ബാഴ്‌സയിൽ നിന്നും പി എസ് ജിയിലേക്ക് എത്തിയ ലയണൽ മെസ്സിയെ ടീമിലേക്ക് സ്വാഗതം ചെയ്ത് സെർജിയോ റാമോസ്. മെസ്സി ഫ്രഞ്ച് ക്ലബ്ബുമായി കരാർ ഒപ്പുവച്ചതോടെ ചിരവൈരികളായി പോരാടിയിരുന്ന രണ്ട് താരങ്ങൾ തമ്മിലുള്ള കൂടിച്ചേരലിന് ഫുട്‍ബോൾ ലോക സാക്ഷിയായത്. സ്പാനിഷ് ലീഗിൽ എൽ ക്ലാസിക്കോയിൽ പരസ്പരം വീറോടെ പൊരുതിയിരുന്ന റയലിന്റെ റാമോസും ബാഴ്‌സയുടെ മെസ്സിയും ഇപ്പോഴിതാ പി എസ് ജിക്ക് വേണ്ടി കളിക്കാൻ ഒരുങ്ങുകയാണ്.
റയലുമായി കരാർ അവസാനിച്ചതിന് ശേഷം കരാർ പുതുക്കാൻ കഴിയാതെ ഫ്രീ ഏജന്റ് ആയി മാറിയ റാമോസിനെ നേരത്തെ തന്നെ പി എസ് ജി അവരുടെ തട്ടകത്തിൽ എത്തിച്ചിരുന്നു. അതേസമയം ലാലിഗ നിയന്ത്രണങ്ങൾ മൂലം ബാഴ്‌സക്ക് പുതിയ കരാർ നൽകാൻ നൽകാൻ കഴിയാത്തതാണ് മെസ്സിയെ പി എസ് ജിയിലെത്തിച്ചത്.
പരസ്പരം പോരടിച്ചിരുന്ന ഇരുവരും ഒരു ടീമിൽ കളിക്കുക എന്നത് ആരാധകർക്ക് നിനച്ചിരിക്കാതെ കൈവന്ന ഭാഗ്യം എന്ന് വേണം പറയാൻ. ലാലിഗയിൽ എതിരാളികളായിരുന്നെങ്കിലും ഇരുവരും തമ്മിൽ മികച്ച ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. റാമോസ് പി എസ് ജിയിലേക്ക് ചേക്കേറിയതിന് ശേഷം നൽകിയ ഒരു അഭിമുഖത്തിൽ മെസ്സിക്ക് ഈ ടീമിൽ ഇടമുണ്ടെന്നും, താരം ഫ്രഞ്ച് ക്ലബ്ബിലേക്ക് വരുന്നത് കാണാൻ തനിക്കും ആഗ്രഹമുണ്ടെന്നാണ്.
ബാഴ്‌സ വിട്ട് വന്ന മെസ്സിയെ അടുത്ത സുഹൃത്തായ നെയ്മർ വളരെ വൈകാരികമായാണ് സ്വീകരിച്ചത്. അതിന് ശേഷം ആരാധകർ കാത്തിരുന്നത് മെസ്സിയുടെ എതിരാളി ആയി നിന്നിരുന്ന റാമോസ് എങ്ങനെയാകും താരത്തെ സ്വീകരിക്കുക എന്നത് കാണാൻ ആയിരുന്നു. "ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ആരെങ്കിലും കരുതിയിരുന്നോ, ശരിയല്ലേ ലിയോ" അടുത്തടുത്തിരിക്കുന്ന മെസ്സിയുടെയും റാമോസിന്റെയും പിഎസ്‌ജി ജേഴ്‌സിയോടൊപ്പം ഒരു അടിക്കുറിപ്പുമായാണ് താരം മെസ്സിയെ വരവേറ്റത്.
ഇരുവരും ഒപ്പം കളിക്കുന്നത് കാണാൻ ആരാധകർക്കുള്ള അതേ ആവേശം റാമോസിനും ഉണ്ടെന്നുള്ളത് പോസ്റ്റിൽ നിന്ന് തെളിവാണ്. എന്നാൽ ആരാധകരുടെയും റാമോസിന്റെയും ആഗ്രഹം പോലെ ഇരുവരും ഒരുമിച്ച് കളിക്കുന്നത് കാണാൻ ഇനിയും സമയമെടുത്തേക്കും. പരുക്ക് മൂലം ഇതുവരെയും പിഎസ്‌ജിക്ക് വേണ്ടി കളിച്ചിട്ടില്ലാത്ത റാമോസ് കളത്തിലേക്ക് മടങ്ങി വരുന്നത് ഇനിയും വൈകാനാണ് സാധ്യത. അതേസമയം മെസ്സി എന്നാണ് പിഎസ്‌ജിയിൽ ആദ്യ മത്സരം കളിക്കുകയെന്നും നിലവിൽ വ്യക്തമല്ല.
പി എസ് ജിയുമായി രണ്ട് വർഷത്തേക്കുള്ള കരാറാണ് ഇരുവരും ഒപ്പിട്ടിരിക്കുന്നത്. മെസ്സിക്കും റാമോസിനും പുറമെ ഇറ്റാലിയൻ ഗോൾകീപ്പർ ഡൊന്നരുമയെയും മധ്യനിരയിലേക്ക് ഡച്ച് താരമായ വൈനാൽഡത്തെയും ഫുൾ ബാക്ക് സ്ഥാനത്ത് കളിക്കുന്ന അച്റഫ് ഹക്കീമിയെയും പി എസ് ജി നേരത്തെ സ്വന്തമാക്കിയിരുന്നു. ഇതിൽ ഡൊന്നരുമയും വൈനാൽഡവും ഫ്രീ ഏജന്റുമാരായാണ് എത്തിയതെങ്കിൽ ഹക്കീമിയെ ക്ലബ്ബ് ഫീസ് മുടക്കിയാണ് പി എസ് ജി സ്വന്തമാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.