• HOME
 • »
 • NEWS
 • »
 • sports
 • »
 • IND vs ENG|ടെസ്റ്റ് പരമ്പരയിൽ ഇഷാന്തിന് പകരം സിറാജിനെ കളിപ്പിച്ചേക്കുമെന്ന് സൂചന

IND vs ENG|ടെസ്റ്റ് പരമ്പരയിൽ ഇഷാന്തിന് പകരം സിറാജിനെ കളിപ്പിച്ചേക്കുമെന്ന് സൂചന

എന്നാൽ രണ്ട് സ്പിന്നർമാർ എന്ന തീരുമാനം വെച്ച് തന്നെ ഇന്ത്യൻ ടീം മാനേജ്‌മെന്റ് മുന്നോട്ട് പോവുകയാണെങ്കിൽ സിറാജിന് അവസരം ലഭിക്കാൻ സാധ്യത കുറവാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

mohammad siraj

mohammad siraj

 • Share this:
  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ നിരാശപ്പെടുത്തുന്ന തോല്‍വിക്ക് ശേഷം ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് തയ്യാറെടുക്കുകയാണ് ഇന്ത്യ. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യയെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോറ്റപ്പോൾ ഇന്ത്യയുടെ മികവിനെ ചോദ്യം ചെയ്ത് രംഗത്ത് വന്നവർക്ക് ഈ പരമ്പരയിലെ മികച്ച പ്രകടനം കൊണ്ട് മറുപടി നൽകാനാകും ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും സംഘവും ലക്ഷ്യമിടുന്നത്. ഇംഗ്ലണ്ടിനെ അവരുടെ നാട്ടിൽ തോൽപ്പിക്കാൻ കഴിഞ്ഞാൽ അത് ഇന്ത്യൻ സംഘത്തിനും വലിയൊരു നേട്ടമാകും പ്രത്യേകിച്ചും 2007ന് ശേഷം ഇംഗ്ലണ്ടിൽ ഇതുവരെയും പരമ്പര ജയിക്കാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല എന്ന കാര്യം കൂടി പരിഗണിക്കുമ്പോൾ.

  ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഇന്ത്യയുടെ രണ്ട് സ്പിന്നർമാർ അടങ്ങിയ ടീം സെലക്ഷൻ വലിയ വിമർശനത്തിന് കാരണമായിരുന്നു. അതിനാല്‍ത്തന്നെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഇന്ത്യ ഈ ടീം ഘടനയിൽ മാറ്റം വരുത്തിയേക്കും. ഇതിൽ ഇഷാന്ത് ശര്‍മക്ക് പകരം മുഹമ്മദ് സിറാജിന് അവസരം നൽകിയേക്കും എന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ കൂടുതൽ പരിചയസമ്പത്തുള്ള ബൗളറാണ് ഇഷാന്ത് ശര്‍മയെങ്കിലും പരുക്ക് താരത്തെ ചെറിയ രീതിയിൽ അലട്ടുന്നുണ്ട് എന്ന കാരണത്താൽ പരമ്പരയിലെ ആദ്യ മത്സരങ്ങളിൽ ഇഷാന്തിന് പകരം സിറാജിനെ കളിപ്പിക്കാനുള്ള ആലോചനയിലാണ് ഇന്ത്യൻ ടീം മാനേജ്‌മെന്റ്.

  ഇതോടൊപ്പം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ പ്രിയപ്പെട്ട ബൗളര്‍മാരിലൊരാളാണ് സിറാജ്. ഓസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ 13 വിക്കറ്റുമായി സിറാജ് തിളങ്ങിയിരുന്നു. പരമ്പരയിൽ ഇന്ത്യയുടെ സീനിയർ ബൗളർമാരെല്ലാം പരുക്കേറ്റ് പുറത്തിരുന്നപ്പോൾ ഇന്ത്യയുടെ യുവ ബൗളിംഗ് നിറയെ മുന്നിൽ നിന്ന് നയിച്ചത് സിറാജ് ആയിരുന്നു. ഇംഗ്ലണ്ടിലും ഈ മികവ് ആവര്‍ത്തിക്കാന്‍ സിറാജിന് സാധിക്കും എന്നാണ് ടീം മാനേജ്‌മെന്റിന്റെ കണക്കുകൂട്ടൽ. എന്നാൽ രണ്ട് സ്പിന്നർമാർ എന്ന തീരുമാനം വെച്ച് തന്നെ ഇന്ത്യൻ ടീം മാനേജ്‌മെന്റ് മുന്നോട്ട് പോവുകയാണെങ്കിൽ സിറാജിന് അവസരം ലഭിക്കാൻ സാധ്യത കുറവാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

  പേസിനെ പിന്തുണക്കുന്ന ഇംഗ്ലണ്ടിലെ പിച്ചുകളിൽ സിറാജിന്റെ ബൗണ്‍സര്‍ നിറഞ്ഞ പന്തുകള്‍ ടീമിന് മുതൽക്കൂട്ട് ആവും. ഇക്കാലയളവില്‍ 16 വിക്കറ്റുകള്‍ അദ്ദേഹം സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഇന്ത്യക്കായി അരങ്ങേറി ആദ്യം മികച്ച പ്രകടനങ്ങൾ നടത്താൻ കഴിയാതിരുന്ന താരം ഇക്കഴിഞ്ഞ ഓസ്‌ട്രേലിയൻ പരമ്പരയിലെ തകർപ്പൻ പ്രകടനത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. പിന്നീട് ഇന്ത്യയിൽ വെച്ച് നടന്ന ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിലും താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. താരത്തെ അവസാന 11ൽ ഉൾപ്പെടുത്തണമോ വേണ്ടയോ എന്നതിൽ അവസാന തീരുമാനം ടീം മാനേജ്‌മെന്റിന്റെതായിരിക്കും.

  അതേസമയം, പരുക്കേറ്റ ശുഭ്മാന്‍ ഗില്ലിന് പകരം ഓപ്പണിങ്ങിൽ രോഹിത് ശർമക്കൊപ്പം ആരാകും കളിക്കുക എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. കെ എൽ രാഹുൽ, മയാങ്ക് അഗർവാൾ, അഭിമന്യു ഈശ്വർ എന്നിങ്ങനെ ഒരു പിടി താരങ്ങൾ അവസരത്തിനായി കാത്തിരിക്കുന്നുണ്ട്. ഇന്ത്യൻ മധ്യനിരക്ക് കരുത്ത് പകരാൻ വേണ്ടി ഹനുമ വിഹാരിയെ അധിക ബാറ്റ്‌സ്മാനായി പരിഗണിച്ചേക്കും. അങ്ങനെയെങ്കിൽ രവീന്ദ്ര ജഡേജ പുറത്തിരിക്കും. കൗണ്ടി ക്രിക്കറ്റ് കളിച്ച് പരിചയം നേടിയ ഹനുമ വിഹാരിയെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പരിഗണിക്കാഞ്ഞതിലും ഇന്ത്യക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. പേസിനെ തുണയ്ക്കുന്ന പിച്ചിലും അശ്വിൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് എന്നതിനാൽ ജഡേജ തന്നെയാകും പുറത്തിരിക്കുക.
  Published by:Naveen
  First published: