ഇന്ത്യയും ശ്രീലങ്കയും (India vs Sri Lanka) തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് (IND vs SL, 1st Test) മൊഹാലിയിൽ ആരംഭിച്ചിരിക്കുകയാണ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 18.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 80 റൺസ് എന്ന നിലയിലാണ്. രണ്ട് വിക്കറ്റ് നഷ്ടമായതോടെ ക്രീസിലേക്ക് എത്തിയ വിരാട് കോഹ്‌ലിയിലാണ് (Virat Kohli) ക്രിക്കറ്റ് ലോകത്തിന്റെ മുഴുവൻ കണ്ണുകളും. മൊഹാലിയിൽ തന്റെ 100ാം ടെസ്റ്റ് മത്സരത്തിനാണ് കോഹ്ലി ഇറങ്ങുന്നത്. ക്രിക്കറ്റ് കരിയറിലെ അത്യപൂർവമായ നാഴികക്കല്ല് പിന്നിടാൻ ഒരുങ്ങുന്ന കോഹ്‌ലി മത്സരത്തിൽ മികച്ച പ്രകടനം നടത്തുന്നത് കാണാനായാണ് ആരാധകരും കാത്തിരിക്കുന്നത്. ടെസ്റ്റിൽ നാഴികക്കല്ല് പൂർത്തിയാക്കുന്ന കോഹ്ലി ഈ മത്സരത്തിൽ സെഞ്ചുറി നേടി മൂന്ന് വർഷത്തോളമായി തുടരുന്ന തന്റെ സെഞ്ചുറി വരൾച്ചയ്ക്ക് അന്ത്യം കുറിക്കുമെന്ന പ്രതീക്ഷയിലും കൂടിയാണ് ആരാധകർ. കോഹ്ലി 100ാം ടെസ്റ്റ് മത്സരത്തിൽ എത്തിനിൽക്കുന്ന ഈ വേളയിൽ താരത്തെ കുറിച്ചുള്ള ആദ്യ ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ ടെണ്ടുൽക്കർ (Sachin Tendulkar).
കോഹ്‌ലിയുടെ പേര് ഉയർന്നുകേട്ടതെന്ന് എപ്പോഴെന്ന് വെളിപ്പെടുത്തുന്ന സച്ചിൻ പിന്നീട് കോഹ്‌ലിയുമൊത്ത് കളത്തിനകത്തും പുറത്തുമുള്ള അനുഭവങ്ങളും പങ്കുവെച്ചു. 100ാം ടെസ്റ്റ് മത്സരത്തിന് ഒരുങ്ങുന്ന കോഹ്‌ലിയെ അഭിനന്ദിച്ചുകൊണ്ടുള്ള വീഡിയോയിലാണ് പഴയകാല ഓർമ്മകൾ സച്ചിൻ പങ്കുവെച്ചത്.
'ഇന്ത്യന്‍ ടീമിനൊപ്പം 2007ല്‍ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുമ്പോഴായിരുന്നു കോഹ്‌ലിയെ കുറിച്ച് ആദ്യം കേള്‍ക്കുന്നത്. മലേഷ്യയില്‍ അണ്ടര്‍ 19 ലോകകപ്പ് കളിക്കുകയായിരുന്ന കോഹ്‌ലിയെ കുറിച്ച് സഹതാരങ്ങളില്‍ ചിലര്‍ സംസാരിക്കുന്നുണ്ടായിരുന്നു. ഈ കളിക്കാരനെ നോക്കിവെച്ചോ, വളരെ നന്നായി ബാറ്റ് ചെയ്യുന്ന ഇവൻ ഭാവിയിൽ ഇന്ത്യൻ ടീമിലെ താരമായി മാറുമെന്നായിരുന്നു അവര്‍ പറയുന്നുണ്ടായിരുന്നത്. പിന്നീട് ഒരുപാട് വർഷങ്ങൾക്ക് ശേഷം കോഹ്‌ലിക്കൊപ്പം കളിക്കാൻ എനിക്കായി. വളരെ കുറച്ച് കാല൦ മാത്രമേ ഒപ്പം കളിച്ചുള്ളൂവെങ്കിലും ആ ചുരുങ്ങിയ വേളയിൽ കോഹ്‌ലിയുടെ പ്രതിഭ അറിയാൻ കഴിഞ്ഞു.എല്ലാം പെട്ടെന്ന് തന്നെ ഗ്രഹിച്ച് എടുക്കാൻ ഒരു പ്രത്യേക കഴിവുണ്ടായിരുന്നു.' - സച്ചിൻ പറഞ്ഞു.
കരിയറിൽ റൺ നേട്ടത്തിൽ റെക്കോർഡുകൾ വാരിക്കൂട്ടി മുന്നേറിയ കോഹ്‌ലിയുടെ പ്രകടനങ്ങളെയും പ്രശംസിച്ച സച്ചിൻ കളിക്കളത്തിൽ ഫിറ്റ്നസിന്റെ കാര്യത്തിൽ കോഹ്ലി എടുത്ത തീരുമാനത്തേയും പ്രശംസിച്ചു. ഉയരങ്ങൾ കീഴടക്കാൻ കോഹ്ലി പ്രകടിപ്പിക്കുന്ന നിശ്ചയദാർഢ്യവും കളിയോടുള്ള അടങ്ങാത്ത അഭിനിവേശവും കൊണ്ട് താരം വരും തലമുറയ്ക്ക് റോൾ മോഡൽ തന്നെയാണെന്നും സച്ചിൻ കൂട്ടിച്ചേർത്തു.
അതേസമയം, ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറിയതിന് ശേഷമുള്ള ആദ്യ ടെസ്റ്റിനാണ് കോഹ്ലി ഇറങ്ങിയിരിക്കുന്നത്. 2019ന് ശേഷം സെഞ്ചുറി കണ്ടെത്താന്‍ കോഹ്ലിക്ക് കഴിഞ്ഞിട്ടില്ല. ഇതിനിടയിൽ ആറ് അർധസെഞ്ചുറികൾ നേടി സ്ഥിരതയുള്ള പ്രകടനം തന്നെയായിരുന്നു കോഹ്‌ലിയുടേതെങ്കിലും ആരാധകരുടെ നിരാശ അവസാനിക്കണമെങ്കിൽ അവർ കിംഗ് കോഹ്ലി എന്ന് വിളിക്കുന്ന താരത്തിന്റെ ബാറ്റിൽ നിന്നും ഒരു ഉശിരൻ സെഞ്ചുറി തന്നെ പിറക്കണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.