News18 Malayalam
Updated: January 24, 2019, 2:25 PM IST
kerala victory
ലിജിൻ കടുക്കാരം
കൃഷ്ണഗിരി: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ മത്സരത്തില്‍ കേരളം ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിനെ തകര്‍ത്തത് ബേസില്‍ തമ്പിയും സന്ദീപ് വാര്യരും അടങ്ങിയ പേസ് നിരയുടെ പ്രകടനമാണ്. പ്രവചനാതീതമായ പിച്ചില്‍ ഗുജറാത്ത് താരങ്ങളെ നിലയുറപ്പിക്കാന്‍ വിടാതെയായിരുന്നു കേരളം മത്സരം സ്വന്തമാക്കിയത്. ആതിഥേയരുടെ വിജയത്തില്‍ നിര്‍ണ്ണായകമായ ഘടകങ്ങള്‍ ഇവയാണ്.
പിച്ചിന്റെ സ്വഭാവം
പ്രവചനാതീതമായിരുന്നു കൃഷ്ണഗിരിയിലെ പിച്ച്. ബാറ്റ്സ്മാന്റെ തലയ്ക്ക് നേരെയും നെഞ്ചിനു നേരെയും ബൗണ്‍സറുകള്‍ ഉയരുന്ന പിച്ചില്‍ അടുത്ത പന്ത് കാല്മൂട്ടിനു താഴെയാകും എത്തുന്നത്. ബാറ്റ്സ്മാന്മാര്ക്ക് യാതുരുവിധത്തിലും പന്തിന്റെ ഗതി മനസിലാക്കാന്‍ മത്സരത്തില്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യം അനുകൂലമാക്കിയ കേരളാ താരങ്ങള്‍ സന്ദര്‍ശകരെ പ്രതിരോധത്തിലാക്കുകയായിരുന്നു.
Also Read: ANALYSIS: രഞ്ജിയിലെ ആദ്യ സെമിയിലെത്താന്‍ കേരളത്തിനു കരുത്തേകിയത് പേസ് നിര
കേരളത്തിന്റെ പേസ് നിര
മത്സരത്തില്‍ ഗുജറാത്തിന്റെ 20 വിക്കറ്റുകളില്‍ 19 വീഴ്ത്തിയത് കേരളത്തിന്റെ മൂന്നു ഫാസ്റ്റ് ബൗളേഴ്സാണ്. ആദ്യ ഇന്നിങ്സില്‍ സന്ദീപ് വാര്യര്‍ നാലും ബേസില്‍ തമ്പിയും നിധീഷ് എംഡിയും മൂന്നു വീതം വിക്കറ്റുകളും നേടിയപ്പോള്‍ രണ്ടാമിന്നിങ്സില്‍ ബേസില്‍ അഞ്ചും സന്ദീപ് നാലും വിക്കറ്റുകള്‍ വീഴ്ത്തി. ഫാസ്റ്റ് ബൗളേഴ്സ് ഒഴികെ മറ്റാരും രണ്ടാമിന്നിങ്സില്‍ കേരളത്തിനായി പന്തെറിഞ്ഞതുമില്ല. അവസാന ഇന്നിങ്സില്‍ ഗുജറാത്ത് നായകന് പാര്ത്ഫീവ് പട്ടേല്‍ പുറത്തായത് റണ്‍ഔട്ടിലൂടെയായിരുന്നു.
ബേസിലിന്റെ ഔള്‍റൗണ്ട് പ്രകടനം
കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ബേസില്‍ തമ്പിയുടെ ഔള്‍റൗണ്ട് പ്രകടനവും മത്സരത്തില്‍ നിര്‍ണ്ണായകമായി. മത്സരത്തില്‍ എട്ടുവിക്കറ്റുകള്‍ വീഴ്ത്തിയ ബേസില്‍ ആദ്യ ഇന്നിങ്സില്‍ 37 റണ്‍സ് നേടുകയും ചെയ്തിരുന്നു. ഒന്നാമിന്നിങ്സില്‍ കേരളത്തിന്റെ ടോപ്പ് സ്കോററും ബേസില്‍ തമ്പിയാണ്. ആദ്യ ഇന്നിങ്സില്‍ പാര്‍ത്ഥീവ് പട്ടേലിന്റെയും രാഹുല്‍ ഷായുടെയും ഉള്‍പ്പെടെ മൂന്നു വിക്കറ്റുകല് നേടിയ താരം രണ്ടാമിന്നിങ്സില്‍ അഞ്ച് വിക്കറ്റുകളാണ് വീഴ്ത്തിയത്.
ബാറ്റ്സ്മാന്മാരുടെ ശവപ്പറമ്പായി കൃഷ്ണഗിരി സ്റ്റേഡിയം; തിളങ്ങിയത് ഇവര്‍
അര്‍ധ സെഞ്ച്വറിയുമായി സിജോമോന്‍
രണ്ടാമിന്നിങ്ങ്സില്‍ അര്‍ധ സെഞ്ച്വറി നേടിയ സിജോമോന്‍ ജോസഫിന്റെ പ്രകടനം മത്സരത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നായിരുന്നു. ബൗളര്‍മാര്‍ കളംവാണ മത്സരത്തില്‍ 148 പന്തുകള്‍ നേരിട്ടായിരുന്നു സിജോമോന്‍ 56 റണ്‍സ് നേടിയത്. 37.84 എന്ന സ്ട്രൈക്ക്റേറ്റിലാണ് സിജോമോന്‍ ബാറ്റുവീശിയത്. എട്ടു ബൗണ്ടറികളും ഈ ഇന്നിങ്സില്‍ ഉള്‍പ്പെട്ടു.
ജലജ് സക്സേന
ജലജ് സക്സേനയുടെ സ്ഥിരത തന്നെയാണ് സീസണില്‍ കേരളത്തെ സെമിഫൈനല്‍ വരെ എത്തിച്ചിരിക്കുന്നത്. ആദ്യ ഇന്നിങ്സില്‍ വെറും 14 റണ്‍സ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളുവെങ്കിലും രണ്ടാം ഇന്നിങ്സില്‍ പുറത്താകാതെ 44 റണ്‍സാണ് കേരളാ ഔള്‍റൗണ്ടര്‍ നേടിയത്. മറുഭാഗത്ത് നിന്ന് മികച്ചൊരു പിന്തുണ ലഭിച്ചിരുന്നെങ്കില്‍ മികച്ച ഇന്നിങ്സ് കാഴ്ചവെക്കാന്‍ താരത്തിന് കഴിഞ്ഞേനെ.
ഡേവ് വാട്മോറിന്റെ തന്ത്രങ്ങളും സച്ചിന് ബേബിയുടെ നായകത്വവും
ശ്രീലങ്കയെ ലോക ചാമ്പ്യന്മാരാക്കിയ മുന്‍ ഓസീസ് താരം ഡേവ് വാട്മോറിന്റെ പരിശീലനത്തിലാണ് കേരള ക്രിക്കറ്റ് അടുത്തകാലത്തായി കുതിപ്പ് നടത്തുന്നത്. ബംഗ്ലാദേശിനെ ലോകക്രിക്കറ്റിലെ കരുത്തരാക്കി വളര്‍ത്തിയും വാട്മോറാണ്. രണ്ട് വര്‍ഷമായി കേരളത്തിന്റെ പരിശീകനാണ് വാട്മോര്‍. കഴിഞ്ഞ തവണ ക്വാര്‍ട്ടറിലെത്തിയ ടീം ഇത്തവണ സെമിയില്‍ എത്തിയതിനു പിന്നില്‍ വാട്മോറാണെന്ന് നിസംശയം പറയാം. കളത്തില്‍ സച്ചിന് ബേബിയെന്ന താരത്തിന്റെ തന്ത്രങ്ങള്‍ കൂടിയായപ്പോള്‍ കേരളം അനായാസ ജയം നേടുകയയാിരുന്നു.
First published:
January 17, 2019, 3:32 PM IST