സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ക്ലബിലെത്തിച്ചത് ഇറ്റാലിയന്‍ വമ്പന്മാര് ചെയ്ത വലിയ തെറ്റായിരുന്നുവെന്ന് മുന്‍ യുവന്റസ് ചെയര്മാന് ജിയോവാനി കൊബോളി ഗിഗ്ലി. ടീം എത്രയും വേഗം റൊണാള്‍ഡോയെ വില്‍ക്കണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു. ലാലിഗയിലെ വമ്പന്മാരായ റയല്‍ മാഡ്രിഡില്‍ നിന്ന് 2018ല്‍ 100 മില്യണ്‍ യൂറോയുടെ റെക്കോര്‍ഡ് തുകയ്ക്കായിരുന്നു റൊണാള്‍ഡോയുമായി യുവന്റസ് കരാര്‍ ഒപ്പിട്ടത്.
പോര്‍ച്ചുഗീസ് സ്ട്രൈക്കര്‍ക്ക് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ തങ്ങളുടെ കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ സാധിക്കുമെന്നായിരുന്നു യുവന്റസിന്റെ കണക്കുകൂട്ടല്‍. അന്നത് തെറ്റുമായിരുന്നില്ല. റയലിനെ തുടര്‍ച്ചയായ മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളിലേക്ക് നയിച്ച റൊണാള്‍ഡോയുടെ മികവില്‍ അമിത പ്രതീക്ഷയായിരുന്നു യുവന്റസിനുണ്ടായിരുന്നത്. കഴിഞ്ഞ മൂന്നു സീസണുകളിലും ഇറ്റാലിയന്‍ ക്ലബിന്റെ ടോപ് സ്കോറര്‍ ആയിരുന്നു റൊണാള്‍ഡോയെങ്കിലും, മൂന്ന് വര്‍ഷത്തിനിടെ ടൂറിന് ഭീമന്മാര്ക്ക് യൂറോപ്പിലെ ഏറ്റവും വലിയ കിരീടമായ ചാമ്പ്യന്‍സ് ലീഗ് നേടി കൊടുക്കാന്‍ റൊണാള്‍ഡോയ്ക്ക് കഴിഞ്ഞില്ല.
നിലവില്‍ യുവന്റ്സുമായുള്ള കരാറിന്റെ അവസാന വര്‍ഷത്തിലാണ് താരം. ഇറ്റാലിയന്‍ ദേശീയ ഫുട്ബോള്‍ ലീഗായ സീരി എയില്‍ നിന്ന് റൊണാള്‍ഡോയുടെ ചുവടുമാറ്റത്തെ കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചുകൊണ്ടിരിക്കെയാണ് ഗിഗ്ലിയുടെ പ്രസ്താവന എത്തിയിരിക്കുന്നത്. “ഞാന്‍ എപ്പോഴും സത്യസന്ധമായിട്ടാണ് നില്‍ക്കുന്നത്: റൊണാള്‍ഡോയുമായി ഒപ്പിട്ടത് ഒരു തെറ്റായിരുന്നു,” ഗിഗ്ലി സീരി എ വാര്‍ത്തയോട് പറഞ്ഞത്. CR7നെ എത്തിക്കാന്‍ നടത്തിയ നിക്ഷേപം തിരിച്ചുപിടിക്കാന്‍ ക്ലബിന് കഴിയില്ലെന്നും അത് മാറാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
റൊണാള്‍ഡോ ഒരു മികച്ച കളിക്കാരനാണ്. പക്ഷെ അദ്ദേഹത്തിന്റെ വിടവാങ്ങല്‍ യുവന്റസിന് ഒരുപാട് ഗുണം ചെയ്യുമെന്നും ഗിഗ്ലി അഭിപ്രായപ്പെട്ടു. “യുഡിനെസിനെതിരായ മത്സരത്തില്‍ ചെയ്തതുപോലെ അവനെ എങ്ങനെ ഉപയോഗിക്കാമെന്ന് മാസിമിലിയാനോ അല്ലെഗ്രിക്ക് അറിയാമെന്ന് ഞാന്‍ കരുതുന്നു. അതായത്, വളരെ ബുദ്ധിപൂര്‍വം മത്സരം പുരോഗമിച്ചു കൊണ്ടിരിക്കുമ്പോഴാണ് അതു ചെയ്യേണ്ടത്,” ഗിഗ്ലി പറയുന്നു. യുവന്റസിന്റെ ആക്രമണങ്ങള്‍ക്ക് റൊണാള്‍ഡോ തടസമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റൊണാള്‍ഡോ യുവന്റസില്‍ തന്നെ തുടരുമെന്നാണ് കഴിഞ്ഞ ദിവസം പരിശീലകന് മാസിമിലിയാനോ അല്ലെഗ്രി വ്യക്തമാക്കിയത്. എന്നാല്‍ താരം ക്ലബ് വിടാനാണ് നോക്കുന്നതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ സീസണില്‍ സീരി എയിലെയും അതിനു ശേഷം നടന്ന യൂറോ കപ്പിലേയും ടോപ് സ്കോറര്‍ റൊണാള്‍ഡോ ആയിരുന്നെങ്കിലും കഴിഞ്ഞ യുവന്റസ് സീരി എ കിരീടം നേടാതിരുന്നത് കാരണം കടുത്ത വിമര്‍ശനങ്ങളായിരുന്നു താരത്തിന് നേരിടേണ്ടി വന്നത്. സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകം അവസാനിക്കുന്നതിനു മുന്‍പ് താരം ക്ലബ് വിട്ടേക്കുമെന്നാണ് അഭ്യൂഹങ്ങള്‍.
ഫുട്ബോള്‍ ലോകത്തെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് റൊണാള്‍ഡോ. അഞ്ച് തവണ ബാലണ്‍ ഡി ഓര് പുരസ്കാര ജേതാവായ താരം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ യുവന്റസിനായി 101 ഗോളുകള്‍ നേടിയിട്ടുണ്ട്. ക്ലബിനായി റൊണാള്‍ഡോ അവസാനമായി ഇറങ്ങിയത് സീരി എ 2021-22 സീസണിലെ ഓഗസ്റ്റ് 22ന് യുഡിനെസിനെതിരായ മത്സരത്തിലാണ്. ഓഗസ്റ്റ് 29 ഞായറാഴ്ച നടക്കുന്ന രണ്ടാമത്തെ സീരി എ മത്സരത്തില്‍ യുവന്റസ് എംപോളിയെ നേരിടും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.