ഇന്ത്യ - ഓസ്‌ട്രേലിയ വനിതാ ടീമുകൾ തമ്മിൽ നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ നേടിയ സെഞ്ചുറിയുടെ തിളക്കത്തിൽ നിൽക്കുകയാണ് ഇന്ത്യൻ ഓപ്പണർ സ്‌മൃതി മന്ഥാന. ക്വീൻസ്ലാൻഡിലെ വേദിയിൽ സ്‌മൃതി മന്ദഹാസം വിരിഞ്ഞപ്പോൾ ഒപ്പം പിറന്നത് ഒരുപിടി റെക്കോർഡുകൾ കൂടിയാണ്.
ഓസ്‌ട്രേലിയക്കെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ സെഞ്ചുറി നേടിയതോടെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന റെക്കോർഡ് മന്ഥാന തന്റെ പേരിലേക്ക് ചേർത്തു. ഇതോടൊപ്പം ഓസ്‌ട്രേലിയൻ മണ്ണിൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം എന്ന നേട്ടം കൂടി മന്ഥാന തന്റെ പേരിലേക്ക് ചേർത്തിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റിൽ അവരുടെ മണ്ണിൽ വിദേശ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന നേട്ടവും മന്ഥാന സ്വന്തമാക്കി.
ഈ റെക്കോർഡുകൾക്ക് പുറമെ മറ്റൊരു കൗതുകമുള്ള റെക്കോർഡ് കൂടി മന്ഥാന സ്വന്തമാക്കി. ഇന്ത്യക്ക് വേണ്ടി പിങ്ക് ബോൾ ടെസ്റ്റിൽ സെഞ്ചുറി കുറിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരം എന്ന റെക്കോർഡാണ് മന്ഥാന സ്വന്തമാക്കിയത്. ഇന്ത്യക്ക് വേണ്ടി പിങ്ക് ബോൾ ടെസ്റ്റിൽ ആദ്യ സെഞ്ചുറി നേടിയത് ഇന്ത്യൻ പുരുഷ ടീമിന്റെ ക്യാപ്റ്റനായ വിരാട് കോഹ്ലിയാണ്. 2019ൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നടന്ന ഇന്ത്യ - ബംഗ്ലാദേശ് പരമ്പരയിൽ കൊൽക്കത്തയിൽ നടന്ന രണ്ടാം ടെസ്റ്റിലാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യൻ പുരുഷ ടീം ആദ്യമായി പിങ്ക് ബോൾ ടെസ്റ്റ് കളിച്ച മത്സരത്തിലാണ് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്. പുരുഷ ടീമിന് വേണ്ടി സെഞ്ചുറി നേടിയ കോഹ്ലിയുടെയും വനിതാ ടീമിന് വേണ്ടി സെഞ്ചുറി നേടിയ മന്ഥാനയുടേയും ജേഴ്സി നമ്പർ സമാനമാണെന്നത് ഈ സെഞ്ചുറി നേട്ടങ്ങൾക്ക് കൗതുകം പകരുന്നു. ഇരുവരും ദേശീയ ടീമിൽ ഉപയോഗിക്കുന്നത് 18ാ൦ നമ്പർ ജേഴ്സിയാണ്.
ഇന്ത്യൻ ഇന്നിങ്സിൽ 52ാ൦ ഓവറിൽ ഓസ്‌ട്രേലിയൻ ബൗളർ എല്ലീസ് പെറിയുടെ പന്തിൽ ബൗണ്ടറി നേടിയാണ് സ്‌മൃതി മന്ഥാന ടെസ്റ്റിൽ തന്റെ കന്നി സെഞ്ചുറിയും ഒപ്പം ചരിത്രനേട്ടവും കുറിച്ചത്. 170 പന്തുകൾ നേരിട്ടാണ് താരം തന്റെ കന്നി സെഞ്ചുറി നേടിയത്. ഇന്ത്യൻ ഇന്നിങ്സിനെ മുന്നിൽ നിന്ന് നയിച്ച താരം ഒടുവിൽ 216 പന്തില്‍ 127 റണ്‍സ് നേടിയാണ് പുറത്തായത്. 22 ഫോറുകളും ഒരു സിക്‌സും നിറം ചാർത്തിയതായിരുന്നു ഈ ഇന്നിംഗ്സ്. ചരിത്രനേട്ടം സ്വന്തമാക്കിയ താരത്തിന് ക്രിക്കറ്റ് ലോകത്ത് നിന്നും അഭിനന്ദനങ്ങളുടെ പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മന്ഥാന പുറത്തായതിന് ശേഷം ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായി. അവസാനം വിവരം ലഭിക്കുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 276 റൺസ് എന്ന നിലയിലാണ്. മോശം കാലാവസ്ഥ മൂലം കളി നിർത്തിവെച്ചിരിക്കുകയാണ്. ദീപ്തി ശർമ (12), തന്യ ഭാട്യ (0) എന്നിവരാണ് ക്രീസിൽ. മന്ഥാനയ്ക്ക് പുറമെ പൂനം റാവത്ത് (36), മിതാലി രാജ് (30), യാസ്തിക ഭാട്യ (19) എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യൻ ബാറ്റർമാർ. ഓസ്‌ട്രേലിയക്കായി സോഫി മോളിനെക്സ് രണ്ടും, എല്ലീസ് പേറി, ആഷ്‌ലി ഗാർഡനർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.