• HOME
  • »
  • NEWS
  • »
  • sports
  • »
  • തർക്കം മുറുകുന്നു, സെർജിയോ റാമോസ് ക്ലബ് വിടാനുള്ള സാധ്യതകൾ വർധിക്കുന്നു

തർക്കം മുറുകുന്നു, സെർജിയോ റാമോസ് ക്ലബ് വിടാനുള്ള സാധ്യതകൾ വർധിക്കുന്നു

Sergio Ramos unhappy with Real Madrid's plans, likely to leave club | ലാലിഗയും ചാമ്പ്യൻസ് ലീഗുമടക്കം നിരവധി കിരീടങ്ങളാണ് റാമോസിൻ്റെ മികവിൽ റയൽ നേടിയിട്ടുള്ളത്

സെർജിയോ റാമോസ്

സെർജിയോ റാമോസ്

  • Last Updated :
  • Share this:
    ക്ലബ് സീസൺ അവസാനിച്ചതോടെ കളിക്കാരുടെ ട്രാൻസ്ഫർ വിപണി സജീവമായിരിക്കുകയാണ്. സൂപ്പർ താരങ്ങളുടെ പിന്നാലെയാണ് മുൻനിര ക്ലബ്ബുകൾ. ട്രാൻസ്ഫർ വിപണിയിൽ അത്തരത്തിൽ വലിയ ചർച്ചയായി നിൽക്കുന്ന ഒരു വിഷയമാണ് പിഎസ്‌ജിയുടെ സൂപ്പർ താരമായ കിലിയൻ എംബാപ്പെ ഫ്രാൻസിൽ നിന്നും സ്പെയ്നിലെ റയൽ മാഡ്രിഡിലേക്ക് എത്തുമെന്നത്. സൂപ്പർ താരത്തെ ക്ലബ്ബിലേക്ക് എത്തിക്കണമെങ്കിൽ ഒരു വലിയ തുക തന്നെ സ്പാനിഷ് വമ്പൻമാർക്ക് മുടക്കേണ്ടതായി വരും. കോവിഡ് മഹാമാരി ഏൽപ്പിച്ച സാമ്പത്തിക ഞെരുക്കത്തിൽ മുറുകുകയാണ് എല്ലാ മുൻനിര ക്ലബ്ബുകളും. റയലിൻ്റെയും സ്ഥിതി വ്യത്യസ്തമല്ല.

    അതുകൊണ്ട് തന്നെ എംബാപ്പെയെ പോലൊരു താരത്തെ സ്വന്തമാക്കാനായി നിലവിൽ റയലിൽ കളിക്കുന്ന താരങ്ങളുടെ പ്രതിഫലം കുറക്കണമെന്ന തീരുമാനമാണ് എടുത്തിരിക്കുന്നത്. എന്നാൽ റയൽ മാഡ്രിഡിന്റെ ഈ തീരുമാനത്തിൽ കടുത്ത അതൃപ്‌തി പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് സെർജിയോ റാമോസ്. ഈ സീസൺ കഴിയുന്നതോടെ റയലുമായി കരാർ അവസാനിക്കുന്ന താരത്തിന് കരാർ ഇതുവരെ പുതുക്കി നൽകാൻ റയൽ തയ്യാറായിട്ടില്ല. അങ്ങനെയിരിക്കെ റാമോസിൻ്റെ ഈ പ്രതികരണം ക്ലബ് വിടാനുള്ള സാധ്യതകളെ വർധിപ്പിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. മാനേജ്മെൻ്റും താരവും തമ്മിൽ ഇക്കാര്യത്തിൽ തർക്കങ്ങൾ ഉണ്ടായി എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.



    നിലവിൽ ഈ ജൂണോടെ റയൽ മാഡ്രിഡുമായി കരാർ അവസാനിക്കുന്ന റാമോസ് അടക്കമുള്ള ചില താരങ്ങൾ തങ്ങളുടെ പ്രതിഫലത്തിൻ്റെ 10 ശതമാനം വെട്ടിക്കുറക്കണമെന്ന തീരുമാനത്തെ പിന്തുണക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എംബാപ്പയെ ടീമിലെത്തിക്കുന്നതിനു വേണ്ടി മാത്രമാണ് ഈ പ്രതിഫലം വെട്ടിക്കുറക്കലെന്നും അതിനു സമ്മതിക്കരുതെന്നുമാണ് റാമോസ് ടീമിലെ സഹതാരങ്ങളോട് ആവശ്യപ്പെട്ടത് എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

    അടുത്ത സീസണിലേക്കുള്ള താരങ്ങളെ സ്വന്തമാക്കുന്നതിനായി തുറക്കുന്ന ട്രാൻസ്ഫർ വിപണിയിൽ റയൽ മാഡ്രിഡ് നോട്ടമിടുന്ന ഏറ്റവും പ്രധാനപ്പെട്ട താരമാണ് ഫ്രഞ്ച് സ്‌ട്രൈക്കറായ എംബാപ്പെ. നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും മൂല്യമേറിയ താരങ്ങളിൽ ഒരാളായ ഫ്രഞ്ച് താരത്തിന് വേണ്ടിയുള്ള തുക നിലവിലെ സാഹചര്യത്തിൽ റയൽ മാഡ്രിഡിന് കണ്ടെത്തുവാൻ എളുപ്പമല്ല. ഇതേത്തുടർന്നാണ് ഫെബ്രുവരിയിൽ താരങ്ങളോട് പത്തു ശതമാനം പ്രതിഫലം കുറക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ നിലവിൽ റാമോസ് അടക്കമുള്ള താരങ്ങൾ ഈ തീരുമാനത്തിന് എതിരാണ്.

    ഒരു വർഷം കഴിഞ്ഞാൽ ഫ്രീ ട്രാൻസ്ഫറിൽ ലഭ്യമാകുന്ന ഒരു കളിക്കാരനു വേണ്ടി റയൽ മാഡ്രിഡിലെ മറ്റു താരങ്ങൾ പ്രതിഫലം കുറയ്ക്കേണ്ട ആവശ്യമില്ലെന്നാണ് റാമോസിന്റെ നിലപാട്. ഇതേ തുടർന്നുള്ള തർക്കങ്ങളുടെ ഭാഗമായി റയൽ മാഡ്രിഡുമായി പതിനാറു വർഷം നീണ്ടു നിന്ന തന്റെ ബന്ധം അവസാനിപ്പിക്കാൻ റയൽ മാഡ്രിഡ് നായകൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ്. സിറ്റി, പിഎസ്‌ജി, യുവന്റസ് എന്നിങ്ങനെ നിരവധി ക്ലബുകൾ താരത്തിനായി രംഗത്തുണ്ട്.

    റാമോസ് മാഡ്രിഡ് വിടുകയാണെങ്കിൽ അവർക്ക് നഷ്ടമാകുന്നത് അവരുടെ ഏറ്റവും വിശ്വസ്തനും അതിലുപരി ഒരു മികച്ച ക്യാപ്റ്റനേയും ഒരു പ്രതിരോധ ഭടനേയുമാണ്. താരം റയൽ വിട്ടാൽ ഉണ്ടാകുന്ന വിടവ് നികത്തുക ഏറെക്കുറെ അസാധ്യമാകും. ലാലിഗയും ചാമ്പ്യൻസ് ലീഗുമടക്കം നിരവധി കിരീടങ്ങളാണ് റാമോസിൻ്റെ മികവിൽ റയൽ നേടിയിട്ടുള്ളത്. നിർണായക ഘട്ടങ്ങളിൽ തൻ്റെ ടീമിനായി രക്ഷകൻ്റെ വേഷമണിഞ്ഞിട്ടുള്ള താരം പടിയിറങ്ങുകയാണെങ്കിൽ സ്പാനിഷ് ലീഗിലെ വമ്പന്മാർക്ക് അതൊരു തിരിച്ചടിയാവും എന്നതിൽ സംശയമില്ല.

    Summary: Chances of Sergio Ramos parting ways with Real Madrid heightens after the argument over Embappe transfer issue
    Published by:user_57
    First published: