• HOME
  • »
  • NEWS
  • »
  • sports
  • »
  • തുടർച്ചയായി ഏഴ് പന്തുകൾ ബൗണ്ടറിയിലേക്ക്; റെയ്നയ്ക്കും ഗെയിലിനുമൊപ്പമെത്തി ഹർമൻപ്രീത്

തുടർച്ചയായി ഏഴ് പന്തുകൾ ബൗണ്ടറിയിലേക്ക്; റെയ്നയ്ക്കും ഗെയിലിനുമൊപ്പമെത്തി ഹർമൻപ്രീത്

തകർപ്പൻ ബാറ്റിങ്ങിനിടെ, തുടർച്ചയായി ഏഴ് പന്തുകൾ ബൗണ്ടറിയിലേക്ക് പായിച്ച് ഹർമൻപ്രീത് ഒരു റെക്കോർഡ് കൂടി സ്വന്തം പേരിൽ എഴുതിച്ചേർത്തു

  • Share this:

    അങ്ങനെ കാത്തിരിപ്പുകൾക്കൊടുവിൽ വനിതാ ഐപിഎലിന് തുടക്കമായി. നവി മുംബൈയിലെ DY പാട്ടീൽ സ്റ്റേഡിയത്തിൽ ആദ്യ മത്സരത്തിൽ ജയം മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. വെറും 30 പന്തിൽ 65 റൺസ് നേടി ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് വനിതാ പ്രീമിയർ ലീഗിന്റെ (WPL) ആദ്യ മത്സരം മുംബൈ ഇന്ത്യൻസിന് സമ്മാനിച്ചത്.

    ഗുജറാത്ത് ജയന്‍റ്സ് ക്യാപ്റ്റൻ ബെത്ത് മൂണി ടോസ് നേടി ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു. എന്നാൽ മിന്നുന്ന ഫോം തുടർന്ന ഹർമൻപ്രീത് കൗർ ടൂർണമെന്റിന്റെ ചരിത്രത്തിൽ അർദ്ധസെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരിയായി മാറി.

    തകർപ്പൻ ബാറ്റിങ്ങിനിടെ, തുടർച്ചയായി ഏഴ് പന്തുകൾ ബൗണ്ടറിയിലേക്ക് പായിച്ച് ഹർമൻപ്രീത് ഒരു റെക്കോർഡ് കൂടി തന്‍റെ പേരിൽ എഴുതിച്ചേർത്തു. ഏഴ് ഫോറുകളിൽ നാലെണ്ണം മോണിക്ക പട്ടേലിന്റെ 15-ാം ഓവറിൽ ആയിരുന്നു. ശേഷിച്ച മൂന്നെണ്ണം ആഷ് ഗാർഡ്‌നറുടെ 16-ാം ഓവറിലായിരുന്നു. ഈ ഏഴ് ഫോർ വന്നതോടെയാണ് മത്സരത്തിന്‍റെ കടിഞ്ഞാൻ പൂർണമായും മുംബൈയുടെ കൈയിൽ വന്ന് ചേർന്നത്.

    തുടർച്ചയായി ഏഴ് പന്തുകൾ  ബൗണ്ടറിയിലേക്ക് പായിച്ചതോടെ ഹർമൻപ്രീത് 2011 ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) ക്രിസ് ഗെയ്‌ലിന്റെ നേട്ടത്തിനൊപ്പമെത്തി. 2011ൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കേരള ടസ്‌കേഴ്‌സിനെതിരെ ഗെയ്‌ൽ ഇതേ നേട്ടം കൈവരിച്ചിരുന്നു. എന്നാൽ ഗെയിൽ അടിച്ച ഏഴെണ്ണവും ഫോർ ആയിരുന്നില്ല, നാല് സിക്സറും ഉൾപ്പെടുന്നതായിരുന്നു ആ നേട്ടം. പുതുമുഖ പേസർ പ്രശാന്ത് പരമേശ്വരനെതിരെ 37 റൺസാണ് ഗെയിൽ ഒരൊറ്റ ഓവറിൽ അടിച്ചുകൂട്ടിയത്. 2014ലെ ഐപിഎൽ ക്വാളിഫയർ 2-ൽ ചെന്നൈ സൂപ്പർ കിംഗ്‌സും പഞ്ചാബ് കിംഗ്‌സും തമ്മിൽ നടന്ന മത്സരത്തിൽ സുരേഷ് റെയ്‌നയും തുടർച്ചയായി ഏഴ് തവണ പന്ത് അതിർത്തി കടത്തി. പർവീന്ദർ അവാനയ്‌ക്കെതിരെ ഒരു ഓവറിൽ രണ്ട് സിക്‌സറുകളും അഞ്ച് ഫോറുകളുമാണ് റെയ്ന അടിച്ചുകൂട്ടിയത്.

    Published by:Anuraj GR
    First published: