ഇതിഹാസ ക്രിക്കറ്റ് താരം ഷെയ്ന് വോണിന്റെ (Shane Warne) വിയോഗവാര്‍ത്തയുടെ നടുക്കത്തിലാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍. ലെഗ് സ്പിന്നില്‍ വോണിനെ പോലെ ജാലവിദ്യ കാട്ടിയ മറ്റൊരു താരവും ഇക്കാലം വരെ ലോക ക്രിക്കറ്റില്‍ ഉണ്ടായിട്ടില്ല. ഔദ്യോഗിക തിരക്കുകളില്‍ നിന്നും മാറി തായ്ലന്ഡില് വിശ്രമിക്കാനായി പോയ വോണ്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് വിടപറയുകയായിരുന്നു. ഇപ്പോഴിതാ അദേഹത്തിന്റെ അന്ത്യനിമിഷങ്ങളെക്കുറിച്ച് വെളിപ്പെടുത്തുകയാണ് അടുത്ത സുഹൃത്ത് ടോം ഹാള്‍.
മരിക്കുന്നതിനു തൊട്ടുമുന്‍പും അദ്ദേഹത്തിന്റെ ചിന്തകളില്‍ രാജസ്ഥാന് റോയല്‍സും (Rajasthan Royals) ഐപിഎല്ലും (IPL) ഉണ്ടായിരുന്നുവെന്നാണ് ഹാള്‍ പറയുന്നത്. 'ദി സ്പോര്‍ട്ടിങ് ന്യൂസ്' എന്ന അമേരിക്കന്‍ മാധ്യമത്തില്‍ എഴുതിയ ലേഖനത്തിലാണ് വോണിനൊപ്പമുണ്ടായിരുന്ന അവസാന മണിക്കൂറുകളെക്കുറിച്ച് ഹാള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
'പ്രഥമ ഐപിഎല്ലില്‍ താന്‍ നേടിയ നേട്ടങ്ങളില്‍ വോണ്‍ എപ്പോഴും അഭിമാനം കൊണ്ടിരുന്നു. പ്രത്യേകിച്ച് രാജസ്ഥാനൊപ്പം കിരീടം നേടിയതിനെക്കുറിച്ച് കൂടെക്കൂടെ പറയുമായിരുന്നു. മരണത്തിനു തൊട്ടുമുന്‍പും അദ്ദേഹം രാജസ്ഥാന് ടീമിനെക്കുറിച്ച് സംസാരിച്ചിരുന്നു.'- ഹാള്‍ ലേഖനത്തില്‍ അനുസ്മരിച്ചു.
പ്രഥമ ഐപിഎല്‍ സീസണിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന് പരാജയപ്പെട്ടപ്പോള്‍ വോണ്‍ ഉടമയോട് 'പേടിക്കേണ്ട, നമുക്ക് എല്ലാം ശരിയാക്കാം' എന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിന്നീടാണ് വോണിന്റെ നേതൃത്വത്തില്‍ രാജസ്ഥാന് പ്രഥമ ഐപിഎല്‍ കിരീടം സ്വന്തമാക്കിയതും. വരുന്ന സീസണില്‍ അവരുടെ സാധ്യതകളെക്കുറിച്ചൊക്കെ ആവേശഭരിതനായി അദ്ദേഹം സംസാരിച്ചെന്നും ഹാള്‍ പറഞ്ഞു. വോണ്‍ താന്‍ ആദ്യ ഐപിഎല്‍ ജഴ്സി, 2005 ആഷസ് ക്രിക്കറ്റ് പരമ്പരയില്‍ ഉപയോഗിച്ച ജഴ്സി എന്നിവ അദ്ദേഹത്തിന് സമ്മാനമായി നല്‍കിയിട്ടുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തായ്ലന്ഡില് അവധി ആഘോഷിക്കുന്നതിനിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ഷെയ്ന് വോണ്‍ അന്തരിച്ചത്. വോണിന്റെ മരണത്തിനു പിന്നാലെ രാജസ്ഥാന് റോയല്‍സ് വൈകാരികമായ അനുസ്മരണക്കുറിപ്പ് തങ്ങളുടെ ഔദ്യോഗിക പേജുകളിലൂടെ പുറത്തുവിട്ടിരുന്നു. 'കിങ് ഓഫ് സ്പിന്‍' എന്നാണ് തങ്ങളുടെ ആദ്യ നായകനെ റോയല്‍സ് വിശേഷിപ്പിച്ചത്
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായിട്ടാണ് ഷെയ്ന് വോണിനെ കണക്കാക്കുന്നത്. വോണ്‍-സച്ചിന്, വോണ്‍-ലാറ പോരാട്ടം വിഖ്യാതമായിരുന്നു. ടെസ്റ്റ് വിക്കറ്റ് നേട്ടത്തില്‍ ലോകത്തെ രണ്ടാം സ്ഥാനക്കാരനാണ് ഷെയ്ന് വോണ്‍. 145 ടെസ്റ്റുകളില്‍നിന്ന് 708 വിക്കറ്റുകളാണ് വോണ്‍ നേടിയത്.
194 ഏകദിനങ്ങളില്‍നിന്ന് 293 വിക്കറ്റുകളും നേടി. രാജ്യാന്തര ക്രിക്കറ്റില്‍ 1001 വിക്കറ്റുകള്‍ എന്ന നേട്ടവും 1992 മുതല്‍ 2007 വരെ നീണ്ട കരിയറിനുള്ളില്‍ അദ്ദേഹം സ്വന്തമാക്കിയിരുന്നു. ടെസ്റ്റില്‍ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ രണ്ടിംഗ്സിലുമായി 10 വിക്കറ്റ് നേട്ടവും വോണ്‍ സ്വന്തം പേരിലാക്കി. ടെസ്റ്റില്‍ 3154 റണ്‍സും ഏകദിനത്തില്‍ 1018 റണ്‍സും നേടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.