HOME /NEWS /Sports / ഡല്‍ഹി ക്യാപിറ്റല്‍സിന് സന്തോഷവാര്‍ത്ത; ശ്രേയസ് അയ്യര്‍ പരിശീലനം പുനരാരംഭിച്ചു

ഡല്‍ഹി ക്യാപിറ്റല്‍സിന് സന്തോഷവാര്‍ത്ത; ശ്രേയസ് അയ്യര്‍ പരിശീലനം പുനരാരംഭിച്ചു

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

ശ്രേയസ് ജൂലൈ 31 വരെ പ്രവീണ്‍ ആംറേയ്‌ക്കൊപ്പം പരിശീലനം നടത്തിയ ശേഷം നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയിലെത്തുമെന്നമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 • Share this:

  ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കിടെ തോളിന് പരിക്കേറ്റ ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ ശാസ്ത്രക്രിയക്ക് ശേഷം കളിക്കളത്തിലേക്ക് തിരിച്ചു വരവിനു തയ്യാറെടുക്കുകയാണ്. രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായതോടെ നിര്‍ത്തിവെച്ച ഈ സീസണിലെ ഐ പി എല്‍ മത്സരങ്ങള്‍ സെപ്റ്റംബറില്‍ പുനരാരംഭിക്കുമ്പോള്‍ ടീമില്‍ തിരിച്ചെത്താനാകുമെന്ന പ്രതീക്ഷകള്‍ താരം ഈയിടെ പങ്കു വെച്ചിരുന്നു. ഇപ്പോഴിതാ പരിക്ക് ഭേദമായ താരം പരിശീലനം ആരംഭിച്ചിരിക്കുകയാണ്. ശ്രേയസ് ജൂലൈ 31 വരെ പ്രവീണ്‍ ആംറേയ്‌ക്കൊപ്പം പരിശീലനം നടത്തിയ ശേഷം നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയിലെത്തുമെന്നമെന്നാണ് റിപ്പോര്‍ട്ടുകള്‍.

  താരത്തിന്റെ ഐ പി എല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന് വലിയ ആവേശം സമ്മാനിക്കുന്ന വാര്‍ത്തയാണിത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷം ടീമില്‍ നിന്ന് പുറത്തായ പൃഥ്വി ഷായുടെ തിരിച്ചുവരവിന് പിന്നിലെ പ്രധാന വ്യക്തിയായി പറയപ്പെടുന്നത് പ്രവീണ്‍ ആംറേയെയാണ്. ഡല്‍ഹി ക്യാപിറ്റല്‍സ് ടീം മാനേജ്‌മെന്റ് ശ്രേയസ്സ് അയ്യരുടെയും പരിശീലനത്തിനായി ആംറേയോട് ആവശ്യപ്പെട്ടുവെന്നാണ് അറിയുന്നത്. മുംബൈയിലെ മഴയും കോവിഡ് സാഹചര്യങ്ങളും കാരണം ഇന്‍ഡോര്‍ സൗകര്യത്തിലാണിപ്പോള്‍ പരിശീലനം നടക്കുന്നത്. സെപ്റ്റംബര്‍ 22ന് സണ്‍റൈസേഴ്‌സിനെതിരെയാണ് ദുബായില്‍ നടക്കുന്ന രണ്ടാം പാദത്തിലെ ഡല്‍ഹിയുടെ ആദ്യ മത്സരം.

  പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനാവേണ്ടി വന്ന താരത്തിന് പതിനാലാം സീസണ്‍ ഐ പി എല്ലിന്റെ ആദ്യ പാദ മത്സരങ്ങളും നിലവില്‍ നടന്ന് കൊണ്ടിരിക്കുന്ന ലങ്കന്‍ പര്യടനവും നഷ്ടമായിരുന്നു. ഇംഗ്ലണ്ടില്‍ നടക്കുന്ന ഇത്തവണത്തെ റോയല്‍ ലണ്ടന്‍ കപ്പില്‍ ലാന്‍കാഷെയര്‍ ടീമിനായി കളിക്കാന്‍ അയ്യര്‍ നേരത്തെ കരാര്‍ ഒപ്പു വെച്ചിരുന്നതാണെങ്കിലും പരിക്കിനെത്തുടര്‍ന്ന് ഇതും നടന്നില്ല.

  ഐ പി എല്ലിന് മുമ്പ് ശ്രേയസിന് പരിക്ക് പറ്റിയത് ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിനും വന്‍ തിരിച്ചടിയായിരുന്നു. കഴിഞ്ഞ വര്‍ഷം ദുബായില്‍ നടന്ന സീസണില്‍ ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ ഡല്‍ഹി ടീം ഫൈനല്‍ വരെ എത്തിയിരുന്നു. ഫൈനലില്‍ മുംബൈയോടാണ് ഡല്‍ഹി തോറ്റത്. തകര്‍പ്പന്‍ പ്രകടനമായിരുന്നു ഡല്‍ഹി ടീം ടൂര്‍ണമെന്റിലുടനീളം കാഴ്ച വെച്ചത്. ശ്രേയസ് അയ്യരുടെ അഭാവത്തില്‍ ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെയാണ് ഡല്‍ഹി ടീം മാനേജ്മെന്റ് നായകനായി തിരഞ്ഞെടുത്തത്. നായക വേഷത്തില്‍ പരിചയ സമ്പത്തുണ്ടായിരുന്ന അജിന്‍ക്യ രഹാനെ, ശിഖര്‍ ധവാന്‍, ആര്‍ അശ്വിന്‍, സ്റ്റീവ് സ്മിത്ത് എന്നിവരെ പിന്തള്ളിയാണ് ഇരുപത്തിമൂന്നുകാരനായ റിഷഭ് നായകനായത്.

  മാനേജ്മെന്റിന്റെ ഈ തീരുമാനം ആരാധകരെ ഞെട്ടിച്ചെങ്കിലും ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് പന്തിന്റെ നേതൃത്വത്തില്‍ ഡല്‍ഹി ടീം കാഴ്ച വെച്ചത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ സ്ഥിരതയും പക്വതയാര്‍ന്നതുമായ പ്രകടനത്തിലൂടെ പന്ത് ടീമിന് മികച്ച പിന്തുണ തന്നെയാണ് നല്‍കിയത്. ടൂര്‍ണമെന്റ് പാതിവഴിയില്‍ നിര്‍ത്തിയപ്പോള്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തായിരുന്നു ഡല്‍ഹി ടീം. സെപ്റ്റംബറില്‍ ദുബായിലാണ് ഐ പി എല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ തുടങ്ങുക.

  First published:

  Tags: Ipl, IPL in UAE, Shreyas Iyer, Shreyas Iyer injury