പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് ഇനി വെറും ഒരു ദിവസം മാത്രമാണ് ബാക്കി നില്‍ക്കുന്നത്. കെയ്ന്‍ വില്യംസണ് നയിക്കുന്ന കരുത്തരായ ന്യൂസിലന്‍ഡ് ആണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം. ഇരു ടീമുകളും തുല്യശക്തികള്‍ ആയതിനാല്‍ മത്സരം തീ പാറുമെന്നത് നിസ്സംശയം പറയാന്‍ സാധിക്കും. ഇംഗ്ലണ്ടിലെ പേസിനെ തുണക്കുന്ന പിച്ചുകളില്‍ രണ്ട് ടീമുകളിലെയും സ്റ്റാര്‍ പേസര്‍മാര്‍ എന്തെല്ലാം മായാജാലങ്ങളാണ് കാണിക്കാന്‍ പോകുന്നതെന്ന് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുകയാണ്. ഗംഭീര പേസ് നിരകളാണ് ഇരു ടീമുകളുടെയും പക്കലുള്ളത്.
ഫൈനലില്‍ രണ്ട് ലോകോത്തര താരങ്ങളുടെ ഏറ്റുമുട്ടലിനായാണ് ക്രിക്കറ്റ് ആരാധകര്‍ പ്രധാനമായും കാത്തിരിക്കുന്നത്. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയും ന്യൂസിലന്‍ഡ് സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടും ഡ്യൂക് ബോളില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ എന്താണ് സംഭവിക്കുക എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ് ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് പ്രമുഖര്‍ സമാന അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ സഹതാരങ്ങളായ രോഹിത്തും ബോള്‍ട്ടും പരിശീലന വേളകളില്‍ കൊമ്പു കോര്ക്കാറുണ്ടെന്ന് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ടീമിന്റെ ബോളിങ് പരിശീലകനായ മുന്‍ ന്യൂസിലന്‍ഡ് താരം ഷെയിന്‍ ബോണ്ട്.
'ഐ പി എല്‍ സീസണില്‍ പരിശീലനത്തിനിടെ ബോള്‍ട്ട്, രോഹിത്തിന്റെ പാഡില്‍ പന്തെറിയുമായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇതായിരിക്കും സംഭവിക്കാന്‍ പോകുന്നതെന്ന് ബോള്‍ട്ട് രോഹിതിന് മുന്നറിയിപ്പും നല്‍കുമായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ അവര്‍ ഇതേപ്പറ്റി സംസാരിച്ചിരുന്നത് അതിശയകരമായ കാര്യമാണ്. ഇരുവര്‍ക്കും ഇത്തരമൊരു സാഹചര്യമുണ്ടാകുമെന്ന് അറിയാമായിരുന്നു. രോഹിത് എനിക്ക് ഇഷ്ടമുള്ള താരമാണ്. മുന്‍ ഓസ്ട്രേലിയന്‍ താരം മാത്യു ഹെയ്ഡനെ ഓര്‍മിപ്പിക്കും വിധമാണ് അവന്റെ ബാറ്റിങ്. വളരെ പ്രതികൂലമായ സാഹചര്യത്തിലും മികവ് പുറത്തെടുക്കും. അദ്ദേഹം വേഗത്തില്‍ സ്കോര്‍ ചെയ്യുമ്പോള്‍ ബോളര്‍മാര്‍ സമ്മര്‍ദത്തിലാകുന്നു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ബോള്‍ട്ട്- രോഹിത് പോരാട്ടത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്'- ഷെയ്ന് ബോണ്ട് പറഞ്ഞു.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ താനും ആകാംക്ഷയോടെ കാത്തിരിക്കുന്നത് രോഹിത് ശര്‍മ്മയും ട്രെന്റ് ബോള്‍ട്ടും തമ്മിലുള്ള പോരാട്ടത്തിനാണെന്ന് വിരേന്ദര്‍ സേവാഗും പറഞ്ഞിരുന്നു. 'ട്രെന്റ് ബോള്‍ട്ട്- ടിം സൗത്തി സഖ്യം ഇന്ത്യക്ക് വലിയ ഭീഷണിയാകും എന്നതില്‍ സംശയമില്ല. പന്ത് ഇരുവശത്തേക്കും സ്വിങ്ങ് ചെയ്യിക്കാന്‍ മാത്രമല്ല, മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാനും ഇരുവര്‍ക്കുമാകും. ബോള്‍ട്ട്- രോഹിത് പോരാട്ടത്തിനാണ് ഞാന്‍ കാത്തിരിക്കുന്നത്. ബോള്‍ട്ട് ഓപ്പണിങ്ങ് സ്പെല്‍ എറിയുകയും രോഹിത് നിലയുറപ്പിക്കുകയും ചെയ്താല്‍ അത് കാഴ്ചയ്ക്ക് വിരുന്നാകുമെന്നത് ഉറപ്പാണ്. രോഹിത് മികച്ച ബാറ്റ്സ്മാനാണ്. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ രോഹിത് ആദ്യമായാണ് ഓപ്പണ്‍ ചെയ്യുന്നതെങ്കിലും, 2014ല്‍ കളിച്ച അനുഭവം രോഹിതിനെ സഹായിച്ചേക്കും'- സേവാഗ് പറഞ്ഞു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.