• HOME
 • »
 • NEWS
 • »
 • sports
 • »
 • SA vs IND | വിമർശകരുടെ വായടപ്പിച്ച് പന്ത്; കേപ് ടൗൺ ടെസ്റ്റിൽ സെഞ്ചുറി; ഇന്ത്യക്ക് 211 റൺസ് ലീഡ്

SA vs IND | വിമർശകരുടെ വായടപ്പിച്ച് പന്ത്; കേപ് ടൗൺ ടെസ്റ്റിൽ സെഞ്ചുറി; ഇന്ത്യക്ക് 211 റൺസ് ലീഡ്

139 പന്തുകളിൽ നിന്നും ആറു ഫോറും നാല് സിക്‌സും സഹിതം പുറത്താകാതെ 100 റൺസ് നേടിയ പന്തിന്റെ ഇന്നിങ്‌സാണ് ഇന്ത്യയെ രക്ഷിച്ചത്

Image: BCCI, Twitter

Image: BCCI, Twitter

 • Last Updated :
 • Share this:
  ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് 212 റൺസ് വിജയലക്ഷ്യം. ഒന്നാം ഇന്നിങ്സിൽ 13 റൺസിന്റെ നേരീയ ലീഡോടെ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 198 റൺസിന് പുറത്തായി. ദക്ഷിണാഫ്രിക്കൻ ബൗളർമാർക്ക് മുന്നിൽ ഇന്ത്യയുടെ പേരുകേട്ട മുൻനിര മധ്യനിര ബാറ്റർമാരെല്ലാം പരാജയപ്പെട്ടപ്പോൾ ഇന്ത്യക്ക് രക്ഷയായത് യുവതാരം ഋഷഭ് പന്തിന്റെ ഇന്നിങ്‌സ്. ടെസ്റ്റ് കരിയറിൽ തന്റെ നാലാം സെഞ്ചുറിയുമായി ഇന്ത്യൻ ഇന്നിങ്സിന്റെ നെടുംതൂണായ പന്ത് 139 പന്തുകളിൽ നിന്നായി ആറു ഫോറും നാല് സിക്‌സും സഹിതം 100 റൺസ് നേടി പുറത്താകാതെ നിന്നു. ബാറ്റിങ്ങിൽ ഉത്തരവാദിത്തം കാട്ടുന്നില്ലെന്നും ഷോട്ട് സിലക്ഷനുമായി മോശമെന്നും സാഹചര്യം മനസ്സിലാക്കി കളിക്കുന്നില്ലെന്നുമുള്ള വിമർശനങ്ങൾക്കുള്ള മറുപടി കൂടിയായി കേപ് ടൗണിലെ ന്യൂലാൻഡ്സ് സ്റ്റേഡിയത്തിൽ താരം പൊരുതി നേടിയ ഈ സെഞ്ചുറി.

  മൂന്നാം ദിനത്തിൽ ഇന്ത്യയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു.മാർക്കോ യാൻസെന്റെ പന്തിൽ കീഗൻ പീറ്റേഴ്‌സന്റെ തകർപ്പൻ ക്യാച്ചിൽ പൂജാരയ്ക്ക് (33 പന്തില്‍ ഒമ്പത്) മടങ്ങേണ്ടി വന്നു. തലേദിവസത്തെ സ്കോറിലേക്ക് ഒരു റൺ പോലും ചേർക്കാൻ കഴിയാതെയാണ് താരം മടങ്ങിയത്. പൂജാരയ്ക്ക് പകരമെത്തിയ രഹാനെയ്ക്കും അധികം ആയുസ്സുണ്ടായിരുന്നില്ല. ഒമ്പത് പന്തുകളിൽ നിന്നും ഒരു റൺ മാത്രം നേടിയ താരത്തെ റബാഡ മടക്കി. പിന്നീട് അഞ്ചാം വിക്കറ്റിൽ വിരാട് കോഹ്‌ലിയും പന്തും കൂടി ഒത്തുചേർന്നതോടെയാണ് തകർച്ചയിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യ പതിയെ മത്സരത്തിലേക്ക് തിരിച്ചുവന്നത്. നാലിന് 58 റണ്‍സെന്ന നിലയിൽ തകർന്ന ഇന്ത്യയെ അഞ്ചാം വിക്കറ്റിലെ 94 റൺസിന്റെ കൂട്ടുകെട്ടിലൂടെ ഇരുവരും രക്ഷിച്ചെടുക്കുകയായിരുന്നു.

  ഋഷഭ് പന്ത് ഏകദിന ശൈലിയിൽ തകർത്തടിച്ചപ്പോൾ മറുവശത്ത് കോഹ്ലി പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. ഇരുവരും ചേർന്ന് പതിയെ കളം പിടിച്ചതോടെ ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി. ഒടുവിൽ 143 പന്തില്‍ 29 റണ്‍സ് എടുത്ത് നിൽക്കുകയായിരുന്ന കോഹ്‌ലിയെ പുറത്താക്കി എൻഗിഡി ഈ കൂട്ടുകെട്ട് പൊളിക്കുകയായിരുന്നു. കോഹ്‌ലിയെ മാർക്രത്തിന്റെ കൈയിലെത്തിച്ച എൻഗിഡി പിന്നാലെ തന്നെ അശ്വിനെയും (15 പന്തിൽ ഏഴ്) പുറത്താക്കി. ഇതോടെ ‌ആറിന് 162 റൺസ് എന്ന നിലയിലായി ഇന്ത്യ. ഒരുവശത്ത് പന്ത് നിലയുറപ്പിച്ച് കൊണ്ട് സ്കോർബോർഡ് ചലിപ്പിച്ചെങ്കിലും മറുവശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. ഷാർദുൽ ഠാക്കൂർ (13 പന്തിൽ അഞ്ച് റൺസ്) ഉമേഷ് യാദവ് (0), മുഹമ്മദ് ഷമി (0) എന്നിവർ പെട്ടെന്ന് മടങ്ങിയതോടെ അർഹിച്ച സെഞ്ചുറി പന്തിന് നഷ്ടമാകുമോയെന്ന ഭയം ഇന്ത്യൻ ക്യാമ്പിലും ആരാധകർക്കിടയിലും നിറഞ്ഞു. എന്നാൽ പതിനൊന്നാമനായ ജസ്പ്രീത് ബുംറയെ കൂട്ടുപിടിച്ച് പന്ത് സെ‌‍ഞ്ചുറി പൂർത്തിയാക്കുകയായിരുന്നു. പന്ത് സെഞ്ചുറി പൂർത്തിയാക്കിയതിന് പിന്നാലെ ബുംറയെ (2) യാൻസെൻ മടക്കിയതോടെ ഇന്ത്യയുടെ ഇന്നിങ്‌സ് 198 ൽ അവസാനിക്കുകയായിരുന്നു. ഓപ്പണർമാരായ കെ എൽ രാഹുൽ (22 പന്തിൽ 10), മയാങ്ക് അഗർവാൾ (15 പന്തിൽ ഏഴ്) എന്നിവർ രണ്ടാം ദിനം അവസാന സെ‌ഷനിൽ പുറത്തായിരുന്നു.

  ദക്ഷിണാഫ്രിക്കയ്ക്കായി മാർക്കോ യാൻസെൻനാലും ലുങ്കി എൻഗിഡി, കഗീസോ റബാഡ എന്നിവർ മൂന്നു വിക്കറ്റ് വീതവും വീഴ്ത്തി.

  മൂന്ന് മത്സര പരമ്പരയിൽ ഓരോ മത്സരം വീതം ഇരു ടീമുകളും ജയിച്ചതിനാൽ ഈ മത്സരം ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.
  Published by:Naveen
  First published: