ജൊഹാനസ്ബർഗ്: വാണ്ടറേഴ്സിലെ പച്ചപ്പുൽ മൈതാനത്ത് മീഡിയം പേസ് പന്തുകൾ കൊണ്ട് ഇന്ത്യയുടെ 'വണ്ടർ ബോയ്' ആയി ഇന്ത്യൻ താരം ഷാർദുൽ ഠാക്കൂർ (Shardul Thakur). ദക്ഷിണാഫ്രിക്കയും ഇന്ത്യയും (SA vs IND) തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 229 റൺസിന് പുറത്തായി. ഒന്നാം ഇന്നിങ്സിൽ 27 റൺസിന്റെ ലീഡാണ് ദക്ഷിണാഫ്രിക്ക നേടിയത്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 202 റൺസിന് പുറത്തായിരുന്നു.
കീഗൻ പീറ്റേഴ്സന്റെയും (62) തെംബ ബവുമയുടെയും (51) അർധസെഞ്ചുറികളുടെ കരുത്തിൽ മുന്നോട്ട് കുതിക്കുകയായിരുന്ന ദക്ഷിണാഫ്രിക്കയെ ഷാർദുൽ ഠാക്കൂറിന്റെ തകർപ്പൻ ബൗളിംഗ് പ്രകടനത്തിലൂടെ ഇന്ത്യ പിടിച്ചുകെട്ടുകയായിരുന്നു. 17.5 ഓവറിൽ 61 റൺസ് വഴങ്ങിയ ഷാർദുൽ ഏഴ് വിക്കറ്റുകളാണ് വീഴ്ത്തിയത്. തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഷാർദുൽ ഠാക്കൂർ പുറത്തെടുത്തത്.
ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് പീറ്റേഴ്സണും ക്യാപ്റ്റൻ എല്‍ഗറും ചേർന്ന് നൽകിയത്. കളിയുടെ നിയന്ത്രണം ദക്ഷിണാഫ്രിക്കയുടെ കൈകളിലേക്ക് പോകുമെന്ന് തോന്നിയ ഘട്ടത്തിൽ എൽഗാറെ പുറത്താക്കി ഷാർദുൽ ഠാക്കൂർ ഇന്ത്യക്ക് നിർണായക ബ്രേക്ക്ത്രൂ നൽകുകയായിരുന്നു. 28 റണ്‍സെടുത്ത എൽഗാറെ ഷാർദുൽ ഠാക്കൂര്‍ ഋഷഭ് പന്തിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ 74 റൺസ് ചേർത്തതിന് ശേഷമാണ് സഖ്യം വേർപിരിഞ്ഞത്.
എൽഗാർ പുറത്തായതിന് പിന്നാലെ തന്നെ പീറ്റേഴ്സൺ അർധസെഞ്ചുറി തികച്ചു. ടെസ്റ്റിൽ തന്റെ ആദ്യ അര്‍ധസെഞ്ചുറിയായിരുന്നു പീറ്റേഴ്സൺ കുറിച്ചത്. എന്നാൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച താരം വൈകാതെ പുറത്താവുകയായിരുന്നു. 118 പന്തുകളില്‍ നിന്ന് 62 റണ്‍സെടുത്ത പീറ്റേഴ്സണെ ഷാർദുൽ തന്നെയാണ് മടക്കിയത്. ഷാർദുലിന്റെ പന്തിൽ സ്ലിപ്പിൽ മായങ്ക് അഗർവാളിന്റെ ക്യാച്ചിലാണ് പീറ്റേഴ്സൺ പുറത്തായത്. അധികം വൈകാതെ തന്നെ വാൻ ഡർ ദസ്സനെയും മടക്കി ഷാർദുൽ ദക്ഷിണാഫ്രിക്കയ്ക്ക് അടുത്ത പ്രഹരമേൽപ്പിച്ചു. 17 പന്തുകളിൽ നിന്നും ഒരു റൺ എടുത്ത് നിൽക്കുകയായിരുന്ന വാന്‍ ഡര് ദസ്സനെ ഷാർദുൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ കൈകളിലേക്ക് എത്തിക്കുകയായിരുന്നു. പിന്നാലെ ഇരു ടീമുകളും ഉച്ചഭക്ഷണത്തിനായി പിരിഞ്ഞു.
ഉച്ചഭക്ഷണത്തിനുശേഷം ക്രീസിലൊന്നിച്ച തെംബ ബാവുമ-കൈല്‍ വെറെയ്ന്‍ സഖ്യം ദക്ഷിണാഫ്രിക്കയെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു. ശ്രദ്ധയോടെ ഇന്ത്യൻ ബൗളർമാരെ നേരിട്ട് മുന്നേറിയ ഇവർ അഞ്ചാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് മുന്നേറുന്നതിനിടെ വീണ്ടും ഷാർദുൽ ഠാക്കൂറിന്റെ ബൗളിങ്ങിൽ ഈ കൂട്ടുകെട്ട് പൊളിയുകയായിരുന്നു. 21 റണ്‍സെടുത്ത വെറെയ്നിനെ ഷാർദുൽ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. വേറെയ്ൻ മടങ്ങിയെങ്കിലും മറുവശത്ത് നിലയുറപ്പിച്ച് നിന്ന ബാവുമ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിനെ മുന്നോട്ട് ചലിപ്പിച്ചു. പിന്നാലെ താരം അർധസെഞ്ചുറിയും നേടി. അർധസെഞ്ചുറി തികച്ചതിന് പിന്നാലെ തന്നെ ബാവുമയെ മടക്കി ഷാർദുൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുകയും ചെയ്തു. പിന്നീട് ക്രീസിൽ എത്തിയ റബാഡയെ മടക്കി മുഹമ്മദ് ഷമി ദക്ഷിണാഫ്രിക്കയെ വരിഞ്ഞുമുറുക്കി.
എന്നാൽ പിന്നീട് ക്രീസിൽ ഒന്നിച്ച മാർക്കോ യാൻസെനും കേശവ് മഹാരാജു൦ നടത്തിയ ചെറിയ ചെറുത്തുനിൽപ്പിൽ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുകയായിരുന്നു. ഇന്ത്യക്ക് ഭീഷണി ഉയർത്തിക്കൊണ്ട് ഇരുവരും മുന്നോട്ട് നീങ്ങുന്നതിനിടെ കേശവ് മഹാരാജിനെ (21) ബൗൾഡാക്കി ബുംറ ഇവരുടെ ചെറുത്തുനിൽപ്പ് അവസാനിപ്പിക്കുകയായിരുന്നു. പിന്നാലെ തന്നെ മാർക്കോ യാൻസനേയും (21) റൺ എടുക്കുന്നതിന് മുൻപേ തന്നെ ലുങ്കി എൻഗിഡിയെയും പുറത്താക്കി ഷാർദുൽ ഠാക്കൂർ ഏഴ് വിക്കറ്റ് നേട്ടം പൂർത്തീകരിച്ചു.
ഷാർദുൽ ഏഴ് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയപ്പോൾ ഷമി രണ്ടും ബുംറ ഒരു വിക്കറ്റും വീഴ്ത്തി മികച്ച പിന്തുണ നൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.