• HOME
  • »
  • NEWS
  • »
  • sports
  • »
  • ടോക്യോ ഒളിമ്പിക്സ് 2020: മെഡൽ ജേതാക്കൾക്ക് നൽകുന്ന പൂച്ചെണ്ടുകളുടെ പ്രാധാന്യം എന്ത്?

ടോക്യോ ഒളിമ്പിക്സ് 2020: മെഡൽ ജേതാക്കൾക്ക് നൽകുന്ന പൂച്ചെണ്ടുകളുടെ പ്രാധാന്യം എന്ത്?

ഓരോ പൂച്ചെണ്ടിലെയും ഓരോ പൂക്കള്‍ക്കും വ്യത്യസ്തമായതും ആഴത്തിലുള്ളതുമായ അര്‍ത്ഥമുണ്ട്.

Credits: Olympics website

Credits: Olympics website

  • Share this:
    ടോക്യോ ഒളിമ്പിക്‌സ് 2020 അതി ഗംഭീരമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഉടന്‍ തന്നെ ഈ കായിക മാമാങ്കം അവസാനിക്കുകയും ചെയ്യും. ഒളിമ്പിക്‌സില്‍ മെഡലുകളുടെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ആധിപത്യം പുലര്‍ത്തുന്ന രാജ്യങ്ങള്‍ ചൈന, റഷ്യ, അമേരിക്ക എന്നിവയാണ്. ടോക്യോ ഒളിമ്പിക്‌സ്, പാരാലിമ്പിക്‌സ് കായിക മാമാങ്കങ്ങളില്‍ അഭിമാനകരമായ മെഡലുകള്‍ സ്വന്തമാക്കുന്ന കായികതാരങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുള്ള പൂച്ചെണ്ട് സമ്മാനിക്കുന്നുണ്ട്.

    2011 ലെ തോഹുകു ഭൂകമ്പവും സുനാമിയും ഫുകുഷിമ ആണവ നിലയ ദുരന്തവും തകര്‍ത്ത വടക്കുകിഴക്കന്‍ ജപ്പാനിലെ മൂന്ന് ജില്ലകളിലാണ് വിജയികള്‍ക്ക് നല്‍കുന്ന പൂച്ചെണ്ടിന് വേണ്ടിയുള്ള പൂക്കള്‍ വളര്‍ത്തുന്നത്. ബിബിസി റിപ്പോര്‍ട്ട് അനുസരിച്ച്, ഇവേറ്റ്, ഫുകുഷിമ, മിയാഗി എന്നീ മൂന്ന് പ്രവിശ്യകളില്‍ ഉണ്ടായ ദുരന്തത്തില്‍ 20,000ത്തിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഈ പ്രവിശ്യകള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ഇന്നും നടന്നു കൊണ്ടിരിക്കുകയാണ്.

    ഒളിമ്പിക്‌സ്, പാരാലിമ്പിക്‌സ് വിജയികളാകുന്ന കായികതാരങ്ങള്‍ക്ക് നല്‍കാനായി അയ്യായിരം പൂച്ചെണ്ടുകളാണ് ഒരുക്കിയിരിക്കുന്നത്. ഓരോ പൂച്ചെണ്ടിലെയും ഓരോ പൂക്കള്‍ക്കും വ്യത്യസ്തമായതും ആഴത്തിലുള്ളതുമായ അര്‍ത്ഥമുണ്ട്. സുനാമിയില്‍ കുട്ടികളെ നഷ്ടപ്പെട്ട മാതാപിതാക്കള്‍ അവരുടെ ഓര്‍മ്മയ്ക്കായി മിയാഗി പ്രവിശ്യയില്‍ നട്ടുവളര്‍ത്തുന്നവയാണ് സൂര്യകാന്തി പൂക്കള്‍. കുട്ടികള്‍ സുനാമിയില്‍ നിന്ന് അഭയം തേടിയതായി വിശ്വസിക്കപ്പെടുന്ന സ്ഥലങ്ങളിലാണ് പൂക്കള്‍ ഇപ്പോള്‍ വളരുന്നത്.

    മറ്റ് പൂക്കള്‍, അതായത് യൂസ്റ്റോമാസ്, സോളമന്‍സ് സീല്‍സ് എന്നിവ-പൂച്ചെണ്ടിലെ വെള്ളയും പര്‍പ്പിള്‍ നിറത്തിലുമുള്ള പൂക്കള്‍-ഫുകുഷിമ പ്രവിശ്യയിലെ ലാഭേച്ഛയില്ലാത്ത ഒരു നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ നട്ടുവളര്‍ത്തുന്ന പൂക്കളാണ്. ഇപ്പോഴും കരകയറാന്‍ ശ്രമിക്കുന്ന പ്രാദേശിക സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണിത്.

    ടൈം ഔട്ട് റിപ്പോര്‍ട്ട് അനുസരിച്ച്, ടോക്യോ ഒളിമ്പിക്‌സ് 2020ന്റെ ലോഗോയുമായി പൊരുത്തപ്പെടുന്ന നീല പൂക്കള്‍ ഇവേറ്റ് പ്രവിശ്യയാണ് നട്ടുവളര്‍ത്തുന്നത്. മത്സര വിജയികള്‍ക്ക് കൈമാറുന്നതിന് ഗെയിംസിനായി തയ്യാറാക്കിയ ഈ അയ്യായിരം പൂച്ചെണ്ടുകള്‍ നിപ്പോണ്‍ ഫ്‌ലവര്‍ കൗണ്‍സില്‍ നിര്‍മ്മിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒളിമ്പിക് പൂച്ചെണ്ടുകളില്‍ സ്വര്‍ണം, വെള്ളി അല്ലെങ്കില്‍ വെങ്കലം എന്നിവയില്‍ ഒളിമ്പിക് മിറൈറ്റോവ (ഒളിമ്പിക് ചിഹ്നം) അടങ്ങിയിട്ടുണ്ട്.

    വിജയികള്‍ക്കു നല്‍കുന്ന പൂച്ചെണ്ടുകളിലെ ചെറിയ നീല പൂക്കള്‍, ജെന്റിയന്‍സ് എന്നാണ് വിളിക്കപ്പെടുന്നത്, 2011 -ലെ ദുരന്തം ബാധിച്ച ഇവേറ്റിലെ തീരപ്രദേശത്താണ് ഇവ വളരുന്നത്. പൂച്ചെണ്ടുകളിലെ പച്ച ആസ്പിഡിസ്ട്ര പൂക്കള്‍ ആതിഥേയ നഗരമായ ടോക്യോയില്‍ വളരുന്നതാണ്. അതിനാല്‍ തന്നെ ആ പൂക്കള്‍ ടോക്കിയോ നഗരത്തെ പ്രതിനിധാനം ചെയ്യുന്നു.

    പഴയ ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ റീസൈക്കിള്‍ ചെയ്ത് നിര്‍മ്മിച്ച ഒളിമ്പിക് മെഡലുകളാണ് ചരിത്രത്തില്‍ ആദ്യമായി ഈ വര്‍ഷം ടോക്കിയോ ഒളിമ്പിക്‌സിലെ വിജയികള്‍ക്ക് നല്‍കുന്നത്. ജപ്പാന്‍ സ്വദേശികളാണ് ഇതിനായി ഗാഡ്ജെറ്റുകള്‍ സംഭാവന ചെയ്തത്. മെഡലുകള്‍ നിര്‍മ്മിക്കുന്നതിനായി അവര്‍ ഏകദേശം 62 ലക്ഷം പഴയ മൊബൈല്‍ ഫോണുകള്‍ ജനങ്ങള്‍ സംഭാവന ചെയ്തിട്ടുണ്ട്. സ്വര്‍ണ്ണ മെഡലുകള്‍ ഉണ്ടാക്കാനായി മൊത്തം 32 കിലോ സ്വര്‍ണ്ണവും ഉപയോഗിച്ചിട്ടുണ്ട്.
    Published by:Sarath Mohanan
    First published: