എഫ്സി ബാഴ്സലോണയിൽ നിന്ന് പടിയിറങ്ങിയ ലയണൽ മെസിയുടെ വികാരനിർഭരമായ വിടവാങ്ങൽ പ്രസംഗം ആരാധകരുടെ കണ്ണുകളും നിറച്ചിരുന്നു. എന്നാൽ ലയണൽ മെസി തന്റെ കണ്ണുനീർ തുടയ്ക്കാൻ ഉപയോഗിച്ച ടിഷ്യു ഒരു മില്യൺ ഡോളറിന് (ഏകദേശം 7,42,84,000 കോടി രൂപയ്ക്ക്) വിൽപ്പനയ്ക്ക് വച്ചതായി റിപ്പോർട്ട്.
ഈ സീസണിൽ എഫ്സി ബാഴ്സലോണയിൽ നിന്ന് പാരീസ് സെന്റ് ജെർമെയ്നിലേക്കുള്ള മെസിയുടെ മാറ്റം ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരിൽ ഞെട്ടലുണ്ടാക്കിയിരുന്നു.
വിടവാങ്ങൽ പ്രസംഗത്തിൽ, ക്ലബ് വിടുന്നതിന്റെ വിഷമം പ്രകടിപ്പിച്ച മെസിക്ക് തന്റെ കണ്ണുനീർ അടക്കാനാകാതെ വന്നപ്പോൾ, ഭാര്യ അന്റോണെല്ല കണ്ണുനീർ തുടയ്ക്കാൻ ഒരു ടിഷ്യു പേപ്പർ നൽകിയിരുന്നു.
കംപ്ലീറ്റ് സ്പോർട്സ് റിപ്പോർട്ട് അനുസരിച്ച് അതേ പത്രസമ്മേളനത്തിന്റെ മുൻ നിരയിൽ ഇരുന്ന ഒരാൾ മെസി കളഞ്ഞ ടിഷ്യു പേപ്പർ എടുത്തു. റോജക്ഡെയ്‌ലി റിപ്പോർട്ട് പ്രകാരം മൈക്കെഡുവോയിൽ ടിഷ്യു ലേലത്തിന് വച്ച വ്യക്തി, ടിഷ്യുവിൽ മെസിയുടെ ജനിതക ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. അതുവഴി മെസിയെ പോലുള്ള ഒരു ഫുട്ബോൾ കളിക്കാരനെ ക്ലോൺ ചെയ്യാൻ സാധിക്കുമെന്നും അവകാശപ്പെടുന്നു.
അതേസമയം, അർജന്റീനിയൻ മാസ്റ്റർ ക്ലബിനായി സൈൻ അപ്പ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ പിഎസ്ജി 10 ലക്ഷത്തോളം ലയണൽ മെസി ജേഴ്സികൾ അവരുടെ സ്റ്റോറുകളിലും ഓൺലൈനിലുമായി വിറ്റു. ഓരോ മെസി ഷർട്ടിനും 115 മുതൽ 165 യൂറോ വരെയാണ് വില. അർജന്റീനിയൻ ജേഴ്സികളേക്കാൾ വിലയുണ്ട് ഈ ജേഴ്സികൾക്ക്. പിഎസ്ജി മൂന്ന് ദിവസത്തിനുള്ളിൽ 100,000,000 ഡോളർ സമ്പാദിച്ചു എന്നാണ് വിവരം.
കൊറോണ പശ്ചാത്തലത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ബാഴ്‌സലോണ അടക്കമുള്ള ക്ലബുകൾ നേരിടുന്നത്. നിശ്ചിത പരിധിക്കപ്പുറമുള്ള തുക കളിക്കാർക്കായി ചെലവഴിക്കാനുമാകില്ല. മറ്റ് താരങ്ങളുടെ വേതനം കുറയക്കാനും ചില കളിക്കാരെ കൈമാറ്റം ചെയ്യാനും ബാഴ്‌സ നടത്തിയ നീക്കങ്ങൾ വിജയം കണ്ടിരുന്നില്ല.
21 വർഷം മുമ്പ് പതിമൂന്നാം വയസിൽ ബാഴ്‌സ അക്കാദമിയിലെത്തിയ മെസി, മറ്റൊരു ക്ലബിന് വേണ്ടിയും ഇതുവരെ ബൂട്ടണിഞ്ഞിട്ടില്ല. കറ്റാലൻ ക്ലബിനായി ഏറ്റവും കൂടുതൽ മത്സരം കളിച്ചതും ഏറ്റവുമധികം ഗോളടിച്ചതും മെസിയാണ്. 778 കളികളിൽ നന്ന് 672 ഗോൾ. ഇക്കാലയളവിൽ 10 സ്പാനിഷ് ലീഗും 4 ചാമ്പ്യൻസ് ട്രോഫിയുമടക്കം നിരവധി കിരീടങ്ങളാണ് മെസിയുടെ മികവിൽ ബാഴ്‌സ സ്വന്തമാക്കിയത്. ബാഴ്‌സയുടെ കുപ്പായത്തിൽ മാത്രം തിളങ്ങുന്നവെന്ന വിമർശനങ്ങൾക്കിടെ മെസി കോപ്പ അമേരിക്ക കിരീടം നേടിയത് കഴിഞ്ഞ മാസമാണ്. താരത്തെ നിലനിർത്താൻ ബാഴ്സക്കും ക്ലബിനൊപ്പം തുടരാൻ മെസിക്കും താൽപര്യം ഉണ്ടായിരുന്നുവെന്നും, എന്നാൽ ലാ ലിഗ നിയമങ്ങളാണ് അതിനു തടസം സൃഷ്ടിച്ചതെന്നും പ്രതികരിച്ച് ക്ലബ് പ്രസിഡന്റ് യോൻ ലപോർട്ട രംഗത്തെത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Lionel messi, Sale, Tissue paper