നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • സ്‌മൃതി മന്ഥാനയ്ക്ക് അർധസെഞ്ചുറി; പിങ്ക് ബോൾ ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് മികച്ച തുടക്കം

    സ്‌മൃതി മന്ഥാനയ്ക്ക് അർധസെഞ്ചുറി; പിങ്ക് ബോൾ ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് മികച്ച തുടക്കം

    മഴ മൂലം കളി നിർത്തിവെക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് നേടിയിട്ടുണ്ട്. സ്‌മൃതി മന്ഥാന (70*), പൂനം റാവത്ത് (8*) എന്നിവരാണ് ക്രീസിൽ. 31 റൺസ് നേടിയ ഷഫാലി വർമയുടെ വിക്കറ്റാണ് ഇന്ത്യക്ക് വേണ്ടി നഷ്ടമായത്.

    • Share this:
      ഓസ്‌ട്രേലിയക്കെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ മികച്ച തുടക്കം നേടി ഇന്ത്യൻ വനിതകൾ. തങ്ങളുടെ ആദ്യ പിങ്ക് ബോൾ ടെസ്റ്റ് മത്സരത്തിനിറങ്ങിയ ഇന്ത്യ സ്‌മൃതി മന്ഥാന - ഷഫാലി വർമ ഓപ്പണിങ് സഖ്യത്തിന്റെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് മികച്ച തുടക്കം നേടിയത്. മഴ മൂലം കളി നിർത്തിവെക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് നേടിയിട്ടുണ്ട്. സ്‌മൃതി മന്ഥാന (70*), പൂനം റാവത്ത് (8*) എന്നിവരാണ് ക്രീസിൽ. 31 റൺസ് നേടിയ ഷഫാലി വർമയുടെ വിക്കറ്റാണ് ഇന്ത്യക്ക് വേണ്ടി നഷ്ടമായത്. മത്സരത്തിൽ അർധസെഞ്ചുറി നേടിയ സ്‌മൃതി പിങ്ക് ബോൾ ടെസ്റ്റിൽ അർധസെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം എന്ന നേട്ടം സ്വന്തമാക്കി.

      ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി സ്‌മൃതിയും ഷഫാലിയും ആത്മവിശ്വാസത്തോടെയാണ് തുടങ്ങിയത്. പതിവ് അക്രമണശൈലി അഴിച്ചുവെച്ച് ഷഫാലി ശ്രദ്ധയോടെ കളിച്ചപ്പോൾ മറുവശത്ത് സ്‌മൃതി ഓസീസ് ബൗളർമാരെ കടന്നാക്രമിച്ച് മുന്നേറുന്ന കാഴ്ച്ചയാണ് കണ്ടത്. ഓസീസ് ബൗളർമാരെ അനായാസം നേരിട്ട് സ്‌മൃതി മുന്നേറിയപ്പോൾ മറുവശത്ത് സ്‌മൃതിക്ക് മികച്ച പിന്തുണ നൽകി ഷഫാലി ഉറച്ചുനിന്നു. ആദ്യ പിങ്ക് ബോൾ ടെസ്റ്റ് കളിക്കുന്ന ഇന്ത്യക്കൊപ്പം ഭാഗ്യം കൂടി കൂട്ടുനിന്നതോടെ ഇന്ത്യൻ സ്കോർബോർഡിലേക്ക് എളുപ്പത്തിൽ റൺ എത്തിക്കൊണ്ടിരുന്നു. ഷഫാലിയെ മൂന്ന് വട്ടമാണ് ഓസീസ് താരങ്ങൾ കൈവിട്ടു സഹായിച്ചത്. ഇതിനിടയിൽ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യൻ വനിതാ താരത്തിന്റെ ആദ്യ അർധസെഞ്ചുറി സ്‌മൃതി നേടി. ഏകദിന ശൈലിയിൽ തകർത്തടിച്ച താരം അർധസെഞ്ചുറിയിൽ എത്തുമ്പോൾ അക്കൗണ്ടിൽ 11 ബൗണ്ടറിയാണ് ഉണ്ടായിരുന്നത്. 50 പന്തിൽ തന്നെയാണ് താരം തന്റെ അർധസെഞ്ചുറിയും നേടിയത്.

      അർധശതകം പിന്നിട്ടതിന് ശേഷം സ്‌മൃതി തന്റെ ഇന്നിങ്സിന്റെ വേഗം കുറച്ചു. ഒന്നാം വിക്കറ്റിൽ മികച്ച തുടക്കം ലഭിച്ച് മുന്നേറിയ ഇന്ത്യക്ക് ഓസ്‌ട്രേലിയയിൽ നിന്നും ആദ്യ തിരിച്ചടി ലഭിച്ചത് 93 റൺസിൽ നിൽക്കെ ആയിരുന്നു. 64 പന്തിൽ 31 റൺസ് നേടിയ ഷഫാലി വർമയെ തഹ്‌ലിയ മഗ്രാത്തിന്റെ കൈകളിൽ എത്തിച്ച് സോഫി മോളിനക്സ് ഓസ്‌ട്രേലിയയ്ക്ക് ആശ്വാസം പകർന്നു. പിന്നീട് വിക്കറ്റ് വീഴ്ത്താൻ ഓസീസ് ബൗളർമാർ ശ്രമിച്ചെങ്കിലും ഇന്ത്യൻ ബാറ്റർമാർ ഒരു പഴുതും നൽകാതെ മുന്നേറി ഇന്ത്യയുടെ സ്കോർ 100 കടത്തി. ഇന്ത്യയുടെ സ്കോർ 114 നിൽക്കെ മഴ വന്നതോടെയാണ് കളി നിർത്തേണ്ടി വന്നത്.

      പച്ചപ്പ് നിറഞ്ഞ ക്വീൻസ്‌ലാൻഡിലെ പിച്ചിൽ ഓസീസ് ബൗളർമാരുടെ വെല്ലുവിളി അതിജീവിക്കാൻ കഴിഞ്ഞത് ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടും. നാല് ദിവസ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനത്തിൽ ഇതുവരെ 39.3 ഓവറുകൾ മാത്രമാണ് എറിഞ്ഞതെന്നിരിക്കെ ഒമ്പത് വിക്കറ്റുകൾ കയ്യിലുള്ള ഇന്ത്യ മികച്ച സ്കോർ തന്നെയാകും ലക്ഷ്യമിടുന്നത്.

      നേരത്തെ ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ജൂണിലാണ് ഇന്ത്യൻ വനിതകൾ വീണ്ടും ടെസ്റ്റ് കളിക്കാൻ ഇറങ്ങിയത്. ഇംഗ്ലണ്ടിനെതിരെ കളിച്ച ഈ ടെസ്റ്റ് മത്സരം സമനിലയിലാണ് അവസാനിച്ചത്. അതേസമയം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ 2006ലാണ് അവസാനമായി ടെസ്റ്റ് കളിച്ചത്.
      Published by:Naveen
      First published:
      )}