ഇന്റർഫേസ് /വാർത്ത /Sports / അന്ന് രോഹിത്തിനോട് ചോദിച്ചു വാങ്ങി, ഇനിയൊരിക്കലും അതിനു മുതിരില്ല! വെളിപ്പെടുത്തലുമായി ഗില്‍

അന്ന് രോഹിത്തിനോട് ചോദിച്ചു വാങ്ങി, ഇനിയൊരിക്കലും അതിനു മുതിരില്ല! വെളിപ്പെടുത്തലുമായി ഗില്‍

shubman-gill

shubman-gill

അഹമ്മദാബാദ് ടെസ്റ്റില്‍ ആദ്യം സ്ട്രൈക്ക് നേരിടാന്‍ താന്‍ സ്വയം മുന്നോട്ടു വരികയായിരുന്നുവെന്നും നോണ്‍ സ്ട്രൈക്കറാവാന്‍ അദ്ദേഹം സമ്മതിക്കുകയായിരുന്നുവെന്നും ഗില്‍ വെളിപ്പെടുത്തി.

  • Share this:

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഓപ്പണിങ് സ്ഥാനത്ത് ഭാവിയില്‍ സ്ഥിരം സാന്നിധ്യമായി തുടരാന്‍ കഴിവുള്ള താരമാണ് ശുഭ്മാന്‍ ഗില്‍. ഇത്തവണത്തെ ഐ പി എല്ലില്‍ താരം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും അതിനു മുന്നേ ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കാന്‍ ലഭിച്ച അവസരമെല്ലാം താരം നല്ല രീതിയില്‍ മുതലാക്കിയിരുന്നു. ഇത്തവണത്തെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയന്‍ ടീമിനെ 32 വര്‍ഷമായി അവര്‍ തോല്‍വി അറിയാത്ത ഗാബ്ബയില്‍ അവരെ തകര്‍ത്തപ്പോള്‍ നിര്‍ണായകമായത് യുവ ഓപ്പണര്‍ ഗില്ലിന്റെയും പ്രകടനമായിരുന്നു. പരമ്പര വിജയികളെ നിര്‍ണയിച്ച ഗാബ്ബയിലെ ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ 91 റണ്‍സാണ് ഗില്‍ അടിച്ചു കൂട്ടിയത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ അദ്ദേഹം തന്റെ മനോഹരമായ ബാറ്റിങ്ങിലൂടെ ആരാധക ഹൃദയം കീഴടക്കി. തന്റെ കരിയറിലെ ഒരു നിര്‍ണായക മുഹൂര്‍ത്തത്തിലേക്കാണ് ഗില്‍ നടന്നടുത്തുകൊണ്ടിരിക്കുന്നത്. വരാനിരിക്കുന്ന പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലാണ് താരത്തിന് മുന്നില്‍ ഉള്ളത്. ഈ മത്സരത്തിലെ പ്രകടനത്തിന് അദേഹത്തിന്റെ കരിയറില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കും. ഇംഗ്ലണ്ടിലെ പേസിനെ തുണക്കുന്ന പിച്ചില്‍ അതും ഡ്യൂക് ബോളില്‍ ഓപ്പണിങ് ദൗത്യം മനോഹരമായി നിര്‍വഹിക്കുക എന്നത് യുവതാരത്തിന് ശ്രമകരമായിരിക്കും. ഇപ്പോഴിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ ബോള്‍ നേരിടാന്‍ തയ്യാറല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശുഭ്മാന്‍ ഗില്‍.

'അഹമ്മദാബാദിലെ അന്നത്തെ ടെസ്റ്റില്‍ ആദ്യ ബോള്‍ താന്‍ നേരിടാമെന്നു രോഹിത്തിനോടു എന്തുകൊണ്ടാണ് പറഞ്ഞതെന്നു എനിക്കറിയില്ല. അതു പക്ഷെ പ്രതീക്ഷിച്ചതു പോലെ നടന്നില്ല. അന്നു മൂന്നാമത്തെയോ, നാലാമത്തെയോ ബോളില്‍ എനിക്കു ഡക്കായി ക്രീസ് വിടേണ്ടി വന്നു. ടെസ്റ്റ് കരിയറില്‍ ഇനിയൊരിക്കലും ഇന്നിങ്സിലെ ആദ്യ ബോള്‍ ഞാന്‍ നേരിടില്ല'- ശുഭ്മാന്‍ ഗില്‍ തുറന്ന് പറഞ്ഞു.

ഈയിടെ നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അഹമ്മദാബാദ് ടെസ്റ്റില്‍ ഗില്ലാണ് ആദ്യ ബോള്‍ നേരിട്ടത്. കരിയറില്‍ ആദ്യമായിട്ടായിരുന്നു താരം അങ്ങനെ ചെയ്തത്. ഇംഗ്ലണ്ട് സ്റ്റാര്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്സന്റെ മൂന്നാമത്തെ ബോളില്‍ ഗില്‍ റണ്‍സൊന്നും നേടാതെ വിക്കറ്റ് നഷ്ടപ്പെടുത്തി പവലിയിനിലേക്ക് മടങ്ങി. മുമ്പുള്ള ടെസ്റ്റുകളിലെല്ലാം രോഹിത് ആയിരുന്നു ആദ്യം സ്‌ട്രൈക്ക് ചെയ്തിരുന്നത്. അഹമ്മദാബാദ് ടെസ്റ്റില്‍ ആദ്യം സ്ട്രൈക്ക് നേരിടാന്‍ താന്‍ സ്വയം മുന്നോട്ടു വരികയായിരുന്നുവെന്നും നോണ്‍ സ്ട്രൈക്കറാവാന്‍ അദ്ദേഹം സമ്മതിക്കുകയായിരുന്നുവെന്നും ഗില്‍ വെളിപ്പെടുത്തി. ഈ തീരുമാനത്തില്‍ കുറ്റബോധമുണ്ടെന്നും താരം വ്യക്തമാക്കി.

അദ്ദേഹം ബാറ്റ് ചെയ്യുമ്പോള്‍ ചുവപ്പ് തൂവാല അരയില്‍ വെക്കുന്നത് അന്ധവിശ്വാസം കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു. 'എന്തുകൊണ്ടാണ് ഞാന്‍ ചുവപ്പ് തൂവാല പോക്കറ്റില്‍ കരുതുന്നതെന്നു ചോദിച്ചാല്‍ കൃത്യമായ കാരണം എനിക്കറിയില്ല. ചുവപ്പ് നിറം എനിക്കിഷ്ടമാണ്. അതുകൊണ്ടു ചുവപ്പ് നിറമുള്ള തൂവാല ഞാന്‍ ധരിക്കുകയും ചെയ്യുന്നു. നിങ്ങള്‍ നന്നായി ബാറ്റ് ചെയ്യുമ്പോള്‍, റണ്‍സെടുക്കുമ്പോള്‍ എല്ലാം ആ നിമിഷത്തില്‍ നിങ്ങള്‍ ചെയ്തതെല്ലാം ആവര്‍ത്തിക്കാന്‍ ശ്രമിക്കും. അതുകൊണ്ടാവാം ഞാനും ഇത് ആവര്‍ത്തിക്കുന്നത്'- ഗില്‍ കൂട്ടിച്ചേര്‍ത്തു.

First published:

Tags: Indian cricket player, Rohit sharma, Shubman Gill, Test cricket