ട്വിന്റി-20 ക്രിക്കറ്റിൽ അപൂർവ നേട്ടം സ്വന്തമാക്കി പാകിസ്ഥാൻ ഓൾ റൗണ്ടർ ശുഐബ് മാലിക്ക്. ട്വിന്റി-20 ക്രിക്കറ്റിൽ പതിനായിരം റൺസ് തികയ്ക്കുന്ന ഏഷ്യയിലെ ആദ്യത്തെ താരമെന്ന നേട്ടമാണ് ശുഐബ് സ്വന്തമാക്കിയത്. പാകിസ്ഥാനിൽ നടക്കുന്ന നാഷണൽ ടി-20 കപ്പിൽ ബലൂചിസ്ഥാനെതിരായ മത്സരത്തിലാണ് ശുഐബിന്റെ ചരിത്ര നേട്ടം. 44 പന്തിൽ 74 റൺസാണ് താരം സ്വന്തമാക്കിയത്.
വെസ്റ്റ് ഇൻഡീസ് താരങ്ങളായ ക്രിസ് ഗെയിൽ, കീറോൺ പൊള്ളാർഡ് എന്നിവർക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് ശുഐബ്. "ക്ഷമ, കഠിനാധ്വാനം, ത്യാഗം, വിശ്വാസം... അഭിമാനം തോന്നുന്നു" എന്നാണ് സാനിയ ട്വിറ്ററിൽ കുറിച്ചത്.
ചരിത്ര നേട്ടം സ്വന്തമാക്കിയതിൽ സന്തോഷം പ്രകടിപ്പിച്ച് ശുഐബ് മാലിക്കും ട്വീറ്റ് ചെയ്തിരുന്നു. തന്റെ നേട്ടം മാതപിതാക്കൾക്ക് സമർപ്പിക്കുന്നുവെന്നാണ് ശുഐബ് പ്രതികരിച്ചത്. തന്റെ വിജയത്തിന് വേണ്ടി എന്നും പ്രാർത്ഥിച്ചവരാണവർ. പിതാവ് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഇന്ന് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അദ്ദേഹമായിരുന്നിരിക്കും. പക്ഷേ, ജീവിതം ഇങ്ങനെയാണ്. ഇന്നും ഓരോ മത്സരത്തിന് മുമ്പും മാതാവിനെ വിളിച്ച് അനുഗ്രഹം വാങ്ങിക്കുമെന്നും ശുഐബ് ട്വീറ്റിലൂടെ പറഞ്ഞു. പാകിസ്ഥാനിലെ ക്രിക്കറ്റ് ആരാധകർക്കും ശുഐബ് നന്ദി പറഞ്ഞിട്ടുണ്ട്.
ട്വന്റി-20 ക്രിക്കറ്റിൽ 395 മത്സരങ്ങളിൽ നിന്നായി 10,027 റൺസാണ് ശുഐബ് സ്വന്തമാക്കിയത്. 37.41 ശരാശരിയില്‍ 125.71 ആണ് സ്‌ട്രൈക്ക് റേറ്റ്. 404 മത്സരങ്ങളിൽ നിന്നായി 13,296 റൺസാണ് പട്ടികയിൽ ഒന്നാമതുള്ള ക്രിസ് ഗെയിലിന്റെ സമ്പാദ്യം. 518 മത്സരങ്ങളിൽ നിന്നും 10,370 റണ്‍സാണ് കീറോൺ പൊള്ളാർഡ് നേടിയത്.
2019 ലാണ് 38 കാരനായ ശുഐബ് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.