ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിത വിഭാഗം സിംഗിള്‍സിന്റെ പ്രീക്വാര്‍ട്ടറില്‍ പുറത്തായി അമേരിക്കയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ്. ഇത്തവണത്തെ കിരീടം മാറോടുചേര്ക്കാനായാല് മാര്‍ഗരറ്റ് കോര്‍ട്ടിന്റെ പേരിലുള്ള 24 ഗ്രാന്റ് സ്ലാം നേട്ടങ്ങളെന്ന റെക്കോർഡിനൊപ്പം സെറീനയ്ക്കും എത്താമായിരുന്നു. ആദ്യ 10 സീഡുകാരില്‍ താനൊഴികെ എല്ലാവരും നേരത്തെ മടങ്ങിയതോടെ ഇത്തവണയെങ്കിലും ആ റെക്കോർഡ് തൊടാമെന്ന മോഹം സെറീനക്കുണ്ടായിരുന്നു.
അമേരിക്കയുടെ സെറീന വില്യംസിനെ കസാഖിസ്താന്റെ എലേന റിബാക്കിനയാണ് തോല്‍പ്പിച്ചത്. ആദ്യ സെറ്റില്‍ തന്നെ വെറ്ററന്‍ താരം തോല്‍വി സമ്മതിച്ച പ്രകടനമാണ് കാഴ്ച വെച്ചത്- 6-3. രണ്ടാം സെറ്റിൽ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും വിഫലമായി. 6-3, 7-5നാണ് എലേന മുന്‍ ചാമ്പ്യനെ ആട്ടിമറിച്ചത്. റഷ്യയില്‍ ജനിച്ച എലേന 2018ലാണ് കസാഖിസ്ഥാന്‍ പൗരത്വം നേടിയത്. ആദ്യമായാണ് എലേന ഒരു ഗ്രാന്‍ഡ് സ്ലാം ക്വാര്‍ട്ടറിലെത്തുന്നത്. 1999ല്‍ സെറീന വില്യംസ് തന്റെ ആദ്യ ഗ്രാന്സ്ലാം കിരീടം സ്വന്തമാക്കുമ്പോള്‍ എലീന ജനിച്ചിട്ട് വെറും രണ്ടുമാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. ഇത്തവണ നവോമി ഒസാക രണ്ടാം റൗണ്ടില്‍ വെച്ച് ടൂര്‍ണ്ണമെന്റില്‍ നിന്നും പിന്മാറിയതും സെറീനയുടെ സാദ്ധ്യത വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിത തോല്‍വിയാണ് നേരിടേണ്ടിവന്നത്. സെറീനയുടെ അടുത്ത ലക്ഷ്യം വിംബിള്‍ഡണാണ്. ജൂണ്‍ 28നാണ് വിംബിള്‍ഡണ്‍ ആരംഭിക്കുന്നത്.
You May Also Like-
ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സംവിധാനം പാകിസ്ഥാനേക്കാൾ വളരെ മികച്ചത്, പ്രശംസയുമായി അടുത്ത പാക് താരം
അതേസമയം സ്വിസ് ഇതിഹാസം റോജർ ഫെഡറർ ഇന്നലെ ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറിയതായി അറിയിച്ചിരുന്നു. മൂന്നാം റൗണ്ട് മത്സരത്തിനു പിന്നാലെ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറിയേക്കുമെന്ന് ഫെഡറർ സൂചനകള്‍ നൽകിയിരുന്നു. ദൈര്‍ഘ്യമേറിയ മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മത്സരത്തില്‍ നിന്നും നിന്ന് പിന്മാറുമെന്നാണ് താരം വെളിപ്പെടുത്തിയത്. ജര്‍മ്മന്‍ താരം കൊപ്പഫെറിനെതിരായ ശക്തമായ പോരാട്ടത്തിനൊടുവില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചിരുന്നു. ഇതിനുശേഷമാണ് മത്സരത്തില്‍ നിന്ന് പിന്മാറുന്നതായി താരം പ്രഖ്യാപിച്ചത്.
ഏഴാം സീഡായ അമേരിക്കന്‍ താരം ഡാനിയല്‍ കോളിന്‍സിനെ 6-4, 6-4ന് തകര്‍ത്തുകൊണ്ടാണ് നാലാം റൗണ്ടിലേക്ക് സെറീന കടന്നത്. അഞ്ചു തവണ ഫ്രഞ്ച് ഓപണില്‍ വിജയക്കൊടി പാറിച്ചിട്ടുള്ള താരമാണ് സെറീന. അതെ സമയം പുരുഷ വിഭാഗത്തിൽ സൂപ്പര്‍ താരങ്ങളായ റഷ്യയുടെ ഡാനില്‍ മെദ്വദേവും ഗ്രീക്കിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസും ക്വാർട്ടറിൽ കടന്നിട്ടുണ്ട്. ക്വാര്‍ട്ടറില്‍ മെദ്വദേവും സിറ്റ്സിപാസും തമ്മിലാണ് പോരാട്ടം. സ്പാനിഷ് താരം പാബ്ലോ കാരനോ ബുസ്റ്റയെ തകര്‍ത്താണ് സിറ്റ്സിപാസ് ക്വാര്‍ട്ടറില്‍ കടന്നത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു താരത്തിന്റെ ജയം. സ്കോര്‍ 6-3, 6-2, 7-5. ചിലിയുടെ ക്രിസ്റ്റിന് ഗാരിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മെദ്വദേവ് ക്വാര്‍ട്ടറില്‍ കടന്നത്. സ്കോര്‍ 2-6, 1-6, 5-7.
News summary: Sereena Williams knocked out of French open after losing to Elena Rybakina
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.