കോഹ്ലിക്ക് വഖാര്‍ യൂനസിനെയോ ഷെയ്ന് വോണിനെയോ നേരിടേണ്ടി വന്നിട്ടില്ല, ഒരിക്കലും സച്ചിനുമായി താരതമ്യം ചെയ്യരുതെന്ന് അക്തര്‍
കോഹ്ലിക്ക് വഖാര്‍ യൂനസിനെയോ ഷെയ്ന് വോണിനെയോ നേരിടേണ്ടി വന്നിട്ടില്ല, ഒരിക്കലും സച്ചിനുമായി താരതമ്യം ചെയ്യരുതെന്ന് അക്തര്‍
കോഹ്ലി കളിച്ചത് സച്ചിന്റെ കാലഘട്ടത്തിലല്ലയെന്നും ആ കാലഘട്ടത്തിലെ പോലെ മികച്ച ബൗളര്‍മാര്‍ ഇന്നില്ലയെന്നും അക്തര്‍ തുറന്നടിച്ചു.
news18
Last Updated :
Share this:
ലോക ക്രിക്കറ്റിലെ എക്കാലത്തെയും ഏറ്റവും വേഗതയേറിയ ബൗളര്‍ ആരെന്ന ചോദ്യത്തിന് ഇപ്പോഴും ഒറ്റ ഉത്തരമേയുള്ളൂ. അതാണ് മുന്‍ പാക് സ്റ്റാര്‍ പേസര്‍ ഷോയിബ് അക്തര്‍. 'റാവല്‍പിണ്ടി എക്സ്പ്രസ്സ്' എന്ന പേരില്‍ അറിയപ്പെടുന്ന താരത്തിന്റെ റെക്കോര്‍ഡ് വേഗത മണിക്കൂറില്‍ 161.3 കി മി ആണ്. 30യാര്‍ഡ് സര്‍ക്കിളിന് പുറത്തുനിന്നുള്ള അദ്ദേഹത്തിന്റെ റണ്ണപ്പ് അക്കാലത്തെ കേമന്മാരായ ബാറ്റ്സ്മാന്മാരുടെ വരെ ഉറക്കം കളഞ്ഞിരുന്നു. അക്തറിന്റെ വെടിയുണ്ടകളെ നേരിടാന്‍ അസാമാന്യ ധൈര്യം കൈമുതലായി വേണമായിരുന്നു. ചുരുക്കം ചില ബാറ്റ്സ്മാന്മാര്‍ക്കേ അതിനു കഴിഞ്ഞിട്ടുമുള്ളൂ. തീ തുപ്പുന്ന ബോളുകള്‍ കൊണ്ടു മാത്രമല്ല സ്ലെഡ്ജിങിലൂടെയും എതിര് ടീം ബാറ്റ്സ്മാന്മാരെ പ്രകോപിപ്പിച്ച് പുറത്താന്‍ മിടുക്കനായിരുന്നു അക്തര്‍.
അതേസമയം ലോകം കണ്ട എക്കാലത്തെയും മികച്ച രണ്ട് ബാറ്റ്സ്മാന്മാരാണ് ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് തെണ്ടുല്‍ക്കറും വിരാട് കോഹ്ലിയും. ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡ് സച്ചിന്റെ പേരിലാണെങ്കിലും ടി20 റണ്‍വേട്ടയില്‍ കോഹ്ലിയാണ് ഒന്നാമത്. ക്രിക്കറ്റിലെ റെക്കോര്‍ഡുകളുടെ കാര്യത്തിലും സച്ചിന് എതിരാളിയായി വളര്‍ന്നിരിക്കുകയാണ് കോഹ്ലി. ക്രിക്കറ്റില്‍ സച്ചിന് തെണ്ടുല്‍ക്കറുടെ പിന്‍ഗാമിയെന്നാണ് വിരാട് കോഹ്ലിക്കുള്ള വിശേഷണം. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്റര്‍നെറ്റില്‍ തിരയുന്ന ക്രിക്കറ്ററാണ് വിരാട് കോഹ്ലി ഇപ്പോള്‍. സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരില് ഒരാളായി കണക്കാക്കപ്പെടുന്ന കോഹ്ലിക്ക് ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും വലിയ ആരാധക പിന്തുണയാണുള്ളത്.
പല സമയത്തും ഇവര്‍ രണ്ട് പേരിലും ആരാണ് കേമന്‍ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ സച്ചിനെയും കോഹ്ലിയെയും താരതമ്യം ചെയ്യുന്നവര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് സ്റ്റാര്‍ ബൗളര്‍ ഷോയിബ് അക്തര്‍. കോഹ്ലി കളിച്ചത് സച്ചിന്റെ കാലഘട്ടത്തിലല്ലയെന്നും ആ കാലഘട്ടത്തിലെ പോലെ മികച്ച ബൗളര്‍മാര്‍ ഇന്നില്ലയെന്നും അക്തര്‍ തുറന്നടിച്ചു.
'കോഹ്ലിയെ സച്ചിന് തെണ്ടുല്‍ക്കറുമായി താരതമ്യം ചെയ്യുന്നത് ഇനിയെങ്കിലും നിര്‍ത്തൂ. കോഹ്ലി സച്ചിന്റെ കാലഘട്ടത്തിലല്ല കളിച്ചത്. സച്ചിന് കളിച്ചത് 50 ഓവര്‍ ക്രിക്കറ്റിന്റെ കാലഘട്ടത്തിലാണ്. അവിടെ 10 ഓവറിന് ശേഷം ബൗളര്‍മാര്‍ക്ക് റിവേഴ്സ് സ്വിങ് ലഭിക്കും. സച്ചിന് നേരിട്ടതാകട്ടെ വസിം അക്രത്തെയും വഖാര്‍ യൂനിസിനെയും ഒപ്പം ഷെയ്ന് വോണിന്റെ സ്പിന്‍ ബൗളിങിനെയും'- അക്തര്‍ പറഞ്ഞു.
'ആ കാലത്ത് എല്ലാ ടീമിലും സ്പെഷ്യലിസ്റ്റ് ബൗളര്‍മാര്‍ ഉണ്ടായിരുന്നു. ലാന്‍സ് ക്ലൂസ്നേര്, ജാക്ക് കാലിസ്, ഷോണ്‍ പൊള്ളോക്ക്, അലന് ഡൊണാള്‍ഡ്, മഖായ എന്റിനി എല്ലാ ടീമിലും 5 മികച്ച ഫാസ്റ്റ് ബൗളര്‍മാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് എത്ര പേരുണ്ട്? പാറ്റ് കമ്മിന്‍സും ജോഷ് ഹേസല്വുഡുമുണ്ട്. അവരെ കഴിഞ്ഞാല്‍ വേറെ ആരാണുള്ളത്?'- അക്തര്‍ കൂട്ടിച്ചേര്‍ത്തു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.