• HOME
 • »
 • NEWS
 • »
 • sports
 • »
 • മുൻ പാക് നായകൻ വസീം അക്രത്തിന്റെ ആരോപണം;' സലീം മാലിക് വേലക്കാരനോടെന്ന പോലെ പെരുമാറി'

മുൻ പാക് നായകൻ വസീം അക്രത്തിന്റെ ആരോപണം;' സലീം മാലിക് വേലക്കാരനോടെന്ന പോലെ പെരുമാറി'

"എന്നെക്കൊണ്ട് സ്വന്തം വേലക്കാരനെപ്പോലെ പണിയെടുപ്പിച്ചു. അദ്ദേഹത്തിൻെറ ബൂട്ടുകളും വസ്ത്രങ്ങളും കഴുകാൻ ആജ്ഞാപിച്ചു”

 • Share this:

  പാകിസ്താൻ ക്രിക്കറ്റർ സലീം മാലിക്കിനെതിരെ (Saleem Malik) ഗുരുതര ആരോപണങ്ങളുമായി മുൻ നായകനും സഹതാരവുമായിരുന്ന വസീം അക്രം (Wasim Akram). തൻെറ കരിയറിൻെറ തുടക്കത്തിൽ സലിം മാലിക്ക് തന്നോട് വേലക്കാരനോടെന്ന പോലെയാണ് പെരുമാറിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. 1984ലാണ് അക്രം തൻെറ അന്താരാഷ്ട്ര കരിയർ ആരംഭിക്കുന്നത്. തൻെറ ബൂട്ടുകളും വസ്ത്രങ്ങളും കഴുകിവെക്കാൻ മാലിക് ആവശ്യപ്പെടാറുണ്ടായിരുന്നുവെന്നാണ് അക്രത്തിൻെറ വെളിപ്പെടുത്തൽ. സുൽത്താൻ എ മെമ്മോയർ എന്ന തൻെറ ജീവചരിത്ര പുസ്തകത്തിലാണ് അക്രം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

  “ഒരു ജൂനിയർ കളിക്കാരൻ ആയതിനാൽ എന്നെ പരമാവധി മുതലെടുക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അദ്ദേഹം സ്വാർഥനും മോശം വ്യക്തിയുമായിരുന്നു. എന്നെക്കൊണ്ട് സ്വന്തം വേലക്കാരനെപ്പോലെ പണിയെടുപ്പിച്ചു. അദ്ദേഹത്തിൻെറ ബൂട്ടുകളും വസ്ത്രങ്ങളും കഴുകാൻ ആജ്ഞാപിച്ചു,” അക്രത്തിൻെറ ജീവചരിത്ര പുസ്തകത്തിൽ വിവരിക്കുന്നതായി പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

  “റമീസ്, താഹിർ, മൊഹ്സിൻ, ഷോയിബ് മുഹമ്മദ് തുടങ്ങിയ യുവതാരങ്ങൾ എന്നെ നൈറ്റ് ക്ലബ്ബിൽ പോവാൻ ക്ഷണിച്ചപ്പോഴും എനിക്ക് ദേഷ്യമാണ് തോന്നിയത്,” അക്രം കൂട്ടിച്ചേർത്തു. 1992 മുതൽ 1995 വരെ മാലിക്കിൻെറ നേതൃത്വത്തിലുള്ള ടീമിലാണ് അക്രം കളിച്ചിരുന്നത്. ഇരുതാരങ്ങളും തമ്മിൽ അത്ര നല്ല ബന്ധമല്ല ഉള്ളതെന്ന് അന്ന് തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

  അതേസമയം, അക്രത്തിൻെറ ആരോപണങ്ങളെല്ലാം സലീം മാലിക്ക് നിഷേധിച്ചു. അക്രം സ്വന്തം പുസ്തകത്തിൻെറ പ്രമോഷന് വേണ്ടി ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ് എന്നാണ് മാലിക്കിൻെറ പ്രതികരണം. “ഞാൻ അദ്ദേഹത്തെ വിളിക്കാൻ ശ്രമിച്ചുവെങ്കിലും കോൾ എടുത്തില്ല. ഇങ്ങനെയൊക്കെ എഴുതാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച കാര്യം എന്താണെന്ന് അറിയാൻ എനിക്ക് ആഗ്രഹമുണ്ട്,” സലീം മാലിക് പറഞ്ഞതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

  “ഞാൻ സ്വാർഥനും സങ്കുചിതമായി ചിന്തിക്കുന്നയാളും ആയിരുന്നെങ്കിൽ അവന് പന്തെറിയാൻ അവസരം നൽകുമായിരുന്നോ? എന്നെക്കുറിച്ച് എന്ത് കൊണ്ട് ഇങ്ങനെയൊക്കെ എഴുതിയെന്ന് ഞാൻ അവനോട് ചോദിക്കും,” മാലിക് കൂട്ടിച്ചേർത്തു.

  Also Read- അർജന്റീനയെ തോൽപ്പിച്ച സൗദി താരങ്ങൾക്ക് റോൾസ് റോയ്സോ? വാർത്തയ്ക്ക് പിന്നിലെ വാസ്തവമെന്ത്?

  പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം താൻ ഏറ്റെടുക്കില്ലെന്ന് വസീം അക്രം ഇക്കഴിഞ്ഞ വ‍ർഷം പറഞ്ഞിരുന്നു. പാകിസ്താനിലെ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അക്രം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ഒരു ദേശീയ ടീമിന്റെയും പരിശീലക സ്ഥാനത്ത് തന്നെ കാണാൻ സാധിക്കുകയില്ല എന്ന് പറഞ്ഞ അക്രമിനോട്, എങ്കില്‍ പാകിസ്താൻ ടീമിന്റെ പരിശീലകനായിക്കൂടെ എന്ന അവതാരകയുടെ ചോദ്യത്തിന് അതൊരിക്കലും നടക്കില്ല എന്നാണ് അക്രം മറുപടി നൽകിയത്.

  പാകിസ്താൻ ടീമിന്റെ കളിക്കാരോടും പരിശീലകനോടും പാക് ആരാധകർ എത്ര മോശമായാണ് പെരുമാറുന്നതെന്ന് താന്‍ സമൂഹ മാധ്യമങ്ങളിലൂടെ സ്ഥിരം കാണാറുണ്ടെന്നും ഇതറിഞ്ഞ് കൊണ്ട് എന്തിന് താൻ പരിശീലക സ്ഥാനം ഏറ്റെടുക്കണം എന്നാണ് അക്രം തിരിച്ചു ചോദിച്ചത്. പാകിസ്താൻ ആരാധകർ ക്രിക്കറ്റിനോട് വെച്ച് പുലർത്തുന്ന അഭിനിവേശവും സ്‌നേഹവും തനിക്ക് വളരെയധികം ഇഷ്ടമാണെങ്കിലും സമൂഹ മാധ്യമങ്ങളില്‍ അവര്‍ കാണിക്കുന്ന വൃത്തിക്കേട് തനിക്കൊരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അക്രം വ്യക്തമാക്കിയിരുന്നു.

  Published by:Anuraj GR
  First published: