തലയിൽ ഏഴ് സ്റ്റിച്ചുകൾ, കണ്ണിന് പരുക്ക്, എതിരാളിയായി വരുന്നത് ലോക ചാമ്പ്യൻ, ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ബോക്സിങ്ങിൽ സൂപ്പർ ഹെവിവെയ്റ്റ് ഇനത്തിലെ ക്വാർട്ടറിൽ ഇറങ്ങിയ സതീഷ് കുമാറിന് നേരിടേണ്ടി വന്നത് ഒന്നിലധികം വെല്ലുവിളികൾ. ഈ വിഭാഗത്തില്‍ കഴിഞ്ഞ മത്സരത്തിലേറ്റ പരിക്ക് കാരണം അദ്ദേഹത്തിന് കളിക്കാൻ കഴിയുമോ എന്ന കാര്യം പോലും സംശയമായിരുന്നു. സാരമുള്ള പരുക്കായിരുന്നതിനാൽ വേണമെങ്കില്‍ മത്സരത്തിനിറങ്ങാതിരിക്കാമായിരുന്നു സതീഷ് കുമാറിന്. ബോക്സർ എന്നതിലുപരി ഒരു സൈനികൻ കൂടിയായ അദ്ദേഹം തന്റെ രാജ്യത്തിന് വേണ്ടി മത്സരിക്കാൻ ഇറങ്ങുകയായിരുന്നു.
ക്വാർട്ടറിൽ മത്സരിക്കാൻ ഇറങ്ങിയപ്പോൾ താരത്തിന്റെ പരുക്കിലിട്ട സ്റ്റിച്ച് ഉണങ്ങിയിട്ടുണ്ടായിരുന്നില്ല. അത് വകവയ്ക്കാതെയാണ് താരം ലോക ചാമ്പ്യനായ ഉസ്‌ബൈക്കിസ്ഥാന്റെ ബാക്കോദിര്‍ ജാലോലോവിനെതിരായ പോരാട്ടത്തിന് ഇറങ്ങിയത്. മത്സരത്തിൽ ഉസ്ബെക് താരത്തോട് 5-0 എന്ന നിലയിൽ താരം തോറ്റു. പക്ഷെ ഇത്രയും വെല്ലുവിളികൾ ഉണ്ടായിട്ടും റിങ്ങിൽ ഇറങ്ങി പോരാടിയ അദ്ദേഹത്തിന് തോൽവിയിലും തല ഉയർത്തിപ്പിടിച്ച് അഭിമാനത്തോടെ മടങ്ങാം. തന്റെ അരങ്ങേറ്റ ഒളിമ്പിക്സ് ആയിരുന്നിട്ട് കൂടി അതിന്റെ ഒരു പകപ്പുമില്ലാതെയാണ് താരം ഇതുവരെയുള്ള മത്സരങ്ങളിൽ പോരാടിയത്.
സതീഷ് കുമാറിന്റെ തോൽവി ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് വീണ്ടും നിരാശ പകർന്നെങ്കിലും താരത്തിന്റെ പോരാട്ടവീര്യം ആരാധകരുടെ മനസ്സ് കീഴടക്കി. മുറിവിലിട്ട ഏഴ് സ്റ്റിച്ചുകളും കണ്ണിലെ പരുക്കും വകവെക്കാതെ ലോക ചാമ്പ്യനെ നേരിട്ട താരത്തെ അവർ നെഞ്ചിലേറ്റിയാണ് സ്വീകരിക്കുന്നത്. താരത്തിന്റെ നിശ്ചയദാർഢ്യത്തെയും പോരാട്ടവീര്യത്തെയും പ്രകീർത്തിച്ചുകൊണ്ടുള്ള പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്. പരുക്കുകൾ പറ്റിയിട്ടും അത് വകവെക്കാതെ പോരാടിയ ഇന്ത്യൻ താരത്തോട് തലയുയർത്തി തന്നെ നാട്ടിലേക്ക് മടങ്ങി വരാനാണ് ഇന്ത്യൻ ആരാധകർ ആവശ്യപ്പെടുന്നത്.
ബോക്സിങ്ങിൽ 91 കിലോ സൂപ്പര്‍ ഹെവിവെയ്റ്റ് വിഭാഗത്തിലാണ് ഇന്ത്യയുടെ മെഡൽ പട്ടികയിലേക്ക് ഒരു മെഡൽ കൂടി ചേർക്കാനുള്ള പോരാട്ടത്തിന് വേണ്ടി സതീഷ് കുമാർ ഇറങ്ങിയത്. ഉസ്‌ബൈക്കിസ്ഥാന്‍ താരം ബാക്കോദിര്‍ ജാലോലോവിനെ നേരിട്ട താരത്തിന് 5-0 ത്തിന്റെ തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ലോക - ഏഷ്യൻ ചാമ്പ്യനായ ജലലോവിന്റെ മികവിന് മുന്നിൽ പതറാതെ പോരാടിയെങ്കിലും ജയം കൊണ്ടുവരാൻ സതീഷ് കുമാറിന് കഴിഞ്ഞില്ല.
ഇന്ത്യക്ക് വേണ്ടി ഹെവിവെയ്റ്റ് ഇനത്തിൽ മത്സരിക്കുന്ന ആദ്യ ബോക്സർ കൂടിയാണ് സതീഷ് കുമാർ.
കഴിഞ്ഞ മത്സരത്തിലേറ്റ പരിക്ക് കാരണം സതീഷ് കുമാര്‍ കളിക്കുമോ എന്ന കാര്യത്തില്‍ സംശയം ഉണ്ടയായിരുന്നു. ഇന്ന് ഡോക്ടർമാർ നൽകിയതോടെയാണ് താരം കളിക്കാൻ ഇറങ്ങിയത്.
സതീഷ് കുമാർ കൂടി തോറ്റ് പുറത്തായതോടെ ഒളിമ്പിക്സിൽ പുരുഷവിഭാഗം ബോക്സിങ്ങിൽ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. മനീഷ് കൗശിക്, വികാസ് കൃഷ്‌ണന്‍, ആശിഷ് കുമാര്‍ എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തായിരുന്നു. ബോക്സിങ്ങിൽ വനിതാ വിഭാഗത്തിൽ മത്സരിക്കുന്ന ലവ്‌ലിന ബോർഗോഹെയ്നിലാണ് ഇന്ത്യയുടെ പ്രതീക്ഷ. വെൽറ്റർവെയ്‌റ്റ് വിഭാഗത്തിൽ താരം സെമിയിൽ എത്തി മെഡൽ ഉറപ്പിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.