വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിൽ ടീമിൽ ഉൾപ്പെടുത്തിയിട്ടും കളിക്കാൻ അവസരം ലഭിക്കാതിരുന്ന മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ സെഞ്ചുറികൊണ്ട് നിരാശ മായ്ച്ചു. ബംഗാളിനെതിരായ രഞ്ജി മത്സരത്തിലാണ് സഞ്ജു സെഞ്ചുറി നേടിയത്. 153 പന്തിൽ 14 ഫോറും ഒരു സിക്സും സഹിതമാണ് സഞ്ജു പത്താം ഫസ്റ്റ് ക്ലാസ് സെഞ്ചുറി നേടിയത്. കേരളത്തിനായി അതിഥിതാരം റോബിൻ ഉത്തപ്പ അർധസെഞ്ചുറി നേടി. 136 പന്തിൽ അഞ്ചു ഫോറും ഒരു സിക്സും സഹിതമാണ് ഉത്തപ്പയുടെ 52ാം ഫസ്റ്റ് ക്ലാസ് അർധസെഞ്ചുറി.
80 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 233 റൺസെന്ന നിലയിലാണ് കേരളം. സഞ്ജു 116 റൺസെടുത്ത് സഞ്ജു പുറത്തായി. സൽമാൻ നിസാർ 17 റൺസോടെയും ക്രീസിൽ. നേരത്തെ, 53 റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കിയ കേരളത്തിന് നാലാം വിക്കറ്റിൽ സഞ്ജു – റോബിൻ ഉത്തപ്പ സഖ്യം പടുത്തുയർത്തിയ സെഞ്ചുറി കൂട്ടുകെട്ടാണ് കരുത്തായത്. ഇരുവരും ചേർന്ന് 138 റൺസാണ് കേരള സ്കോർ ബോർഡിൽ ചേർത്തത്.
ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കു പിന്നാലെ വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലും ഇടം ലഭിച്ചതിനാൽ സീസണിലെ ആദ്യ മത്സരത്തിൽ ഡൽഹിയെ നേരിട്ട കേരള ടീമിൽ സഞ്ജു ഉണ്ടായിരുന്നില്ല. രണ്ടു പരമ്പരകളിലായി ആറു മത്സരങ്ങളിൽ ഇന്ത്യൻ ടീമിനൊപ്പം ഉണ്ടായിരുന്ന സഞ്ജു, ഒരു മത്സരത്തിൽ പോലും കളത്തിലിറങ്ങാൻ അവസരം ലഭിക്കാത്തതിന്റെ നിരാശയുമായാണ് വീണ്ടും കേരള ടീമിനൊപ്പം ചേർന്നത്.
തുമ്പ സെന്റ് സേവ്യേഴ്സ് മൈതാനത്തു നടക്കുന്ന മത്സരത്തിൽ ബംഗാളിനെതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡിൽ 15 റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർമാർ ഇരുവരും പുറത്ത്. 27 പന്തിൽ അഞ്ചു റൺസുമായി പി. രാഹുലാണ് ആദ്യം പുറത്തായത്. ഇഷാൻ പൊറലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ശ്രീവത്സ് ഗോസ്വാമി ക്യാച്ചെടുത്തു. ഇതേ സ്കോറിൽത്തന്നെ ജലജ് സക്സേനയും മടങ്ങി. 22 പന്തിൽ രണ്ടു ഫോറുകൾ സഹിതം ഒൻപതു റൺസെടുത്ത സക്സേനയെ മുകേഷ് കുമാറിന്റെ പന്തിൽ ഗോസ്വാമി പിടികൂടി.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.