അടുത്ത മാസം നടക്കാനിരിക്കുന്ന അന്തരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ക്യാമ്പിൽ നിന്നും സന്ദേശ് ജിങ്കാനെ ഒഴിവാക്കിയേക്കുമെന്ന സൂചനകൾ. ഇന്ത്യയുടെ പ്രതിരോധനിര താരത്തെ ടീമിൽ നിന്നും ഒഴിവാക്കുന്നത് പരിഗണനയിലാണെന്ന് ഇന്ത്യയുടെ ദേശീയ ടീമിന്റെ പരിശീലകനായ ഇഗോർ സ്റ്റിമാച്ചാണ് വ്യക്തമാക്കിയത്. ക്രൊയേഷ്യയിലെ ഒന്നാം ഡിവിഷൻ ക്ലബിൽ കളിക്കാൻ അവസരം ലഭിച്ചതിനാലാണ് താരത്തെ ഇന്ത്യയുടെ പരിശീലന ക്യാമ്പിൽ നിന്നും ഒഴിവാക്കുന്നത്.
ഐഎസ്എല്ലിൽ എടികെ മോഹൻ ബഗാന്റെ താരമായിരുന്ന ജിങ്കാൻ ഈ സീസണിലാണ് ക്രൊയേഷ്യയിലെ എച്ച് എൻ കെ സിബെനിക്കുമായി കരാറിലെത്തിയത്. അതിനാൽ അവിടത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ഇന്ത്യൻ താരത്തെ സഹായിക്കുന്നതിനാണ് ഇന്ത്യൻ ക്യാമ്പിൽ നിന്നും താരത്തെ ഒഴിവാക്കുന്ന കാര്യം പരിഗണിക്കുന്നതെന്നാണ് സ്റ്റിമാച്ച് പറഞ്ഞത്. ക്രൊയേഷ്യൻ ക്ലബുമായി കരാറിലെത്തിയ ജിങ്കാൻ നിലവിൽ ക്രൊയേഷ്യയിൽ തന്നെയുണ്ട്.
നിലവിൽ ക്രൊയേഷ്യൻ ലീഗ് അതിന്റെ പാതിവഴിയിലാണ്. ഇതിനോടകം അഞ്ച് റൗണ്ട് മല്‍സരങ്ങള്‍ ലീഗിൽ പൂര്‍ത്തിയായി. ക്ലബിലെ കളിക്കാരെല്ലാം ഫിറ്റാണ്, ടീമിന്റെ ആദ്യ ഇലവനില്‍ അവസരം ലഭിക്കണമെങ്കിൽ ജിങ്കാൻ അവിടെ തന്നെ തുടർന്ന് അവിടത്തെ സാഹചര്യങ്ങളുമായി ഇണങ്ങി ചേരേണ്ടതുണ്ട്. ജിങ്കാന് ലഭിച്ച അവസരത്തിന് മികച്ച പിന്തുണ നൽകാനാണ് ടീമിന്റെ ലക്ഷ്യമെന്നും താരത്തിന് തന്റെ ഫോം കണ്ടെത്താൻ ഇന്ത്യൻ ടീം മാനേജ്‌മെന്റ് തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ചെയ്യുമെന്നും സ്റ്റിമാച്ച് വ്യക്തമാക്കി.
അടുത്ത മാസം നേപ്പാളിനെതിരെയാണ് ഇന്ത്യയുടെ രണ്ട് സൗഹൃദ മത്സരങ്ങൾ. നേരത്തെ ലിബിയ, ജോർദാൻ എന്നീ ടീമുകളുമായാണ് മത്സരങ്ങൾ നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ് പ്രതിസന്ധി സൃഷ്‌ടിച്ച ക്വാറന്റൈൻ നിയമങ്ങൾ കാരണം ഈ മത്സരങ്ങൾ അനിശ്ചിത്വതത്തിലായി. ഇതിനെ തുടർന്നാണ് നേപ്പാളുമായി മത്സരം കളിക്കാൻ ധാരണയായത്.
അതേസമയം ക്രൊയേഷ്യൻ ക്ലബിന് വേണ്ടി ബൂട്ടുകെട്ടാൻ പോകുന്ന ജിങ്കാൻ, എ ടി കെ മോഹന്‍ ബഗാനുമായുള്ള കരാർ പാതിവഴിയിൽ ഉപേക്ഷിച്ചാണ് ക്രൊയേഷ്യയിലേക്ക് പോകുന്നത്. മോഹന്‍ ബഗാനുമായി താരത്തിന് ഇനിയും നാല് വര്‍ഷത്തെ കരാര്‍ കൂടി ബാക്കിയുണ്ട്. പക്ഷെ ജിങ്കാൻ കഴിഞ്ഞ സീസണിൽ മോഹൻ ബഗാനുമായി കരാറിൽ ഒപ്പിടുമ്പോൾ അതിൽ യൂറോപ്പിൽ നിന്നും ഓഫറുകൾ വന്നാൽ തനിക്ക് ക്ലബ് വിടാം എന്ന വ്യവസ്ഥ ചേർത്തിരുന്നു. ഈ വ്യവസ്ഥ പ്രകാരമാണ് താരം ഇപ്പോൾ യൂറോപ്പിലേക്ക് പോകുന്നത്.
കഴിഞ്ഞ സീസണിലെ ഇന്ത്യയിലെ മികച്ച ഫുട്ബോള്‍ താരമായി തിരഞ്ഞെടുക്കപ്പെട്ട ജിങ്കാൻ ഐ എസ് എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിലൂടെയാണ് വരവറിയിച്ചത്. ടീമിന്റെ നെടുംതൂണായി മാറിയ താരം കഴിഞ്ഞ സീസണിലാണ് ബ്ലാസ്റ്റേഴ്‌സ് വിട്ട് മോഹൻ ബഗാനൊപ്പം ചേർന്നത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി ഐഎസ്എല്ലിൽ കൂടുതൽ മത്സരം കളിച്ച താരം കൂടിയാണ് ജിങ്കാൻ. കഴിഞ്ഞ സീസണിൽ ബഗാനെ ഫൈനലിൽ എത്തിക്കുന്നതിൽ ജിങ്കാൻ നിർണായക പങ്ക് വഹിച്ചിരുന്നു. ഇന്ത്യൻ ജേഴ്‌സിയിൽ താരം 40 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Igor Štimac, Indian Football News, Indian football Team, Sandesh Jhingan