കാളിപൂജയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ ഷാകിബ് അൽ ഹസന് വ്യക്തിഗത അംഗരക്ഷകനെ ഏർപ്പെടുത്തി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ധാക്കയിലെ മിർപൂരിലെ ഷേർ-ഇ-ബംഗ്ലാ സ്റ്റേഡിയത്തിൽ പ്രാക്ടീസ് സെഷനിലെത്തിയപ്പോഴാണ് ഇന്ന് താരത്തിന് അംഗരക്ഷകൻ അകമ്പടിയായി വന്നത്. കൊൽക്കത്തയിൽ കാളി പൂജ പന്തൽ ഉദ്ഘാടനം ചെയ്തതിന് പിന്നാലെ താരത്തിന് വധഭീഷണി ലഭിച്ചിരുന്നു. സംഭവം വിവാദമായതോടെ ഷാകിബ് അൽ ഹസൻ മാപ്പ് പറഞ്ഞു രംഗത്തെത്തിയിരുന്നു.
“ഭീഷണികളെ വ്യക്തിപരവും ഒറ്റപ്പെട്ടതുമായ സംഭവങ്ങളായി ഞങ്ങൾ കാണുന്നുണ്ടെങ്കിലും മുൻകരുതലായിട്ടാണ് ഞങ്ങൾ ഈ നടപടി സ്വീകരിച്ചത്,” ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് സിഇഒ നിസാം ഉദ്ദീൻ ചൌധരി ബിഡി ന്യൂസ് 24.കോമിനോട് പറഞ്ഞു.
കൊൽക്കത്തയിൽ കാളി പൂജ പന്തൽ ഉദ്ഘാടനം ചെയ്തതിന് ക്രിക്കറ്റ് ഓൾറൌണ്ടർ ഷക്കീബ് അൽ ഹസനെ ഭീഷണിപ്പെടുത്തിയ ഒരാളെ ബംഗ്ലാദേശ് പോലീസ് അറസ്റ്റ് ചെയ്തു. തെക്കുകിഴക്കൻ സുനാംഗഞ്ച് ജില്ലയിൽ നിന്ന് 28 കാരനായ മൊഹ്‌സിൻ താലൂക്ക്ദാറിനെ എലൈറ്റ് ക്രൈം ആന്റി റാപ്പിഡ് ആക്ഷൻ ബറ്റാലിയനും (ആർഎബി) ചേർന്നു അറസ്റ്റ് ചെയ്തു. "തുടർന്നുള്ള നിയമ നടപടികൾക്കായി അദ്ദേഹം ഇപ്പോൾ ഞങ്ങളുടെ കസ്റ്റഡിയിലാണ്, ”- ഒരു പോലീസ് ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.
കൊൽക്കത്തയിലെ “അമ്ര സോബായ് ക്ലബിലെ” പരിപാടിയിലെ ഷാകിബിന്‍റെ ചിത്രം വൈറലായതിന് ശേഷം, ഞായറാഴ്ച രാത്രി താലൂക്ക്ദാർ ഫേസ്ബുക്ക് ലൈവിൽ കയ്യിൽ ഒരു വലിയ ആയുധവുമായി ഷാക്കിബിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, പൂജ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് തന്റെ മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് പറഞ്ഞായിരുന്നു വധ ഭീഷണി ഉയർത്തിയത്.
അതിരാവിലെ തന്നെ ടോക്കുദാർ ഭീഷണി പിൻവലിക്കുകയും സോഷ്യൽ മീഡിയയിലെ മറ്റൊരു ലൈവ് വീഡിയോയിൽ ക്ഷമ ചോദിക്കുകയും പിന്നീട് ഒളിവിൽ പോവുകയും ചെയ്തു. അയൽ പ്രവിശ്യയായ സുനാംഗഞ്ച് ജില്ലയിൽനിന്നാണ് ഇയാളെ പിന്നീട് കണ്ടെത്തിയത്. ഭാര്യയെ ചോദ്യം ചെയ്യലിനായി നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. 33 കാരനായ ക്രിക്കറ്റ് താരത്തെ ഭീഷണിപ്പെടുത്തിയ ആൾക്ക് തീവ്ര ഇസ്ലാമിക് സംഘടനയുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു. സംഭവത്തിൽ ഷാകിബ് അൽ ഹസൻ പരസ്യ ക്ഷമാപണം നടത്തുന്നു. കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കീം ആണ് പരിപാടി ഉദ്ഘാടനം ചെയ്തതെന്ന് പിന്നീട് പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bangladesh cricketer, Death Threat, Kali Puja, Shakib Al Hasan