അഫ്ഗാനിസ്ഥാനിൽ അടുത്തിടെ ഭരണത്തിലേറിയ താലിബാനെ പിന്തുണച്ച് മുൻ പാകിസ്താൻ ഓൾ റൗണ്ടർ ഷാഹിദ് അഫ്രീദി. അഫ്ഗാനിൽ താലിബാൻ ഭരണത്തിലേറിയത് മികച്ച ചിന്താഗതിയോടെയാണെന്ന് അഫ്രീദി പറഞ്ഞു. താലിബാൻ ഭരണത്തിലേറിയതിന് ശേഷം അഫ്ഗാനിൽ കടുത്ത പ്രതിസന്ധി തുടരുന്നതിനിടെ വന്ന അഫ്രീദിയുടെ ഈ പ്രതികരണം വലിയ വിവാദത്തിനാണ് വഴിവെച്ചിരിക്കുന്നത്.
മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ അഫ്രീദി താലിബാന് തന്റെ പിന്തുണ അറിയിച്ചുകൊണ്ട് നടത്തുന്ന പ്രതികരണം പാകിസ്താനി മാധ്യമപ്രവർത്തകയായ നൈല ഇനായത് അവരുടെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചുകൊണ്ടാണ് വിവാദത്തിന് തിരി കൊളുത്തിയത്. ഈ വീഡിയോയിൽ അഫ്രീദി പറയുന്നത് - 'താലിബാൻ വന്നത് വളരെ മികച്ച ചിന്താഗതിയോടെയാണ്. അവർ സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കുന്നു. അവർ സ്ത്രീകളെ രാഷ്ട്രീയത്തിൽ മത്സരിക്കാൻ അനുവദിക്കുന്നു. അവർ ക്രിക്കറ്റിനെ പിന്തുണക്കുന്നു. താലിബാന് ക്രിക്കറ്റ് വളരെ ഇഷ്ടമാണെന്ന് എനിക്ക് തോന്നുന്നു.'' -അഫ്രീദി പറഞ്ഞു. പാകിസ്താൻ പ്രധാനമന്ത്രിയായ ഇമ്രാൻ ഖാനും നേരത്തെ താലിബാൻ ഭരണത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.
❝Taliban have come with a very positive mind. They're allowing ladies to work. And I believe Taliban like cricket a lot❞ Shahid Afridi. He should be Taliban's next PM. pic.twitter.com/OTV8zDw1yu
അഫ്രീദിയുടെ പ്രതികരണം അടങ്ങിയ വീഡിയോ പങ്കുവെച്ചുകൊണ്ട് ട്വീറ്റ് ചെയ്ത നൈല, അഫ്രീദി അടുത്ത താലിബാൻ പ്രധാനമന്ത്രി ആകേണ്ട വ്യക്തിയാണ് എന്ന് രേഖപ്പെടുത്തിയാണ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്വി, പാകിസ്തകന്-കനേഡിയന്‍ ജേണലിസ്റ്റ് താരിക് ഫത്താഹ് അടക്കമുള്ളവര്‍ അഫ്രീദിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്റർ ഉപയോക്താക്കളായ സാധാരണക്കാരും അഫ്രീദിയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, നേരത്തെ, അടുത്ത വർഷത്തെ പാകിസ്താൻ സൂപ്പർ ലീഗിന് (പിഎസ്എൽ) ശേഷം ക്രിക്കറ്റിൽ നിന്ന് പൂർണമായി വിരമിച്ചേക്കുമെന്ന് അഫ്രീദി അറിയിച്ചിരുന്നു. രാജ്യാന്തര മത്സരങ്ങളിൽ നിന്നും നേരത്തെ വിരമിക്കൽ പ്രഖ്യാപിച്ച വെറ്ററൻ താരം പിഎസ്എല്ലിന്റെ ഭാഗമായിരുന്നു. കശ്മീർ പ്രീമിയർ ലീഗ് ഉൾപ്പെടെ ലോകത്തിലെ മറ്റ് ടി20 ലീഗുകളിലും അദ്ദേഹം പാഡണിഞ്ഞു. എന്നാൽ, അടുത്ത വർഷത്തെ പിഎസ്എല്ലിന് ശേഷം ക്രിക്കറ്റിൽ നിന്നും പൂർണമായി വിരമിക്കുന്നതിനെപ്പറ്റി ആലോചിക്കുമെന്നാണ് ഇപ്പോൾ അഫ്രീദിയുടെ പ്രഖ്യാപനം.
46 കാരനായ താരം നിലവിൽ മുൾട്ടാൻ സുൽത്താൻസിൻ്റെ താരമാണ്. എന്നാൽ, വരുന്ന സീസണിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിനായി കളിക്കാനാണ് തനിക്ക് താത്പര്യമെന്ന് അഫീദി പറഞ്ഞു. “ചിലപ്പോൾ ഇതെൻ്റെ അവസാന പിഎസ്എൽ ആവും. മുൾട്ടാൻ അനുവദിക്കുമെങ്കിൽ എനിക്ക് വരുന്ന സീസണിൽ ക്വെറ്റയിൽ കളിക്കണം. എന്നെ വിടാൻ താത്പര്യമില്ലെങ്കിൽ ഞാൻ മുൾട്ടാനിൽ തന്നെ കളിക്കും.”- അഫ്രീദി പറഞ്ഞു.
2010ൽ ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിച്ച അഫ്രീദി 2015 ലോകകപ്പിനു ശേഷം ഏകദിന മത്സരങ്ങളിൽ നിന്നും പാഡഴിച്ചു. 2017ൽ ടി20 മത്സരങ്ങളിൽ നിന്നും വിരമിച്ച അഫ്രീദി 2018ലാണ് അവസാനമായി രാജ്യാന്തര മത്സരം കളിച്ചത്.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.