ 266 റൺസിൽ ഒതുക്കി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയർ മൂന്നാം ദിനത്തിൽ കളി അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് എന്ന നിലയിലാണ്. 46 റൺസോടെ ക്യാപ്റ്റൻ ഡീൻ എൽഗാർ, 11 റൺസോടെ റാസി വാൻ ഡർ ദസ്സൻ എന്നിവരാണ് ക്രീസിൽ. രണ്ട് ദിവസം കൂടി ശേഷിക്കെ വിജയത്തിന് 122 റൺസ് മാത്രം അകലത്തിലാണ് ദക്ഷിണാഫ്രിക്ക നിൽക്കുന്നത്.

      ഇന്ത്യ ഉയർത്തിയ 240 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കയ്ക്കായി ഓപ്പണര്‍മാരായ ഡീന്‍ എല്‍ഗാറും എയ്ഡന്‍ മാര്‍ക്രവും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. മാര്‍ക്രമായിരുന്നു കൂടുതല്‍ അപകടകാരി. ഏകദിന ശൈലിയില്‍ ബാറ്റുവീശിയ താരം ഒടുവിൽ ഷാർദുൽ ഠാക്കൂറിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്താവുകയായിരുന്നു. 38 പന്തിൽ 31 റൺസ് നേടിയ താരം ഒന്നാം വിക്കറ്റിൽ ഡീൻ എൽഗാറുമൊത്ത് 47റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് മടങ്ങിയത്.

      മാര്‍ക്രത്തിന് പകരം ക്രീസിലെത്തിയ കീഗന്‍ പീറ്റേഴ്‌സണും മികച്ച രീതിയിൽ ബാറ്റ് ചെയ്തതോടെ ഇന്ത്യ പ്രതിരോധത്തിൽ ആവുകയായിരുന്നു. ഇന്ത്യൻ പേസർമാരെ അനായാസം നേരിട്ട് മുന്നേറിയ ഇവർ സ്കോർബോർഡിലേക്ക് പെട്ടെന്ന് റൺസ് ചേർത്തുകൊണ്ടിരുന്നു. പേസർമാരുടെ ആക്രമണം ഫലിക്കാതെ വന്നതോടെ അശ്വിനെ പന്തേൽപ്പിക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റനായ കെ എൽ രാഹുൽ. ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ചുകൊണ്ട് അശ്വിന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 28 റണ്‍സെടുത്ത പീറ്റേഴ്‌സണെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന തോന്നൽ ഉയർന്നെങ്കിലും പീറ്റേഴ്സണ് പകരം ക്രീസിലെത്തിയ വാൻ ഡർ ദസ്സൻ എൽഗാറിന് മികച്ച പിന്തുണ നൽകിക്കൊണ്ട് ബാറ്റ് വീശിയതോടെ ഇന്ത്യക്ക് കാര്യമായ അവസരങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞില്ല.

      Also read- SA vs IND | രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 266ന് പുറത്ത്; വാണ്ടറേഴ്‌സിൽ ദക്ഷിണാഫ്രിക്കയ്ക്ക് 240 റൺസ് വിജയലക്ഷ്യം

      നേരത്തെ, 85ന് രണ്ട് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ ലഞ്ചിന് ശേഷം 266 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. അർധസെഞ്ചുറികൾ നേടിയ ചേതേശ്വർ പൂജാരയുടെയും (53) അജിങ്ക്യ രഹാനെയുടെയും (58) പുറത്താകാതെ 40 റൺസെടുത്ത ഹനുമ വിഹാരിയുടെയും ഇന്നിങ്‌സുകളാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.

      ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗിസോ റബാഡ, ലുങ്കി എന്‍ഗിഡി, മാര്‍ക്കോ ജാന്‍സണ്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഡ്യൂവാന്‍ ഒലിവിയര്‍ ശേഷിക്കുന്ന രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി.

      ഒന്നാം ടെസ്റ്റ് ജയിച്ച ഇന്ത്യക്ക് ഈ മത്സരത്തിൽ ജയിച്ചാൽ പരമ്പര സ്വന്തമാക്കാം. അതേസമയം, രണ്ട് ദിവസം ഇനിയും ബാക്കി നിൽക്കുന്നതിനാൽ സാവധാനം ബാറ്റ് ചെയ്ത് വിജയം നേടി പരമ്പരയിൽ ഒപ്പമെത്താനാകും ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുക.
      Published by:Naveen
      First published:
      )}