വാണ്ടറേഴ്സിൽ നടക്കുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക (SA vs IND) ടെസ്റ്റ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്ക് 240 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 266 റണ്‍സിന് പുറത്തായി. 239 റൺസിന്റെ ലീഡാണ് ഇന്ത്യ നേടിയത്. അർധസെഞ്ചുറികൾ നേടിയ ചേതേശ്വർ പൂജാരയുടെയും (53) അജിങ്ക്യ രഹാനെയുടെയും (58) പുറത്താകാതെ 40 റൺസെടുത്ത ഹനുമ വിഹാരിയുടെയും ഇന്നിങ്സുകളാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
രണ്ട് വിക്കറ്റ് നഷ്ടത്തിൽ 85 റൺസ് എന്ന നിലയിൽ മൂന്നാം ദിനത്തിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് വേണ്ടി രഹാനെയും പൂജാരയും മികച്ച രീതിയിൽ ബാറ്റ് ചെയ്തതോടെ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ചു. മൂന്നാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേർത്ത 111 റൺസാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ സ്കോറിന് അടിത്തറ പാകിയത്.
അർധസെഞ്ചുറി നേടിക്കൊണ്ട് മുന്നേറുകയായിരുന്ന രഹാനെയെ മടക്കി കാഗിസോ റബാഡയാണ് ഇന്ത്യയുടെ മുന്നേറ്റത്തിന് ബ്രേക്കിട്ടത്. മറുവശത്ത് പതിവില്‍ നിന്ന് വ്യത്യസ്തമായി ഏകദിന ശൈലിയില്‍ ബാറ്റുവീശിയ പൂജാര അതിവേഗം അർധസെഞ്ചുറിയിലേക്ക് എത്തി. എന്നാല്‍ അർധസെഞ്ചുറി തികച്ചതിന് പിന്നാലെ പ്രതിരോധത്തിലേക്ക് വലിഞ്ഞ പൂജാരയെവിക്കറ്റിന് മുന്നില്‍ കുടുക്കി റബാഡ ഇന്ത്യക്ക് അടുത്ത പ്രഹരം നൽകി.
പൂജാരയും രെഹാനെയും മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ ഋഷഭ് പന്തിലായിരുന്നു ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷ. എന്നാൽ നേരിട്ട മൂന്നാം പന്തില്‍ തന്നെ കൂറ്റനടിക്ക് ശ്രമിച്ച് താരം പുറത്തായത് ആരാധകർക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്. ഇതോടെ 163-2 എന്ന സ്കോറില്‍ നിന്ന് 167-5 എന്ന നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തുകയായിരുന്നു. പിന്നീട് വാലറ്റത്ത് അശ്വിനെയും (16) ഷാർദുൽ ഠാക്കൂറിനെയും (28) ജസ്പ്രീത് ബുമ്രയെയും (7) സിറാജിനെയും (0) കൂട്ടുപിടിച്ച് വിഹാരി നടത്തിയ ചെറുത്തുനിൽപ്പാണ് ഇന്ത്യയെ 266 ൽ എത്തിച്ചത്.
ഇതിൽ അവസാന വിക്കറ്റില്‍ സിറാജിനെ ഒരറ്റത്ത് നിര്‍ത്തി ഒറ്റയ്ക്ക് 21 റൺസ് നേടിയ വിഹാരിയുടെ പ്രകടനവും ഇന്ത്യൻ ഇന്നിങ്സിൽ നിർണായകമായി. സിറാജിനെ കൂടുതൽ നേരം നോൺ സ്ട്രൈക്ക് എൻഡിൽ നിർത്തി ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ട് നയിക്കുകയായിരുന്നു താരം ചെയ്തത്.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗിസോ റബാഡ, ലുങ്കി എന്‍ഗിഡി, മാര്‍ക്കോ ജാന്സണ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഡ്യൂവാന്‍ ഒലിവിയര്‍ ശേഷിക്കുന്ന രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി.
ഒന്നാം ടെസ്റ്റ് ജയിച്ച ഇന്ത്യക്ക് ഈ മത്സരത്തിൽ ജയിച്ചാൽ പരമ്പര സ്വന്തമാക്കാം. അതേസമയം, രണ്ട് ദിവസം ഇനിയും ബാക്കി നിൽക്കുന്നതിനാൽ സാവധാനം ബാറ്റ് ചെയ്ത് വിജയം നേടി പരമ്പരയിൽ ഒപ്പമെത്താനാകും ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.