നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Euro Cup | അത്ഭുതഗോളില്‍ സ്‌കോട്‌ലന്‍ഡിനെ വീഴ്ത്തി ചെക്, പോളണ്ടിനെ തകര്‍ത്ത് സ്ലോവാക്യയും

  Euro Cup | അത്ഭുതഗോളില്‍ സ്‌കോട്‌ലന്‍ഡിനെ വീഴ്ത്തി ചെക്, പോളണ്ടിനെ തകര്‍ത്ത് സ്ലോവാക്യയും

  ആദ്യ മത്സരത്തില്‍ പാട്രിക് ഷിക്കിന്റെ ഇരട്ട ഗോളുകളാണ് സ്വന്തം തട്ടകത്തില്‍ സ്‌കോട്‌ലന്‍ഡിന് മേല്‍ വെള്ളിടി വീഴ്ത്തിയത്. രണ്ടാം മത്സരത്തില്‍ സെല്‍ഫ് ഗോളിലൂടെ ആദ്യ ലീഡ് നേടിയ സ്ലോവാക്യ 69ആം മിനിട്ടില്‍ മിലന്‍ സ്‌കീനിയറിലൂടെ തങ്ങളുടെ വിജയ ഗോള്‍ നേടുകയായിരുന്നു.

  • Share this:
   യൂറോ കപ്പില്‍ ഇന്ന് നടന്ന വാശിയേറിയ രണ്ടാം മത്സരത്തില്‍ പോളണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് സ്ലോവാക്യ. സെല്‍ഫ് ഗോളിലൂടെ ആദ്യ ലീഡ് നേടിയ സ്ലോവാക്യ 69ആം മിനിട്ടില്‍ മിലന്‍ സ്‌കീനിയറിലൂടെ തങ്ങളുടെ വിജയ ഗോള്‍ നേടുകയായിരുന്നു. ആവേശകരമായ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ചെക് റിപബ്ലിക് സ്‌കോട്‌ലന്‍ഡിനെ പരാജയപ്പെടുത്തി. പാട്രിക് ഷിക്കിന്റെ വകയായിരുന്നു മത്സരത്തിലെ രണ്ട് ഗോളുകളും. 49.7 മീറ്റര്‍ അകലെ നിന്നായിരുന്നു ഷിക്കിന്റെ രണ്ടാമത്തെ ഗോള്‍.

   റോബര്‍ട്ടോ ലെവന്‍ഡോസ്‌കി എന്ന ഒറ്റയാനില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് 2016ലെ ക്വാര്‍ട്ടര്‍ സ്ഥാനക്കാരായ പോളണ്ട് ഇന്നിറങ്ങിയത്. അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ നേടിയ 2-0ന്റെ ജയം ആവര്‍ത്തിക്കാനായിരുന്നു സ്ലോവാക്യ ഇന്നിറങ്ങിയത്. പ്രതിരോധത്തിലൂന്നിയ പ്ലാനുമായാണ് സ്ലോവാക്യ ഇറങ്ങിയതെങ്കിലും കൃത്യമായ ഇടവേളകളില്‍ അവര്‍ അറ്റാക്ക് ചെയ്തുകൊണ്ടിരുന്നു. 18ആം മിനിട്ടില്‍ പോളണ്ട് ഗോളിയുടെ ദേഹത്ത് തട്ടിയുണ്ടായ സെല്‍ഫ് ഗോളിലൂടെ സ്ലോവാക്യ മത്സരത്തില്‍ ലീഡ് നേടി. സ്ലോവാക്യ താരം റോബര്‍ട്ട് മാക്കിന്റെ ഷോട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ ബോള്‍ പോസ്റ്റിലിടിച്ച ശേഷം ഗോളിയുടെ പിറകില്‍ തട്ടി ഗോള്‍ വലയിലേക്ക് നീങ്ങുകയായിരുന്നു.

   എന്നാല്‍ രണ്ടാം പകുതിയില്‍ വ്യക്തമായ പ്ലാനുകളോടെയാണ് പോളണ്ട് ഇറങ്ങിയത്. ആദ്യ മിനിട്ടില്‍ തന്നെ ബോക്‌സിനുള്ളില്‍ റിബസിന്റെ കട്ട് ബാക്ക് ക്രോസ്സ് പോളണ്ട് താരം കാരോള്‍ ലിനെറ്റി മനോഹരമായി ഫിനിഷ് ചെയ്തുകൊണ്ട് മത്സരത്തില്‍ സമനില പിടിച്ചു. എന്നാല്‍ 62ആം മിനിട്ടില്‍ പോളണ്ടിന്റെ മധ്യനിര താരം ക്രിചോവ്യാക് ഇത്തവണത്തെ യൂറോ കപ്പിലെ ആദ്യ ചുവപ്പ് കാര്‍ഡ് ലഭിച്ച് പുറത്തായി. ഏഴ് മിനിട്ടിനുള്ളില്‍ സ്ലോവാക്യ രണ്ടാം ഗോള്‍ നേടി. ഇന്റര്‍ മിലാന്‍ താരം മിലന്‍ സീനിയര്‍ ആയിരുന്നു ഗോള്‍ സ്‌കോറര്‍. മത്സരത്തിന്റെ അവസാന നിമിഷം വരെയും പോളണ്ട് താരങ്ങള്‍ ഒരു സമനിലക്ക് പരിശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല.

   ആദ്യ മത്സരത്തില്‍ പാട്രിക് ഷിക്കിന്റെ ഇരട്ട ഗോളുകളാണ് സ്വന്തം തട്ടകത്തില്‍ സ്‌കോട്‌ലന്‍ഡിന് മേല്‍ വെള്ളിടി വീഴ്ത്തിയത്. ഗ്ലാസ്‌കോയില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുവെങ്കിലും ഗോള്‍ കീപ്പര്‍ വാച്‌ലികിനു മുന്നില്‍ സ്‌കോട്‌ലന്‍ഡ് താരങ്ങള്‍ അടിയറവ് പറയുകയായിരുന്നു. മത്സരത്തിലെ ഷിക്കിന്റെ അനശ്വരമായ രണ്ടാം ഗോള്‍ ഫുട്‌ബോള്‍ ആരാധകരുടെ മനസ്സില്‍ എന്നും മായാതെ കിടക്കുമെന്നത് നിസംശയം പറയാം. 52ആം മിനിട്ടില്‍ പാട്രിക്ക് ഷിക് മൈതാനത്തിന്റെ മധ്യനിരയില്‍ നിന്ന് തൊടുത്തുവിട്ട ഇടം കാലന്‍ ഷോട്ട് ബോക്‌സിന് വെളിയിലായിരുന്ന സ്‌കോട്‌ലന്‍ഡ് ഗോള്‍ കീപ്പര്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. പന്ത് അനായാസം ഗോള്‍ വര കടന്നു.

   42ആം മിനിട്ടിലായിരുന്നു ഷിക്കിന്റെ ആദ്യ ഗോള്‍. വ്‌ലാഡിമിര്‍ കൗഫലിന്റെ ക്രോസ് മികച്ചൊരു ഹെഡറിലൂടെ ഷിക്ക് വലയിലെത്തിക്കുകയായിരുന്നു. ക്യാപ്റ്റന്‍ റോബേര്‍ട്‌സണില്‍ വിശ്വാസം അര്‍പ്പിച്ച് ഇറങ്ങിയ സ്‌കോട്‌ലന്‍ഡിന്റെ ആദ്യ പകുതിയിലെ അറ്റാക്കുകള്‍ കൂടുതല്‍ നയിച്ചതും വിങ്ബാക്ക് റോളില്‍ ഇറങ്ങിയ റോബേര്‍ട്‌സണായിരുന്നു. ആദ്യ പകുതിയിലുടനീളം മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചത് സ്‌കോട്‌ലന്‍ഡായിരുന്നുവെങ്കിലും പലപ്പോഴും ഫിനിഷിങ്ങില്‍ അവര്‍ക്ക് പിഴക്കുകയായിരുന്നു.
   Published by:Sarath Mohanan
   First published:
   )}