നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Sanju Samosn |'ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാത്തതില്‍ നിരാശയുണ്ട്'; വെളിപ്പെടുത്തലുമായി സഞ്ജു സാംസണ്‍

  Sanju Samosn |'ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാത്തതില്‍ നിരാശയുണ്ട്'; വെളിപ്പെടുത്തലുമായി സഞ്ജു സാംസണ്‍

  ശ്രീലങ്കന്‍ പര്യടനത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകാതെ വന്നതാണ് സഞ്ജുവിന് തിരിച്ചടിയായത്. ഐപിഎല്ലായിരുന്നു മറ്റൊരു പിടിവള്ളിയെങ്കിലും ടൂര്‍മമെന്റിന്റെ രണ്ടാം പാദത്തിന് മുമ്പേ ടീം പ്രഖ്യാപനം വന്നത് നിര്‍ഭാഗ്യകരമായി.

  News18

  News18

  • Share this:
   ഇത്തവണത്തെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ മലയാളികള്‍ വളരെയേറെ കാണാന്‍ ആഗ്രഹിച്ച താരമാണ് സഞ്ജു സാംസണ്‍. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ സഞ്ജു ദേശീയ ടീമില്‍ കളിച്ചപ്പോഴെല്ലാം നിരാശപ്പെടുത്തുകയായിരുന്നു. ഇപ്പോഴിതാ ടീമില്‍ ഇടം ലഭിക്കാത്തതില്‍ നിരാശയുണ്ടെന്ന് വെളിപ്പെടുത്തുകയാണ് സഞ്ജു.

   ടീമിലിടം നേടാന്‍ സാധിക്കാതെ പോയത് നിരാശാജനകമാണെന്നും തിരഞ്ഞെടുപ്പ് ഒരു കളിക്കാരന്റെ നിയന്ത്രണത്തിലല്ലെന്നും സഞ്ജു പറഞ്ഞു. 'ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിനാല്‍ ഇനി അത് ശ്രദ്ധ തിരിക്കില്ല. ഇപ്പോള്‍ എന്റെ എല്ലാ ശ്രദ്ധയും ഐപിഎല്ലിലാണ്. ടീമിലിടം നേടാനാകാതെ പോയത് വളരെ നിരാശാജനകം തന്നെയാണ്. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നതും ലോകകപ്പില്‍ കളിക്കുന്നതും ഒരു കളിക്കാരന്റെ വലിയ സ്വപ്നമാണ്. ഞാന്‍ അത് വളരെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുക്കല്‍ ഒരു കളിക്കാരന്റെ നിയന്ത്രണത്തിലുള്ളതല്ല'- സഞ്ജു പറഞ്ഞു.

   'ഒരു കളിക്കാരന്‍ എന്ന നിലയില്‍ എവിടെയെല്ലാം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മനസിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്. നമ്മുടെ ചിന്തകളിലെല്ലാം ആ പക്വത ഉണ്ടായിരിക്കണം. അക്കാര്യം മാത്രമാണ് ഞാന്‍ ഇനി ശ്രദ്ധിക്കുന്നത്,'- സഞ്ജു പറഞ്ഞു.

   ഐപിഎല്ലില്‍ രാജസ്ഥാനെ കിരീടത്തിലേക്ക് നയിക്കുകയാണ് തന്റെ ലക്ഷ്യമെന്നും സഞ്ജു പറയുന്നു. പ്ലേ ഓഫിലേക്ക് കയറുക മാത്രമല്ല കിരീടം നേടുക തന്നെയാണ് ഇത്തവണ തങ്ങളുടെ ലക്ഷ്യമെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

   ഇക്കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകാതെ വന്നതാണ് സഞ്ജുവിന് തിരിച്ചടിയായത്. ഐപിഎല്ലായിരുന്നു മറ്റൊരു പിടിവള്ളിയെങ്കിലും ടൂര്‍മമെന്റിന്റെ രണ്ടാം പാദത്തിന് മുമ്പേ ടീം പ്രഖ്യാപനം വന്നത് നിര്‍ഭാഗ്യകരമായി. ഇഷാന്‍ കിഷനാണ് സഞ്ജുവിന്റെ സ്ഥാനത്ത് നറുക്കു വീണത്.

   ജൂലൈയില്‍ നടന്ന ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ ഏറ്റവും പ്രതീക്ഷ വെച്ചിരുന്ന താരമായിരുന്നു സഞ്ജു സാംസണ്‍. മികച്ച പ്രകടനം നടത്തി ടി20 ലോകകപ്പ് ടീമിലിടം നേടുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും പരമ്പരയിലെ ഏറ്റവും നിരാശപ്പെടുത്തിയ താരമായി സഞ്ജു മാറി. ശ്രീലങ്കന്‍ പരമ്പരയില്‍ തിളങ്ങാന്‍ സാധിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ സഞ്ജുവിന് സാധിക്കുമായിരുന്നു. എന്നാല്‍ മികച്ച അവസരം നഷ്ടപ്പെടുത്തിയതോടെ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരവ് പോലും ഇനി അദ്ദേഹത്തിന് പ്രയാസമായിരിക്കുകയാണ്. ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് പോലൊരു മികച്ച ടീമിന്റെ നായകനായ സഞ്ജുവിന് ദേശീയ ടീമിലെത്തുമ്പോള്‍ നിരന്തരം കാലിടറുന്നത് തുടര്‍ക്കഥയാവുകയാണ്.

   ഇന്ത്യയുടെ സീനിയര്‍ ടീം ഇംഗ്ലണ്ടില്‍ പര്യടനത്തിലായതിനാല്‍ ശിഖാര്‍ ധവാന്റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ രണ്ടാം നിര ടീമിനെയാണ് ബി സി സി ഐ ശ്രീലങ്കന്‍ പര്യടനത്തിനയച്ചത്. സമീപകാലങ്ങളില്‍ ആഭ്യന്തര ക്രിക്കറ്റിലും ഐ പി എല്ലിലും മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ച യുവതാരങ്ങളെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ടി20 ലോകകപ്പ് സ്‌ക്വാഡില്‍ ആരെയെല്ലാം ഉള്‍പ്പെടുത്തും എന്ന ചര്‍ച്ചകള്‍ സജീവമായി തുടരുന്ന സാഹചര്യത്തില്‍ സ്‌ക്വാഡില്‍ കയറിപ്പറ്റാന്‍ ശ്രീലങ്കന്‍ പരമ്പരയിലെ പ്രകടനം താരങ്ങള്‍ക്ക് നിര്‍ണായകമായിരുന്നു.
   Published by:Sarath Mohanan
   First published:
   )}