ഇന്റർഫേസ് /വാർത്ത /Sports / 'എന്നെ ഒഴിവാക്കിയതുകൊണ്ടാണ് ദ്രാവിഡ് ടീമില്‍ എത്തിയത്'; രഹാനെയും വഴി മാറട്ടെയെന്ന് സഞ്ജയ് മഞ്ജരേക്കര്‍

'എന്നെ ഒഴിവാക്കിയതുകൊണ്ടാണ് ദ്രാവിഡ് ടീമില്‍ എത്തിയത്'; രഹാനെയും വഴി മാറട്ടെയെന്ന് സഞ്ജയ് മഞ്ജരേക്കര്‍

News18

News18

അവസാനത്തെ 10 ഇന്നിങ്സുകളെടുത്താല്‍ ഒരു തവണ മാത്രമേ രഹാനെ ഫിഫ്റ്റി നേടിയിട്ടുള്ളൂ.

  • Share this:

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. ഇംഗ്ലണ്ട് മണ്ണില്‍ ഇന്ത്യക്ക് ചരിത്രം കുറിക്കാന്‍ സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. ഓവലില്‍ ജയിച്ചതോടെ പരമ്പരയില്‍ 2-1 ന് മുന്നിലെത്തിയ ഇന്ത്യ പരമ്പരയില്‍ തോല്‍ക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. അതേസമയം, പരമ്പര നേടണമെങ്കില്‍ മോശം ഫോമിലുള്ള വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയെ പുറത്തിരുത്തി മാറ്റാരെയെങ്കിലും കളിപ്പിക്കണമെന്ന അഭിപ്രായം വലിയ രീതിയില്‍ ഉയരുന്നുണ്ട്.

ഇപ്പോഴിതാ രഹാനെയെ ഇംഗ്ലണ്ടിനെതിരായ അവസാനത്തെ ടെസ്റ്റിലെങ്കിലും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ബാറ്റ്സ്മാനും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ കടന്നുപോവുന്ന രഹാനെ ഓവലില്‍ ഇന്ത്യ 157 റണ്‍സിന്റെ വമ്പന്‍ ജയം കൊയ്ത നാലാം ടെസ്റ്റിലും ഫ്ളോപ്പായിരുന്നു. ഹനുമാ വിഹാരി, പുതുമുഖം സൂര്യകുമാര്‍ യാദവ് എന്നിവരടക്കമുള്ളവര്‍ ടീമില്‍ അവസരം കാത്തു പുറത്തുനില്‍ക്കുകയാണ്.

'ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി കളിക്കുമ്പോള്‍ എല്ലായ്‌പ്പോഴും ഒരു കാര്യം ഓര്‍മിക്കണം. നിങ്ങള്‍ക്കു പിറകില്‍ അവസരം കാത്ത് ഒരുപാട് പേര്‍ നില്‍പ്പുണ്ട്. ഞാന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടില്ലായിരുന്നെങ്കില്‍ രാഹുല്‍ ദ്രാവിഡിനെപ്പോലെയുള്ള മറ്റു താരങ്ങള്‍ ഇന്ത്യന്‍ ടീമിലേക്കു വരില്ലായിരുന്നു. രഹാനെയുടെ കാര്യവും ഇങ്ങനെ തന്നെയാണ്.'- മഞ്ജരേക്കര്‍ പറഞ്ഞു.

'ഹനുമാ വിഹാരി, സൂര്യകുമാര്‍ യാദവ് എന്നിവരെപ്പോലുള്ള താരങ്ങള്‍ അവസരം കാത്ത് പുറത്തു നില്‍പ്പുണ്ട്. റിസര്‍വ് നിരയില്‍ പുറത്തിരിക്കുന്ന കളിക്കാരെ കാണുമ്പോള്‍ നിങ്ങള്‍ക്കു പലപ്പോഴും ആശ്ചര്യം തോന്നും. കാരണം നിങ്ങള്‍ അവരുടെ പ്രകടനം കണ്ടിട്ടില്ല. അജിങ്ക്യ രഹാനെയാവട്ടെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നില്ല. അദ്ദേഹത്തിന് ഒരുപാട് അവസരങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഒരു അവസരം കൂടി ലഭിക്കുകയാണെങ്കില്‍ അദ്ദേഹം ഏറെ ഭാഗ്യശാലിയായ ബാറ്റ്‌സ്മാനാണെന്ന് നമുക്കു പറയാം'- മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം നടന്ന ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലാണ് രഹാനെ അവസാനമായി ടെസ്റ്റില്‍ സെഞ്ച്വറി നേടിയത്. സ്ഥിരതയില്ലാത്ത പ്രകടനമാണ് അദ്ദേഹം ടെസ്റ്റില്‍ കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. അവസാനത്തെ 10 ഇന്നിങ്സുകളെടുത്താല്‍ ഒരു തവണ മാത്രമേ രഹാനെ ഫിഫ്റ്റി നേടിയിട്ടുള്ളൂ. ഇംഗ്ലണ്ടുമായി ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പര രഹാനെയെ സംബന്ധിച്ച് ഫോം വീണ്ടെടുക്കാനുള്ള ഏറ്റവും മികച്ച അവസരമായിരുന്നു. ദൈര്‍ഘ്യമേറിയ പരമ്പരയിലെ കഴിഞ്ഞ നാലു ടെസ്റ്റുകളിലും അവസരം ലഭിച്ചിട്ടും ഒരു തവണ മാത്രമാണ് അദ്ദേഹം ഫിഫറ്റി നേടിയത്.

First published:

Tags: Ajinkya Rahane, Rahul Dravid, Sanjay Manjrekar