അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കളിക്കാൻ ഒരു ക്ലബ് ലഭിച്ചത്. സൌദിയിലെ അൽ നാസർ ക്ലബ് സൂപ്പർതാരത്തെ സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്ക്. റൊണാൾഡോയുമായി രണ്ടര വർഷത്തെ കരാർ ഒപ്പിട്ട അൽ നാസർ ക്ലബ് താരത്തിന് നൽകുന്നത് 1770 കോടി രൂപയാണ്(200 മില്യൺ ഡോളർ). പരസ്യവരുമാനം ഉൾപ്പടെയാണിത്. ഒരു ഫുട്ബോൾ താരത്തിന് ലഭിക്കുന്ന ചരിത്രത്തിലെ തന്നെ റെക്കോർഡ് പ്രതിഫലമാണിത്.
പുതിയ കരാർ അനുസരിച്ച് റൊണാൾഡോയ്ക്ക് ഒരു മാസം 16.67 മില്യന്‍ യൂറോ അഥവാ ഏകദേശം 147 കോടി രൂപയാണ് ലഭിക്കുന്നത്. ഇനി ഒരാഴ്ച ലഭിക്കുന്ന പ്രതിഫലം കേട്ടാലും ആരുമൊന്ന് മൂക്കത്ത് വിരൽവെക്കും. 38.88 മില്യന്‍ യൂറോ അഥവാ 34 കോടി രൂപയാണ് കളിക്കാൻ ഇറങ്ങിയാലും ഇല്ലെങ്കിലും റൊണാൾഡോയ്ക്ക് ലഭിക്കുന്നത്. ഒരു ദിവസം ലഭിക്കുന്ന പ്രതിഫലം 5,55,555 യൂറോ അഥവാ ഏകദേശം അഞ്ചു കോടി രൂപ ലഭിക്കും. ഒരു മണിക്കൂർ നേരത്തേക്ക് ലഭിക്കു 23,150 യൂറോ അഥവാ 20 ലക്ഷം രൂപ ആയിരിക്കും. പരസ്യവരുമാനത്തിന് പുറമെയുള്ള തുകയാണിത്.
വ്യത്യസ്തമായ ഒരു രാജ്യത്തിന്റെ പുതിയ ഫുട്ബോള്‍ ലീഗില്‍ കളിക്കാന്‍ പോകുന്നതിന്റെ ആവേശത്തിലാണ് താനെന്ന് സൗദി ക്ലബ്ബ് അല്‍ നസറുമായി കരാര്‍ ഒപ്പിട്ട റൊണാൾഡോ പറഞ്ഞു. കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ക്ലബ്ബുമായി കരാര്‍ ഒപ്പുവെച്ചുകൊണ്ടുള്ള പ്രസ്താവനയിലാണ് ക്രിസ്റ്റ്യാനോ ഇക്കാര്യം പറഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.