നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Shoun Roger | തിരുവനന്തപുരം സ്വദേശി ഷോണ്‍ റോജര്‍ അണ്ടര്‍-19 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക്

    Shoun Roger | തിരുവനന്തപുരം സ്വദേശി ഷോണ്‍ റോജര്‍ അണ്ടര്‍-19 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക്

    ശംഖുംമുഖം വെട്ടുകാട് എം.എ. ഭവനില്‍ ആന്റണി റോജറിന്റെയും പെട്രീഷ്യ റോജറിന്റെയും മകനാണ്.

    • Share this:
      കേരളത്തില്‍ നിന്ന് മറ്റൊരു യുവതാരം കൂടി ദേശീയ ക്രിക്കറ്റ് ടീമിലേക്ക്(National Cricket Team) തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. തിരുവനന്തപുരം ശംഖുംമുഖത്തുനിന്നുള്ള ഷോണ്‍ റോജറാണ്(Shoun Roger) അണ്ടര്‍-19 ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാമ്പിലേക്കെത്തുന്നത്. ടീമിലെ ഏക മലയാളി താരമാണ് തിരുവനന്തപുരം വെട്ടുകാട് സ്വദേശി ഷോണ്‍. അണ്ടര്‍-16 സൗത്ത് സോണിലെ പ്രകടനവും അണ്ടര്‍-19 കേരളാ ടീമിലെ പ്രകടനവുമാണ് ഷോണിനെ ഇന്ത്യന്‍ ബി ടീമിലെത്തിച്ചത്.

      കൊല്‍ക്കത്തയില്‍ നവംബര്‍ 23-ന് ആരംഭിക്കുന്ന ദേശീയ ടീം ക്യാമ്പിലേക്ക് ഷോണിനെ തിരഞ്ഞെടുത്തതായി വിവരം ലഭിച്ചു. ബിസിസിഐയില്‍ നിന്നുള്ള ഔദ്യോഗികമായ അറിയിപ്പ് കാത്തിരിക്കുകയാണ് കുടുംബാംഗങ്ങള്‍. അണ്ടര്‍-19 ഇന്ത്യ എ, ബി, ബംഗ്ലാദേശ് ടീമുകളുടെ ത്രിരാഷ്ട്ര ടൂര്‍ണമെന്റിലേക്കാണ് സെലക്ഷന്‍.

      മുന്‍നിര ബാറ്ററും വലംകൈ ഓഫ് സ്പിന്നറുമായ ഷോണ്‍ അണ്ടര്‍-19 വിനു മങ്കാദ് ടൂര്‍ണമെന്റില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 294 റണ്‍സ് നേടിയിരുന്നു. ഇന്ത്യാ ചലഞ്ചര്‍ സീരിസില്‍ ബി ടീമിനായി 124 റണ്‍സും നാലു വിക്കറ്റും നേടി.

      ശംഖുംമുഖം വെട്ടുകാട് എം.എ. ഭവനില്‍ ആന്റണി റോജറിന്റെയും പെട്രീഷ്യ റോജറിന്റെയും മകനാണ്. സായ് ക്രിക്കറ്റ് കോച്ചിംഗ് സെന്ററിലെ ബിജു ജോര്‍ജിന്റെ കീഴിലാണ് പരിശീലനം. ഷോണിന്റെ പ്രിയ താരം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെങ്കില്‍ പ്രചോദനം കേരളത്തിന്റെ അഭിമാന താരം സഞ്ജു സാംസണാണ്.

      Sourav Ganguly |അനില്‍ കുംബ്ലെ പടിയിറങ്ങി; സൗരവ് ഗാംഗുലി പുതിയ ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാന്‍

      ബിസിസിഐ (BCCI) പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ICC) ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനായി നിയമിച്ചു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന അനില്‍ കുംബ്ലെയ്ക്ക് പകരമാണ് ഗംഗുലിയെ ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനായി നിയമിച്ചത്.

      അനില്‍ കുംബ്ലെ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയെ ഈ സ്ഥാനത്തേക്ക് നിയമിച്ചതെന്ന് ഐസിസി അറിയിച്ചു. ഐസിസി പുരുഷ ക്രിക്കറ്റ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് സൗരവിനെ സ്വാഗതം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേ പറഞ്ഞു.

      ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച നായകന്മാരില്‍ ഒരാളാണ് സൗരവ് ഗാംഗുലി. 2015 മുതല്‍ 2019 വരെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു ഗാംഗുലി. 2019 ഒക്ടോബറില്‍ ബിസിസിഐ പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്തു.

      മൂന്ന് വര്‍ഷമാണ് ക്രിക്കറ്റ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനത്തെ കാലയളവ്. മൂന്ന് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയാണ് അനില്‍ കുംബ്ലെ സ്ഥാനം ഒഴിഞ്ഞത്. ഡിആര്‍എസ് കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതില്‍ ഉള്‍പ്പെടെ നിര്‍ണായക തീരുമാനങ്ങള്‍ വന്നത് കുംബ്ലെ ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാന്‍ ആയിരിക്കുമ്പോഴാണ്.

      നിയമവിരുദ്ധമായ ബൗളിങ് ആക്ഷനുകള്‍ നിര്‍ണയിക്കുന്നതിലും കുംബ്ലേയുടെ തീരുമാനങ്ങള്‍ നിര്‍ണായകമായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളം നീണ്ട കുംബ്ലേയുടെ ഭരണ മികവിനെ അഭിനന്ദിക്കുന്നതായി ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേ പറഞ്ഞു.
      Published by:Sarath Mohanan
      First published:
      )}