• HOME
 • »
 • NEWS
 • »
 • sports
 • »
 • 'വര്‍ഷങ്ങളോളം നന്നായി ഉറങ്ങാന്‍ പോലും സാധിച്ചിരുന്നില്ല', സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ വെളിപ്പെടുത്തല്‍

'വര്‍ഷങ്ങളോളം നന്നായി ഉറങ്ങാന്‍ പോലും സാധിച്ചിരുന്നില്ല', സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ വെളിപ്പെടുത്തല്‍

രാത്രിയില്‍ ഉറക്കം ലഭിക്കാതിരുന്നപ്പോള്‍ മനസ്സിനെ ശാന്തമാക്കുന്നതിനു വേണ്ടി രാത്രി വൈകി വരെ ടിവി കണ്ടും, പുലര്‍ച്ചെ എണീറ്റ് വീഡിയോ ഗെയിം കളിച്ചുമാണ് ഈ മോശം അവസ്ഥയെ മറികടന്നതെന്ന് സച്ചിന്‍ പറഞ്ഞു.

സച്ചിൻ ടെൻഡുൽക്കർ

സച്ചിൻ ടെൻഡുൽക്കർ

 • Last Updated :
 • Share this:
  'ക്രിക്കറ്റിന്റെ ദൈവം' എന്ന വിശേഷണമുള്ള വ്യക്തിയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭൂരിഭാഗം റെക്കോര്‍ഡുകളും സച്ചിന്‍ കരിയര്‍ അവസാനിപ്പിക്കുന്നതിന് മുന്‍പ് തന്റെ പേരിലാക്കിയിരുന്നു. 200 ടെസ്റ്റുകളിലും, 463 ഏകദിന മത്സരങ്ങളിലും ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിച്ച സച്ചിന്‍ 34,000ത്തിലധികം റണ്‍സ് കരിയറില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. 100 അന്താരാഷ്ട്ര സെഞ്ച്വറികളെന്ന സച്ചിന്റെ റെക്കോര്‍ഡിനെ മറികടക്കാന്‍ ഇതുവരെ ഒരു ക്രിക്കറ്റ് താരത്തിനും കഴിഞ്ഞിട്ടില്ല.

  ഇപ്പോഴിതാ കരിയറിന്റെ തുടക്കത്തില്‍ നേരിട്ട പ്രയാസങ്ങളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് സച്ചിന്‍. കരിയറിന്റെ തുടക്ക കാലങ്ങളില്‍ ഉറങ്ങാന്‍ പോലും സാധിക്കാതിരുന്ന ഓര്‍മകളാണ് അദ്ദേഹം പങ്കു വെച്ചിരിക്കുന്നത്.

  'ഏതെങ്കിലും ഒരു കാര്യത്തിലേക്ക് മാത്രം നമ്മള്‍ എല്ലാ ശ്രദ്ധയും നല്‍കിയാല്‍ അതിനെക്കുറിച്ച് മാത്രമാവും എപ്പോഴും ചിന്തിക്കുക. എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം നടത്തണമെന്നാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. ബൗളര്‍മാരെ എങ്ങനെ നേരിടുമെന്ന് തുടര്‍ച്ചയായി ചിന്തിച്ചുകൊണ്ടേയിരുന്നു. എവിടെയായിരിക്കും ബൗളര്‍ പന്തെറിയുക? എങ്ങനെ നേരിടും? ഇതൊക്കെ ഞാന്‍ ചിന്തിച്ചുകൊണ്ടേയിരുന്നു. ഇങ്ങനെ നിരന്തരം ചിന്തിച്ചതോടെ ഉറക്കം നഷ്ടപ്പെട്ടു. ഒരുപാട് വര്‍ഷങ്ങള്‍ എനിക്ക് ഇങ്ങനെയായിരുന്നു. പിന്നീട് ഇതിനെ അതിജീവിച്ച് പൊരുത്തപ്പെടാനായി. രാത്രിയില്‍ എണീറ്റാലും ടിവി കാണുകയോ പാട്ട് കേള്‍ക്കുകയോ ചെയ്യും.ഇങ്ങനെ ഉറക്കം നഷ്ടപ്പെടുന്നത് മത്സരത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പ് മാത്രമാണെന്ന് ചിന്തിച്ചു'- സച്ചിന്‍ പറഞ്ഞു.

  ഈ ഉറക്കമില്ലായ്മ കരിയറിലുടെനീളം ഉണ്ടായിരുന്നതായും സച്ചിന്‍ പറഞ്ഞു. വിക്കറ്റുകള്‍ നഷ്ടമായ സമയത്ത് ഈ ഉറക്കമില്ലായ്മ കൂടുതലായിരുന്നു. ആ സമയത്ത് സഹോദരനോട് ഇക്കാര്യം ചര്‍ച്ച ചെയ്തു. സഹോദരന്‍ നല്‍കിയ ചില ഉപദേശങ്ങളും ഉത്കണ്ഠയെ മറികടക്കാന്‍ സഹായിച്ചിരുന്നതായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വ്യക്തമാക്കി.

  ഈയിടെ അണ്‍അക്കാദമിക്ക് നല്‍കിയ ഒരു അഭിമുഖത്തിലും തന്റെ കരിയറില്‍ താന്‍ കടന്നുപോയ മോശം അവസ്ഥകളെക്കുറിച്ച് സച്ചിന്‍ പറന്നിരുന്നു. ശാരീരികമായി മാത്രമല്ല ഒരു മല്‍സരത്തിനു മുമ്പ് മാനസികമായും നമ്മള്‍ കരുത്ത് നേടേണ്ടതുണ്ട്. ഈ യാഥാര്‍ഥ്യം ഒരു സമയത്തു ഞാനും തിരിച്ചറിഞ്ഞിരുന്നു. ശരീരത്തിനൊപ്പം മനസും പൂര്‍ണമായും ആരോഗ്യത്തോടെ നിലനിര്‍ത്തുകയെന്നത് വളരെ പ്രധാനമാണ്. രാത്രിയില്‍ ഉറക്കം ലഭിക്കാതിരുന്നപ്പോള്‍ മനസ്സിനെ ശാന്തമാക്കുന്നതിനു വേണ്ടി രാത്രി വൈകി വരെ ടിവി കണ്ടും, പുലര്‍ച്ചെ എണീറ്റ് വീഡിയോ ഗെയിം കളിച്ചുമാണ് ഈ മോശം അവസ്ഥയെ മറികടന്നതെന്ന് സച്ചിന്‍ പറഞ്ഞു.

  'രാവിലെ എഴുന്നേറ്റ ശേഷം ഒരു കപ്പ് ചായ സ്വയമുണ്ടാക്കുന്നത് പോലും മല്‍സരത്തിനു തയ്യാറെടുക്കാന്‍ എന്നെ സഹായിച്ചിരുന്നു. കൂടാതെ, വസ്ത്രങ്ങള്‍ ഇസ്തിരിയിടുന്നതും അലക്കുന്നതുമെല്ലാം കളിക്കു തയ്യാറെടുക്കാന്‍ എന്നെ സഹായിച്ച കാര്യങ്ങളാണ്. മത്സരത്തിന്റെ തലേദിവസം തന്നെ ഞാന്‍ എന്റെ ക്രിക്കറ്റ് ബാഗ് തയ്യാറാക്കി വെക്കുമായിരുന്നു. ഇക്കാര്യങ്ങളെല്ലാം എന്നെ പഠിപ്പിച്ചത് സഹോദരനായിരുന്നു. പിന്നീടുള്ള തന്റെ കരിയറില്‍ ഇവയെല്ലാം ശീലമായി മാറുകയും ചെയ്തു. ഇന്ത്യക്കു വേണ്ടി കരിയറിലെ അവസാനത്തെ മല്‍സരത്തില്‍ കളിക്കുന്നതിനു മുമ്പും ഞാന്‍ ഇതെല്ലാം പിന്തുടര്‍ന്നിരുന്നു.'- സച്ചിന്‍ വിശദമാക്കി.
  Published by:Sarath Mohanan
  First published: