പ്രഗത്ഭരായ ഒരു കൂട്ടം യുവ താരങ്ങളാല്‍ സമ്പന്നമാണ് നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഇപ്പോഴിതാ ഇന്ത്യയുടെ രണ്ട് ടീമുകള്‍ ഒരേ സമയം രണ്ട് രാജ്യങ്ങളില്‍ പര്യടനം നടത്താന്‍ ഒരുങ്ങുകയാണ്. നിലവില്‍ ഇന്ത്യയുടെ സീനിയര്‍ ടീം പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ഭാഗമായി ഇംഗ്ലണ്ടിലാണ്. ജൂണ്‍ 18ന് ന്യൂസിലന്‍ഡിനെതിരെയാണ് ഇന്ത്യ ഫൈനല്‍ കളിക്കുന്നത്. അതിനുശേഷം ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ് പരമ്പരയും കളിക്കേണ്ടതുണ്ട്. അതിനാല്‍ ഇന്ത്യയുടെ സീനിയര്‍ താരങ്ങളെല്ലാം ഇനിയുള്ള മൂന്ന് മാസക്കാലം ഇംഗ്ലണ്ടില്‍ ആയിരിക്കും.
ഇതിനിടയില്‍ ഇന്ത്യയുടെ രണ്ടാം നിര ടീമിനെ ബി സി സി ഐ ശ്രീലങ്കയില്‍ പര്യടനത്തിനൊരുങ്ങുകയാണ്. ശ്രീലങ്കയില്‍ പരിമിത ഓവര്‍ പര്യടനത്തിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിനെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ രാഹുല്‍ ദ്രാവിഡാണ് പരിശീലിപ്പിക്കുക. നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് ദ്രാവിഡ്. ഇപ്പോഴിതാ മുന്‍ അണ്ടര്‍ 19 പരിശീലകന് കൂടിയായ ദ്രാവിഡിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. ഇന്ത്യന്‍ യുവ താരങ്ങള്‍ക്ക് മാനസിക കരുത്ത് നല്കാന് ദ്രാവിഡിന് സാധിക്കുമെന്നാണ് ഗില്‍ പറയുന്നത്.
'താരങ്ങളുടെ സാങ്കേതിക തികവിന്റെ കാര്യത്തില്‍ നിര്‍ബന്ധം പിടിക്കുന്ന പരിശീലകനല്ല രാഹുല്‍ ദ്രാവിഡ്. എന്നാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ മാനസികമായി ഒരു താരത്തിന് വലിയ ഗുണം ചെയ്യും. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ ഒരു താരത്തിന് ദ്രാവിഡിന്റെ വാക്കുകള്‍ ഏറെ ആശ്വാസമാണ് നല്‍കുക. എങ്ങനെ ഒരു മത്സരത്തെ സമീപിക്കണമെന്ന് അദ്ദേഹം കൃത്യമായി മനസിലാക്കിത്തരും. പലരും ചിന്തിക്കുന്നത് സാങ്കേതിക തികവിന്റെ കാര്യത്തില്‍ കടുംപിടുത്തമുള്ള പരിശീലകനാണ് ദ്രാവിഡെന്നാണ്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല'- ഗില്‍ പറഞ്ഞു നിര്‍ത്തി.
തനിക്കൊപ്പം ഇന്ത്യ എ ടീമിന് വേണ്ടി കളിക്കാന്‍ വന്നാല്‍ ഒരു മത്സരം പോലും കളിക്കാതെ നിങ്ങള്‍ക്ക് മടങ്ങേണ്ടി വരില്ലെന്ന് താരങ്ങളോട് പറയാറുണ്ടെന്ന് രാഹുല്‍ ദ്രാവിഡ് ഈയിടെ വെളിപ്പെടുത്തിയിരുന്നു. 700-800 റണ്‍സ് സ്കോര്‍ ചെയ്ത് നിങ്ങള്‍ ഇന്ത്യ എ ടീമിലേക്ക് എത്തിയതിനു ശേഷം അവിടെ കളിക്കാനാവാതെ ഡൊമസ്റ്റിക് ക്രിക്കറ്റിലേക്ക് മടങ്ങി തൊട്ടടുത്ത സീസണിലും സെലക്ടര്‍മാരുടെ കണ്ണിലെത്തണമെന്നത് വളരെ പ്രയാസമേറിയതാണെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പത്തില്‍ തനിക്കും അങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ടെന്നും എ ടീമിനൊപ്പം ടൂറിന് പോയിട്ട് കളിക്കാന്‍ അവസരം ലഭിക്കാത്ത അവസ്ഥ മോശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീലങ്കന്‍ പര്യടനത്തില്‍ സമീപകാലങ്ങളില്‍ ആഭ്യന്തര ക്രിക്കറ്റിലും ഐ പി എല്ലിലും മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ച യുവതാരങ്ങള്‍ക്കെല്ലാം ടീമില്‍ അവസരം ലഭിച്ചിട്ടുണ്ട്. മലയാളി താരങ്ങളായ സഞ്ജു വി സാംസണും ദേവ്ദത്ത് പടിക്കലും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ദേവ്ദത്ത് പടിക്കലിന് ആദ്യമായാണ് ഇന്ത്യന്‍ ജേഴ്സിയില്‍ കളിക്കാന്‍ വിളിയെത്തിയിരിക്കുന്നത്. പടിക്കലിനൊപ്പം ഐ പി എല്ലിലെ രാജസ്ഥാന് റോയല്‍സിന്റെ പേസര്‍ ചേതന്‍ സക്കറിയ, കെ ഗൗതം, നിതീഷ് റാണ എന്നിവര്‍ പുതുമുഖങ്ങളായി ലങ്കയിലേക്ക് പറക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.