ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് തകർപ്പൻ തുടക്കങ്ങൾ സമ്മാനിച്ചു കൊണ്ട് രാജ്യാന്തര ക്രിക്കറ്റിൽ വരവറിയിച്ച ഷഫാലി വർമ അപൂർവ നേട്ടത്തിന് ഉടമയായിരിക്കുകയാണ്. ഇന്ത്യക്കു വേണ്ടി മൂന്നു ഫോര്‍മാറ്റിലും കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ക്രിക്കറ്ററായി മാറിയിരിക്കുകയാണ് വനിതാ ടീമിലെ ഓപ്പണറായ ഷഫാലി വര്‍മ. ഇംഗ്ലണ്ടിനെതിരെ ഇന്നു നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യൻ ടീമിന് വേണ്ടി ഇറങ്ങിയതോടെയാണ് ഇന്ത്യയുടെ പുരുഷ, വനിതാ ക്രിക്കറ്റില്‍ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടം ഷഫാലി സ്വന്തം പേരിലാക്കിയത്. വെറും 17 വയസും 150 ദിവസവും മാത്രമാണ് ഷഫാലിയുടെ പ്രായം. അതേസമയം, ഇന്നത്തെ മത്സരത്തിൽ ഇറങ്ങിയതോടെ രാജ്യാന്തര തലത്തിൽ പുരുഷ, വനിതാ വിഭാഗങ്ങളിലായി മൂന്നു ഫോര്‍മാറ്റിലും കളിച്ച പ്രായം കുറഞ്ഞ താരങ്ങളുടെ ലിസ്റ്റിൽ ഷഫാലി അഞ്ചാമതെത്തുകയും ചെയ്തു. അഫ്ഗാനിസ്താന്റെ പുരുഷ ടീമിലെ സ്പിന്നറായ മുജീബുര്‍ റഹ്മാനാണ് ഈ ലിസ്റ്റിലെ ഒന്നാമന്‍. 17 വയസും 78 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു മുജീബ് അഫ്‌ഗാൻ ടീമിന് വേണ്ടി എല്ലാ ഫോര്‍മാറ്റുകളിലും കളിക്കുന്ന താരമായത്. ഇംഗ്ലണ്ടിന്റെ വനിതാ താരമായ സാറ ടെയ്‌ലര്‍ (17 വയസ് 86 ദിവസം), ഓസ്‌ട്രേിലിയയുടെ വനിതാ താരമായ എല്ലീസ് പെറി (17 വയസ് 104 ദിവസം), പാകിസ്താന്റെ സ്റ്റാര്‍ പേസറായിരുന്ന മുഹമ്മദ് ആമിര്‍ (17 വയസ് 108 ദിവസം) എന്നിവരാണ് ഷഫാലിക്ക് മുന്നിലുള്ള താരങ്ങൾ.
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇറങ്ങി റെക്കോർഡ് നേട്ടം കുറിച്ച ഷഫാലിക്കു പക്ഷെ മത്സരത്തിൽ തിളങ്ങാൻ കഴിഞ്ഞില്ല. 14 പന്തുകൾ നേരിട്ട താരത്തിന് വെറും 15 റൺസ് മാത്രമാണ് എടുക്കാൻ കഴിഞ്ഞത്. മത്സരത്തിൽ ക്യാപ്റ്റൻ മിതാലി രാജിന്റെ അർധസെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ 202 എന്ന ഭേദപ്പെട്ട സ്‌കോറിൽ എത്തിയത്. ഇന്ത്യയുടെ ചെറിയ സ്കോർ പിന്തുടർന്ന ഇംഗ്ലണ്ട് പക്ഷെ ആധികാരികമായാണ് മത്സരം ജയിച്ചത്. ഇന്ത്യ ഉയർത്തിയ ലക്‌ഷ്യം പിന്തുടർന്ന അവർ 91 പന്തുകളും എട്ട് വിക്കറ്റും ബാക്കി നിർത്തിയാണ് മത്സരത്തിൽ ജയം സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സര ഏകദിന പരമ്പരയിൽ 1-0ന് മുന്നിലെത്താനും ഇംഗ്ലണ്ടിന് കഴിഞ്ഞു.
നേരത്തേ ഏഴു വർഷങ്ങൾക്ക് ശേഷം ടെസ്റ്റ് മത്സരം കളിക്കാനിറങ്ങിയ ഇന്ത്യൻ ടീമിൽ ഷഫാലിയും ഉണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരെ നടന്ന ഒറ്റ മത്സര ടെസ്റ്റ് പരമ്പരയിൽ മിന്നും പ്രകടനമാണ് ഷഫാലി പുറത്തെടുത്തത്. തന്റെ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേട്ടം എന്നതിന്റെ വളരെ അടുത്തെത്തിയാണ് താരം പുറത്തായത്. ഒന്നാം ഇന്നിങ്സിൽ 96 റൺസ് നേടിയ താരം തനിക്ക് അർഹിച്ച സെഞ്ചുറിക്ക് നാല് റൺസ് മാത്രം അകലെയാണ് പുറത്തായത്. രണ്ടാമിന്നിങ്‌സിലും മികച്ച പ്രകടനം നടത്തിയ താരം 63 റണ്‍സ് അടിച്ചെടുത്തിരുന്നു. ഈ പ്രകടനങ്ങളുടെ ബലത്തിൽ വനിതാ ക്രിക്കറ്റില്‍ അരങ്ങേറ്റ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും അർധസെഞ്ചുറി നേടിയ ആദ്യ താരമെന്ന റെക്കോര്‍ഡും അന്ന് ഷഫാലി കുറിച്ചിരുന്നു. മല്‍സരം സമനിലയില്‍ കലാശിച്ചെങ്കിലും ഷഫാലിയടക്കം ഇന്ത്യക്കു വേണ്ടി അരങ്ങേറിയ ചില താരങ്ങളുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു.
ഇന്ത്യക്കു വേണ്ടി ടി20 ഫോർമാറ്റിൽ അരങ്ങേറിയാണ് താരം രാജ്യാന്തര തലത്തിൽ വരവറിയിച്ചത്. ഇന്ത്യക്ക് വേണ്ടി ഇതുവരെ 22 ടി20 മത്സരങ്ങൾ കളിച്ച താരം മൂന്ന് അർധസെഞ്ചുറിയടക്കം 617 റണ്‍സാണ് ഇതുവരെ അടിച്ചെടുത്തിട്ടുള്ളത്. ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണർ ആയിരുന്ന വിരേന്ദർ സെവാഗുമായാണ് താരത്തെ താരതമ്യം ചെയ്യുന്നത്. സെവാഗിനെപ്പോലെ തന്നെ ആദ്യ പന്ത് മുതൽ അടിച്ചുകളിച്ച് മുന്നേറുന്ന താരം നിലവിൽ വനിതാ ക്രിക്കറ്റിലെ മികച്ച ഓപ്പണർമാരിൽ ഒരാൾ കൂടിയാണ്. ഇനിയും തന്റെ മുന്നിൽ ഒരു നീണ്ട കരിയർ തന്നെ ബാക്കിയുള്ള യുവതാരത്തിനു ഇന്ത്യക്ക് വേണ്ടി ഒരുപാട് നേട്ടങ്ങൾ നേടാൻ കഴിയുമെന്ന് ഉറപ്പാണ്.
Summary
Indian women cricketer Shafali Verma enters record book, becomes the youngest Indian player to feature for India across all formats
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.