ക്രിക്കറ്റിന്റെ ദൈവം എന്ന വിശേഷണമുള്ള വ്യക്തിയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് തെണ്ടുല്‍ക്കര്‍. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭൂരിഭാഗം റെക്കോര്‍ഡുകളും സച്ചിന് കരിയര്‍ അവസാനിപ്പിക്കുന്നതിന് മുന്‍പ് തന്റെ പേരിലാക്കിയിരുന്നു. 200 ടെസ്റ്റുകളിലും, 463 ഏകദിന മത്സരങ്ങളിലും ഇന്ത്യന്‍ ജേഴ്സിയില്‍ കളിച്ച സച്ചിന് 34,000ത്തിലധികം റണ്‍സ് കരിയറില്‍ സ്കോര്‍ ചെയ്തിട്ടുണ്ട്. ക്രിക്കറ്റിനെ ഒരു മതമായും സച്ചിനെ അതിന്റെ ദൈവമായുമാണ് ഇന്ത്യന്‍ ആരാധകര്‍ കാണുന്നത്. മടല് ബാറ്റില്‍ എം ആര് എഫ് എന്നെഴുതാന്‍ പ്രേരിപ്പിച്ച ഇതിഹാസം അവര്‍ക്ക് ദൈവം തന്നെയായിരുന്നു.
ഇപ്പോള്‍ തന്റെ 24 വര്‍ഷം നീണ്ട കരിയറില്‍ തനിക്ക് രണ്ടു കാര്യങ്ങളില്‍ നിരാശയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സച്ചിന് തെണ്ടുല്‍ക്കര്‍. ഒന്നാമത്തെ കാര്യം തന്റെ ആരാധനാപാത്രമായ സുനില്‍ ഗവാസ്കറിനൊപ്പം ഒരുമിച്ച് കളിക്കാന്‍ കഴിഞ്ഞില്ല എന്നതാണ്. 'എനിക്ക് ഒരിക്കല്‍ പോലും ഗവാസ്കറിനൊപ്പം ഇന്ത്യക്കു വേണ്ടി കളിക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ല. ക്രിക്കറ്റിലേക്കു വരുമ്പോള്‍ അദ്ദേഹമായിരുന്നു എന്റെ ബാറ്റിങ് ഹീറോ. പക്ഷെ ഗവാസ്കറിന്റെ കൂടെ കളിക്കാന്‍ കഴിഞ്ഞില്ലെന്നതു എന്നെ ഇപ്പോഴും ദുഃഖിപ്പിക്കുന്നു. ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്നതിനു കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു അദ്ദേഹം വിരമിച്ചത്'- സച്ചിന് പറഞ്ഞു.
രണ്ടാമതായി സച്ചിന് പറഞ്ഞത്, വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സനെതിരേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല എന്നതാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിനായില്ലെന്നത് ഇപ്പോഴും ദുഖമായി നിലനില്ക്കുന്നു. പക്ഷെ കൗണ്ടി ക്രിക്കറ്റില്‍ കുട്ടിക്കാലം മുതലുള്ള ഹീറോയായ റിച്ചാര്‍ഡ്സിനെതിരേ കളിക്കാന്‍ എനിക്കു ഭാഗ്യമുണ്ടായി. 1991ല്‍ സര് റിച്ചാര്‍ഡ്സ് വിരമിക്കുമ്പോഴേക്കും ഞാന്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം നടത്തിയിരുന്നു. പക്ഷേ ഒരിക്കല്‍പ്പോലും നേര്‍ക്കുനേര്‍ കളിച്ചിട്ടില്ലെന്നും സച്ചിന് വിശദമാക്കി.
സ്വപ്നതുല്യമായ കരിയര്‍ സച്ചിന് അവസാനിപ്പിച്ചത് 2013ലാണ്. 16ആം വയസില്‍ തുടങ്ങിയ കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ ഒരു പിടി റെക്കോര്‍ഡുകള്‍ അദ്ദേഹം കൈപ്പിടിയില്‍ ആക്കിയിരുന്നു. റെക്കോര്‍ഡുകള്‍ വാരിക്കൂട്ടുമ്പോഴും ലോകകപ്പ് സച്ചിന് കിട്ടാക്കനി ആയി തുടരുകയായിരുന്നു. എന്നാല്‍ 2011ല്‍ എം എസ് ധോണിയുടെ നേതൃത്വത്തില്‍ ഉള്ള സംഘം കിരീടം വെക്കാത്ത രാജാവായി കരിയര്‍ അവസാനിപ്പിക്കേണ്ടി വരുമായിരുന്ന ക്രിക്കറ്റിലെ ദൈവത്തിനെ ഒരു ലോക ചാമ്പ്യന്‍ പട്ടം നേടിക്കൊടുത്തു. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയടിച്ച ആദ്യത്തെ താരമെന്ന ലോക റെക്കോര്‍ഡിന് ഉടമയായ അദ്ദേഹം ഏകദിനത്തില്‍ മാത്രം 49 സെഞ്ച്വറികളും 96 ഫിഫ്റ്റികളുമടിച്ചിട്ടുണ്ട്. 18,463 റണ്‍സാണ് ഏകദിനത്തില്‍ സച്ചിന്റെ സമ്പാദ്യം. ടെസ്റ്റ് ക്രിക്കറ്റില്‍ 51 സെഞ്ച്വറികളും 68 ഫിഫ്റ്റികളുമടക്കം 15,921 റണ്‍സ് സച്ചിന് നേടിയിട്ടുണ്ട്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.