നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ശ്രീലങ്കന്‍ താരങ്ങള്‍ ക്വാറന്റൈനില്‍; ഇന്ത്യക്കെതിരായ പരമ്പര പിന്നെയും അനിശ്ചിതത്വത്തില്‍

  ശ്രീലങ്കന്‍ താരങ്ങള്‍ ക്വാറന്റൈനില്‍; ഇന്ത്യക്കെതിരായ പരമ്പര പിന്നെയും അനിശ്ചിതത്വത്തില്‍

  ഇംഗ്ലണ്ട് പരമ്പരയുടെ ഭാഗമായുണ്ടായിരുന്ന ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ശ്രീലങ്കന്‍ താരങ്ങളും കോവിഡ് ആശങ്കയിലായത്. ഏഴ് ദിവസത്തെ ക്വാറന്റൈനാണ് ശ്രീലങ്കന്‍ താരങ്ങള്‍ക്കുള്ളത്.

  പരിശീലന വേളയിൽ ഇന്ത്യൻ താരങ്ങൾ

  പരിശീലന വേളയിൽ ഇന്ത്യൻ താരങ്ങൾ

  • Share this:
   ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ പ്രതിസന്ധികള്‍ വിടാതെ പിന്തുടരുകയാണ്. പരിമിത ഓവര്‍ പരമ്പരകളുടെ ഭാഗമായി നിലവില്‍ ഇന്ത്യയുടെ രണ്ടാം നിര ടീം ശ്രീലങ്കയിലുണ്ട്. ശിഖര്‍ ധവാന്‍ നയിക്കുന്ന ഇന്ത്യന്‍ യുവനിരയെ പരിശീലിപ്പിക്കുന്നത് ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസമായ രാഹുല്‍ ദ്രാവിഡാണ്. എന്നാല്‍ ഒട്ടേറെ പ്രതിസന്ധികള്‍ ഈ പര്യടനത്തില്‍ തുടക്കം മുതലേ വലയ്ക്കുന്നുണ്ടായിരുന്നു. താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് താരങ്ങളുടെ പ്രതിഷേധം ശ്രീലങ്കന്‍ ക്രിക്കറ്റിനെ ഈയിടെ പിടിച്ചു കുലുക്കിയിരുന്നു.

   ഇംഗ്ലണ്ടിനെതിരായ മത്സരങ്ങള്‍ക്ക് യാത്രയാകുന്നതിന് മുമ്പ് പുതിയ കരാര്‍ ഒപ്പുവയ്ക്കില്ലെന്ന് താരങ്ങള്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു. ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് താരങ്ങളെ ഹോട്ടല്‍ താജ് സമുദ്രയിലേക്ക് ചര്‍ച്ചക്കായി വിളിച്ചുവെങ്കിലും അവര്‍ കരാറില്‍ ഒപ്പിടില്ലെന്ന നിലപാട് എടുക്കുകയായിരുന്നു. വാര്‍ഷിക കരാര്‍ പുതുക്കാതെ ഒരു താത്കാലിക കരാര്‍ പ്രകാരമാണ് ഇംഗ്ലണ്ട് പര്യടനത്തിനായി ശ്രീലങ്കന്‍ ടീമംഗങ്ങള്‍ യാത്രയായത്.

   എന്നാല്‍ ഇന്ത്യയ്‌ക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകളില്‍ കളിക്കാനുള്ള ഹ്രസ്വകാല കരാറിനും താരങ്ങള്‍ വിസമ്മതിച്ചാല്‍ രണ്ടാം നിര താരങ്ങളെ വച്ച് ഇന്ത്യയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കുമെന്ന് ശ്രീലങ്കന്‍ ബോര്‍ഡ് സൂചന നല്‍കിയിരുന്നു. കരാറില്‍ ഒപ്പിടാത്തവരെ ടീമില്‍ നിന്ന് പുറത്താക്കുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് നിലപാട് എടുത്തതിന് പിന്നാലെ ഇരുപത്തിയഞ്ചോളം കളിക്കാര്‍ ടീമുമായി പുതിയ കരാര്‍ ഒപ്പു വെച്ചതായാണ് ശ്രീലങ്കന്‍ മാധ്യമമായ അഡാദെറന റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള പരമ്പരകള്‍ മുടക്കമില്ലാതെ നടക്കുമെന്ന് ഏകദേശം ഉറപ്പായിരുന്നു. എന്നാല്‍ മറ്റൊരു പ്രശ്‌നം കൂടി പര്യടനത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

   ഇംഗ്ലണ്ട് പരമ്പരക്ക് ശേഷമെത്തിയ ശ്രീലങ്കന്‍ താരങ്ങളുടെ കോവിഡ് ഫലത്തിനായുള്ള കാത്തിരിപ്പിലാണ് ഇരു ക്രിക്കറ്റ് ബോര്‍ഡും. ഇതിന് ശേഷമാവും മത്സരങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച തീരുമാനമാവുക. ഇംഗ്ലണ്ടില്‍ സമ്പൂര്‍ണ്ണ തോല്‍വി ഏറ്റുവാങ്ങിയാണ് ശ്രീലങ്ക നാട്ടിലേക്ക് തിരിച്ചെത്തുന്നത്. ഇംഗ്ലണ്ട് പരമ്പരയുടെ ഭാഗമായുണ്ടായിരുന്ന ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ശ്രീലങ്കന്‍ താരങ്ങളും കോവിഡ് ആശങ്കയിലായത്. ഏഴ് ദിവസത്തെ ക്വാറന്റൈനാണ് ശ്രീലങ്കന്‍ താരങ്ങള്‍ക്കുള്ളത്.

   പരിശോധനയില്‍ ഏതെങ്കിലും താരത്തിന് കോവിഡ് പോസിറ്റീവായല്‍ മത്സരങ്ങള്‍ റദ്ദാക്കുകയോ നീട്ടിവെക്കുകയോ ചെയ്യേണ്ടി വരും. പരമ്പരക്കായി ഇന്ത്യന്‍ ടീം വലിയ തയ്യാറെടുപ്പുകളാണ് കൊളംബോയില്‍ നടത്തുന്നത്. സീനിയര്‍ ടീമിനൊപ്പം പരിശീലകനെന്ന നിലയില്‍ ദ്രാവിഡിന്റെ രണ്ടാമൂഴമാണ് ഇത്. 2014ല്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ടീമിന്റെ ബാറ്റിങ് കണ്‍സള്‍ട്ടന്റായിരുന്നു ദ്രാവിഡ്. അതിന് ശേഷം ഇതാദ്യമായാണ് സീനിയര്‍ ടീമിന്റെ ഉത്തരവാദിത്വപ്പെട്ട പദവിയിലേക്ക് ദ്രാവിഡെത്തുന്നത്. ഇന്ത്യക്ക് ലങ്കയില്‍ വെച്ച് മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി20 മത്സരങ്ങളുമാണുള്ളത്. ആറ് മത്സരങ്ങള്‍ക്കും കൊളംബോ ആര്‍ പ്രേമദാസാ അന്തരാഷ്ട്ര സ്റ്റേഡിയമാണ് വേദിയാകുന്നത്. ജൂലൈ 13നാണ് ആദ്യ ഏകദിനം പിന്നാലെ ജൂലൈ 16നും 18നുമായി രണ്ട്, മൂന്ന് ഏകദിനങ്ങള്‍ നടക്കും. ജൂലൈ 21ന് ആദ്യ ടി20യും തുടര്‍ന്ന് ജൂലൈ 23നും 25നും ബാക്കി രണ്ടും എന്നിങ്ങനെയാണ് മത്സരക്രമം.
   Published by:Sarath Mohanan
   First published:
   )}