ഇന്ത്യൻ ക്രിക്കറ്റ് ടീം (Indian Cricket Team) 1983 ലോകകപ്പിൽ (1983 World Cup) നേടിയ ചരിത്ര വിജയത്തെ ആധാരമാക്കി എടുത്തിരിക്കുന്ന ചിത്രമായ
83 (83Movie) നാളെ തിയേറ്ററുകളിലെത്തുകയാണ്. കബീർ ഖാൻ സംവിധാനം ചെയ്ത ആരാധകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്.
ചിത്രത്തിൽ കപിൽ ദയവായി (Kapil Dev) വേഷമിടുന്നത് ബോളിവുഡ് താരം രൺവീർ സിങ്ങാണ് (Ranveer Singh). ചിത്രത്തിന്റെ പ്രൊമോഷണൽ പരിപാടിയുടെ ഭാഗമായി കഴിഞ്ഞ ദിവസം ഇന്ത്യ ടുഡേ ഒരുക്കിയ പ്രത്യേക അഭിമുഖത്തിൽ പങ്കെടുക്കവെ രൺവീർ സിങ് താൻ ചിത്രത്തിൽ കപിൽ ദേവിന്റെ ആക്ഷൻ അനുകരിക്കാൻ പുറത്തെടുത്ത പ്രയത്നത്തെ കുറിച്ച് വാചാലനായി.
ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളായ കപിൽ ദേവ്, ബാറ്റർമാർക്കും ബൗളർമാർക്കും ഒരുപോലെ പേടിസ്വപ്നമായിരുന്ന താരം, അത്തരമൊരു താരത്തെ വെള്ളിത്തിരയിൽ അഭിനയിച്ച് ഫലിപ്പിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നുവെന്നാണ് രൺവീർ പറയുന്നത്. അതിൽ ഏറ്റവും ബുദ്ധിമുട്ടേറിയത് അദ്ദേഹത്തിന്റെ ബൗളിംഗ് ആക്ഷൻ ആയിരുന്നു. തീർത്തും വ്യത്യസ്തകരമായ ബൗളിംഗ് ആക്ഷൻ, അതിൽ റണ്ണപ്പും പന്ത് റിലീസ് ചെയ്യുന്ന സമയത്തെ ആക്ഷനുമെല്ലാം അതുപോലെ പകർത്തുകയെന്നത് തീർത്തും ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും രൺവീർ പറഞ്ഞു.
കപിലിന്റെ ബൗളിംഗ് ആക്ഷൻ ശരിപ്പെടുത്തിയെടുക്കാൻ കഠിന പ്രയത്നമാണ് രൺവീർ നടത്തിയത്. ഇതിനായി നാലു മാസത്തോളം ദിവസവും നാലു മണിക്കൂർ നേരത്തെ പരിശീലനവും പിന്നീട് മൂന്ന് മാസത്തെ ഷൂട്ടിനിടയിലെ പരിശീലനവുമടക്കം ഏഴു മാസത്തോളം മണിക്കൂർ കണക്കിനാണ് കപിൽ ദേവിന്റെ ബൗളിംഗ് ആക്ഷൻ അനുകരിക്കുന്നതിനായി ചിലവഴിച്ചെതെന്ന് രൺവീർ പറഞ്ഞു.
ചിത്രത്തിൽ കപിൽ ദേവിന്റെ വേഷം അഭിനയിക്കുന്നതെന്ന് താനാണെന്ന് എല്ലാവരും ആദ്യം ചോദിച്ചത് കപിലിന്റെ ബൗളിംഗ് ആക്ഷൻ അനുകരിക്കുന്നതെങ്ങനെ എന്നതിനെ കുറിച്ചായിരുന്നുവെന്നും രൺവീർ വെളിപ്പെടുത്തി. ഇക്കൂട്ടത്തിൽ ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, ഹാർദിക് പാണ്ഡ്യ എന്നിവരും ഉണ്ടായിരുന്നെന്ന് രൺവീർ കൂട്ടിച്ചേർത്തു.
'അനുകരിക്കാൻ ബുദ്ധിമുട്ടിയത് അദ്ദേഹത്തിന്റെ ബൗളിങ് ആക്ഷനാണ്. ഏഴു മാസത്തോളം ദിവസവും നാലു മണിക്കൂറോളമാണ് ഞാൻ പന്തെറിഞ്ഞിരുന്നത്. തുടക്കത്തിൽ ഒന്നും ഒട്ടും ശരിയായിരുന്നില്ല. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ശൈലിയുണ്ടായിരുന്നു. സച്ചിൻ, ഹാർദിക് തുടങ്ങി ഞാൻ കണ്ടുമുട്ടുന്നവരെല്ലാം ബൗളിംഗ് ആക്ഷൻ എങ്ങനെ അനുകരിക്കുമെന്നതിനെ കുറിച്ചാണ് ചോദിച്ചിരുന്നത്.' - രൺവീർ പറഞ്ഞു.
ചിത്രം നാളെ തീയറ്ററുകളിൽ എത്താനിരിക്കെ വെള്ളിത്തിരയിലെ കപിലിനെയും കൂട്ടരേയും കാണാനും ഇന്ത്യയുടെ ചരിത്ര നേട്ടത്തിന്റെ വിജയഭേരി ഒരുവട്ടം കൂടി ആസ്വദിക്കാനായി ആരാധകർ ഒരുങ്ങി നിൽക്കുകയാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും. ദീപിക പദുക്കോൺ, കബീർ ഖാൻ, വിഷ്ണു വർധൻ ഇന്ദൂരി, സാജിദ് നദിയാദ്വാല, ഫാന്റം ഫിലിംസ്, റിലയൻസ് എന്റർടെയ്ൻമെന്റ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.
കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് 2020 ഏപ്രിലിൽ റിലീസ് ചെയ്ത ആദ്യ പ്രൊജക്റ്റുകളിൽ ഒന്നായിരുന്നു ഈ ബിഗ് ബജറ്റ്, മൾട്ടി-സ്റ്റാറർ സിനിമ. നിർമ്മാതാക്കൾ 2021 ജൂൺ 4ന് പുതിയ തീയതി പ്രഖ്യാപിച്ചിരുന്നു. ഇത് പാൻഡെമിക്കിന്റെ രണ്ടാം തരംഗത്തെത്തുടർന്ന് വീണ്ടും മാറ്റിവയ്ക്കേണ്ടി വന്നിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.