നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • T20 World Cup | പരിക്കെങ്കില്‍ ഹാര്‍ദിക്കിനെ എന്തിന് ടീമിലെടുത്തു? ലോകകപ്പ് ടീം സെലക്ഷനെതിരെ മുന്‍ ഇന്ത്യന്‍ താരം

  T20 World Cup | പരിക്കെങ്കില്‍ ഹാര്‍ദിക്കിനെ എന്തിന് ടീമിലെടുത്തു? ലോകകപ്പ് ടീം സെലക്ഷനെതിരെ മുന്‍ ഇന്ത്യന്‍ താരം

  ഫോര്‍ ഓവര്‍ സ്പെഷ്യലിസ്റ്റ് ഓള്‍റൗണ്ടറായാണ് പാണ്ഡ്യ കളിക്കുകയെന്ന് ടീം പ്രഖ്യാപന വേളയില്‍ സെലക്ടര്‍മാര്‍ അറിയിച്ചിരുന്നു.

  ഹാർദിക് പാണ്ഡ്യ

  ഹാർദിക് പാണ്ഡ്യ

  • Share this:
   ഐ പി എല്ലിന്റെ രണ്ടാം പാദ മത്സരങ്ങള്‍ക്ക് മുന്‍പേ തന്നെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബി സി സി ഐ പ്രഖ്യാപിച്ചിരുന്നു. ടി20 പ്രതിഭകള്‍ നിറയെയുള്ള ഇന്ത്യയില്‍ നിന്നും 15 അംഗത്തെ തിരെഞ്ഞെടുക്കുക എന്നത് എന്നും ബി സി സി ഐയുടെ തലവേദനയാണ്. ഇപ്പോള്‍ ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരങ്ങളുടെ പ്രകടനം ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയരുന്നുമില്ല.

   ഒട്ടേറെ താരങ്ങള്‍ ഇനിയും ഫോമിലേക്കെത്തേണ്ടതുണ്ട്. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ പരിക്കാണ് മറ്റൊരു ആശങ്ക. ഐ പി എല്‍ പതിനാലാം സീസണിന്റെ രണ്ടാം ഘട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മൈതാനത്തിറങ്ങാന്‍ പാണ്ഡ്യക്കായിരുന്നില്ല. ഇതോടെ ടി20 ലോകകപ്പിലെ പാണ്ഡ്യയുടെ സ്ഥാനം ചോദ്യം ചെയ്യുകയാണ് ഇന്ത്യന്‍ മുന്‍താരം സാബാ കരീം.

   ഹാര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്നസ് പൂര്‍ണ ഫിറ്റല്ലെന്ന് ഉറപ്പായിട്ടും എന്തിനാണ് താരത്തെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത് എന്നതാണ് സാബായുടെ ചോദ്യം. ഫോര്‍ ഓവര്‍ സ്പെഷ്യലിസ്റ്റ് ഓള്‍റൗണ്ടറായാണ് പാണ്ഡ്യ കളിക്കുകയെന്ന് ടീം പ്രഖ്യാപന വേളയില്‍ സെലക്ടര്‍മാര്‍ അറിയിച്ചിരുന്നു.

   'ഹാര്‍ദിക് പാണ്ഡ്യ ടീമിലെ മികച്ച താരമാണ്. എന്നാല്‍ അദ്ദേഹം പൂര്‍ണ ആരോഗ്യവാനായിരിക്കുമ്പോഴാണോ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. അദേഹം പൂര്‍ണ ഫിറ്റാണെങ്കില്‍ പ്രശ്‌നമില്ല. എന്നാല്‍ അങ്ങനെയല്ലെങ്കില്‍ എപ്പോഴാണ് താരത്തിന് പരിക്ക് സംഭവിച്ചത്. പരിക്കിലാണ് താരമെങ്കില്‍ എന്തിനാണ് അദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പോകുകയും ഫിറ്റ്നസ് തെളിയിക്കുകയുമാണ് പൊതുനിയമം. ഈ നിയമം എല്ലാ താരങ്ങള്‍ക്കും ബാധകമാണ്. പാണ്ഡ്യയുടെ പരിക്കിന്റെ കാര്യത്തില്‍ എന്താണ് സംഭവിച്ചത് എന്ന് നമുക്ക് ശരിക്കും അറിയില്ല'- സാബാ കരീം പറഞ്ഞു.

   അതേസമയം യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷനെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയതിനെ സാബാ അനുകൂലിച്ചു. കഴിഞ്ഞ ഏകദിനങ്ങളിലും ടി20കളിലും കിഷന്റെ പ്രകടനങ്ങളാണ് കാരണമായി അദേഹം പറയുന്നത്.

   ഹാര്‍ദിക് പാണ്ഡ്യ വൈകാതെ ടീമില്‍ മടങ്ങിയെത്തുമെന്ന് ബൗളിംഗ് കോച്ച് ഷെയ്ന്‍ ബോണ്ട് പറഞ്ഞു. ഞായറാഴ്ച നടക്കുന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരായ മത്സരത്തില്‍ താരം കളിക്കുമെന്നും ബോണ്ട് അറിയിച്ചു. ഹാര്‍ദിക് പാണ്ഡ്യ നിലവില്‍ പരിശീലനം നടത്തുന്നുണ്ടെന്നും ട്വന്റി20 ലോകകപ്പിന് ഇന്ത്യന്‍ ടീമില്‍ കളിക്കേണ്ടതിന്റെ ആവശ്യകത ടീം മനസിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

   'ഹാര്‍ദിക് നന്നായി പരിശീലിക്കുന്നുണ്ട്. കളിക്കുന്നതിലേക്ക് അടുത്തെത്തിക്കഴിഞ്ഞു. മുംബൈ ഇന്ത്യന്‍സിനും ഇന്ത്യന്‍ ടീമിനും ബാലന്‍സ് നല്‍കാനാണ് ഞങ്ങളുടെ ശ്രമം. താരങ്ങളെ സംരക്ഷിക്കലാണ് ഞങ്ങളുടെ ഫ്രാഞ്ചൈസി നന്നായി ചെയ്യുന്ന ഒരു കാര്യം. ഐപിഎല്‍ വിജയിക്കുക മാത്രമല്ല, അടുത്ത മാസം ആരംഭിക്കുന്ന ടി-20 ലോകകപ്പും ഞങ്ങളുടെ പരിഗണനയിലുണ്ട്. അതുകൊണ്ട്, അടുത്ത മത്സരത്തില്‍ തന്നെ ഹാര്‍ദിക് പാണ്ഡ്യ കളിച്ചേക്കും.'- ബോണ്ട് പറഞ്ഞു
   Published by:Sarath Mohanan
   First published:
   )}