• HOME
  • »
  • NEWS
  • »
  • sports
  • »
  • IND- SL | സഞ്ജുവിനെ തഴഞ്ഞതല്ല, വില്ലനായത് കാല്‍മുട്ടിലെ പരിക്ക്

IND- SL | സഞ്ജുവിനെ തഴഞ്ഞതല്ല, വില്ലനായത് കാല്‍മുട്ടിലെ പരിക്ക്

സഞ്ജുവിന്റ കാല്‍മുട്ടില്‍ ചെറിയ ഉളുക്ക് പറ്റിയിട്ടുണ്ടെന്നും ഇതേ തുടര്‍ന്നാണ് സെലക്ഷനു പരിഗണിക്കാതിരുന്നതെന്നും ബി സി സി ഐ അറിയിച്ചു.

sanju samson

sanju samson

  • Share this:
    ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ സഞ്ജു വി സാംസണ് ഇടം ലഭിക്കാതിരുന്നത് മലയാളി ക്രിക്കറ്റ് ആരാധകര്‍ക്ക് വളരെയധികം നിരാശ സമ്മാനിച്ച വാര്‍ത്തയായിരുന്നു. ശ്രീലങ്കയ്ക്കെതിരെ സഞ്ജുവായിരിക്കും വിക്കറ്റ് കീപ്പര്‍ ആവുകയെന്ന് നേരത്തെ സൂചനകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ടോസിന് ശേഷം പ്ലെയിങ് ഇലവന്‍ പരസ്യപ്പെടുത്തിയപ്പോള്‍ അതില്‍ സഞ്ജുവിന്റെ പേരില്ലായിരുന്നു. സഞ്ജുവിന് പകരം യുവതാരം ഇഷാന്‍ കിഷനാണ് വിക്കറ്റ് കീപ്പറായി ടീമിലെത്തിയത്. ഏകദിനത്തില്‍ ഇഷാന്റെ അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു ഇത്. ഇഷാന്‍ കിഷന്‍ മാത്രമല്ല, സൂര്യകുമാര്‍ യാദവും ഇന്ന് ഇന്ത്യന്‍ ജേഴ്‌സിയില്‍ ആദ്യ ഏകദിനം കളിക്കുന്നുണ്ട്.

    ലോകമെമ്പാടുമുള്ള മലയാളി ക്രിക്കറ്റ് ആരാധകര്‍ വളരെപ്പെട്ടെന്ന് തന്നെ സഞ്ജുവിനെ പരിഗണിക്കാത്തത്തിനെതിരെ പ്രധിഷേധവുമായി രംഗത്തെത്തി. എന്നാല്‍ അതിനു ശേഷമാണ് പരിക്കു കാരണമാണ് സഞ്ജുവിനെ ഈ മല്‍സരത്തില്‍ നിന്നും മാറ്റിനിര്‍ത്തിയതെന്നു ബി സി സി ഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കുന്നത്. സഞ്ജുവിന്റ കാല്‍മുട്ടില്‍ ചെറിയ ഉളുക്ക് പറ്റിയിട്ടുണ്ടെന്നും ഇതേ തുടര്‍ന്നാണ് സെലക്ഷനു പരിഗണിക്കാതിരുന്നതെന്നും ബി സി സി ഐ അറിയിച്ചു. മെഡിക്കല്‍ ടീം താരത്തിന്റെ ആരോഗ്യ സ്ഥിതി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു.

    ഇന്നത്തെ മല്‍സരത്തില്‍ കളിച്ചിരുന്നെങ്കില്‍ അത് അദ്ദേഹത്തിന്റെ ഏകദിന അരങ്ങേറ്റം കൂടിയാകുമായിരുന്നു. ടി20യില്‍ മാത്രമേ സഞ്ജു ഇന്ത്യന്‍ ജഴ്സിയണിഞ്ഞിട്ടുള്ളൂ. ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ബാക്കപ്പ് വിക്കറ്റ് കീപ്പറാവാന്‍ അദ്ദേഹത്തിനു ലഭിച്ച സുവര്‍ണാവസരം കൂടിയാണ് ലങ്കയ്ക്കെതിരായ പരമ്പര. ഒക്ടോബറിലെ ഐ സി സി ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യ കളിക്കുന്ന അവസാനത്തെ നിശ്ചിത ഓവര്‍ പരമ്പര കൂടിയാണ് ലങ്കയിലേത്. അതുകൊണ്ടു തന്നെ ഈ പരമ്പരയില്‍ മികച്ച പ്രകടനം നടത്തി ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ യുവതാരങ്ങള്‍ക്കു ലഭിക്കുന്ന ഏറ്റവും മികച്ച അവസരം കൂടിയാണിത്. ലോകകപ്പ് ടീമിനെക്കുറിച്ച് ഏറെക്കുറെ തീരുമാനമായെങ്കിലും ചില ഗ്യാപ്പുകള്‍ കൂടി നികത്തേണ്ടതുണ്ട്. ഇതിനുള്ളവരെ കണ്ടെത്താന്‍ ഇന്ത്യക്കു മുന്നിലുള്ള വേദി കൂടിയാണ് ലങ്കയുമായുള്ള പരമ്പര.

    അതേസമയം ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആതിഥേയര്‍ക്ക് ഭേദപ്പെട്ട സ്‌കോര്‍ നേടിയിട്ടുണ്ട്. നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സാണ് ശ്രീലങ്ക നേടിയത്. എട്ടാമനായി ഇറങ്ങി റണ്‍സെടുത്ത നായകന്‍ ചമിക കരുണരത്‌നെയാണ് ശ്രീലങ്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ദീപക് ചഹര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക മികച്ച രീതിയിലാണ് ആരംഭിച്ചതെങ്കിലും കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടിരുന്നു. വലിയൊരു ഇടവേളയ്ക്കു ശേഷം ടീമില്‍ തിരിച്ചെത്തിയ സ്പിന്‍ ജോടികളായ കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ സഖ്യത്തിന്റെ വകയായിരുന്നു മത്സരത്തിലെ ആദ്യ വിക്കറ്റുകള്‍.
    Published by:Sarath Mohanan
    First published: