• HOME
  • »
  • NEWS
  • »
  • sports
  • »
  • Women's IPL | വനിതാ പ്രീമിയര്‍ ലീഗ് താരലേലം: ഏറ്റവും വിലയേറിയ ഏഴ് കളിക്കാർ; മുന്നിൽ മന്ദാന

Women's IPL | വനിതാ പ്രീമിയര്‍ ലീഗ് താരലേലം: ഏറ്റവും വിലയേറിയ ഏഴ് കളിക്കാർ; മുന്നിൽ മന്ദാന

50 ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ലേലത്തിലെ വിലയേറിയ താരങ്ങൾ ആരെല്ലാമെന്ന് നോക്കാം

  • Share this:

    മുംബൈ: പ്രഥമ വനിതാ പ്രീമിയര്‍ ലീഗിന്റെ (Women’s IPL) താരലേലം അവസാനിച്ചപ്പോള്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യന്‍ ടീം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന. മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന താരലേലത്തില്‍ 3.4 കോടി രൂപയ്ക്കാണ് സ്മൃതിയെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു സ്വന്തമാക്കിയത്. ഏറ്റവും ഉയര്‍ന്ന ലേലത്തുക നേടിയ താരവും സ്മൃതി തന്നെയാണ്. മുംബൈ ഇന്ത്യന്‍സും സ്മൃതിയെ സ്വന്തമാക്കാന്‍ മത്സരിച്ചിരുന്നു. 50 ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ലേലത്തിലെ വിലയേറിയ താരങ്ങൾ ആരെല്ലാമെന്ന് നോക്കാം

    സ്മൃതി മന്ദാന

    സ്മൃതിയ്ക്കായി മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവും തമ്മില്‍ പൊരിഞ്ഞ പോരാട്ടമായിരുന്നു. എന്നാല്‍ ഇതില്‍ ആര്‍സിബിയ്ക്കായിരുന്നു മേല്‍ക്കൈ. 3.4 കോടിയ്ക്കാണ് അവര്‍ സ്മൃതിയെ ടീമിലെത്തിച്ചത്.

    ആഷ്‌ലി ഗാര്‍ഡ്‌നര്‍

    ഇന്ത്യന്‍ വനിതാ പ്രീമിയര്‍ ലീഗ് ലേലത്തിലെത്തുന്ന ആദ്യ ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരമാണ് ആഷ്‌ലി ഗാര്‍ഡ്‌നര്‍. ആസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ആയ ആഷ്‌ലിയ്ക്കായി ഗുജറാത്ത് ജയന്റ്‌സും മുംബൈ ഇന്ത്യന്‍സും യുപി വാരിയേഴ്‌സും കടുത്ത പോരാട്ടം നടത്തിയിരുന്നു. എന്നാല്‍ 3.2 കോടി രൂപയ്ക്ക് ഗുജറാത്ത് ജയന്റ്‌സ് തന്നെ ഇവരെ സ്വന്തമാക്കുകയായിരുന്നു.

    നതാലി ഷീവര്‍

    ആഷ്‌ലിയേയും സ്മൃതിയേയും നഷ്ടപ്പെട്ട മുംബൈ ഇന്ത്യന്‍സ് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ നതാലി ഷീവറിനെ ടീമിലെത്തിച്ചാണ് പ്രതികരിച്ചത്. 3.2 കോടിയ്ക്കാണ് താരത്തെ മുംബൈ ഇന്ത്യന്‍സ് നേടിയത്.

    ദീപ്തി ശര്‍മ്മ

    ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ആയ ദീപ്തി ശര്‍മ്മയുടെ അടിസ്ഥാന വില 50 ലക്ഷം രൂപയായിരുന്നു. എന്നാല്‍ ലേലത്തില്‍ 2.6 കോടി രൂപയ്ക്ക് താരത്തെ യുപി വാർയേഴ്‌സ് സ്വന്തമാക്കി.

    Also read: ‘മികവുറ്റ വനിതകളെല്ലാം MI കുടുംബത്തിന്റെ ഭാഗമായതിൽ ആഹ്ലാദം’: വിമൻസ് IPL ലേലത്തിൽ നിതാ അംബാനി

    ജമൈമ റോഡ്രിഗസ്

    2.2 കോടി രൂപയ്ക്ക് ജമൈമ റോഡ്രിഗസിനെ ഡല്‍ഹി ക്യാപിറ്റല്‍സ് ടീം സ്വന്തമാക്കി. താരത്തിനായി യുപി വാരിയേഴ്‌സും, ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ കനത്ത പോരാട്ടമായിരുന്നു.

    ബെത്ത് മൂണി

    ഓസിസ് ബാറ്ററായ ബെത്ത് മൂണിയെ 2 കോടി രൂപയ്ക്കാണ് ഗുജറാത്ത് ജയന്റ്‌സ് നേടിയത്. താരത്തിനായി മുംബൈ ഇന്ത്യന്‍സും ആര്‍സിബിയും രംഗത്തെത്തിയിരുന്നു. അവരെ പിന്തള്ളിയാണ് ഗുജറാത്ത് ജയന്റ്‌സ് താരത്തെ നേടിയത്.

    ഷഫാലി വര്‍മ്മ

    ഷഫാലിയെ ടീമിലെത്തിക്കാന്‍ ആര്‍സിബി കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ലേലം ഡല്‍ഹി ക്യാപിറ്റല്‍സ് നേടുകയായിരുന്നു. 2 കോടിയ്ക്കാണ് താരത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്.

    റിച്ച ഘോഷ്

    റിച്ച ഘോഷിനായി ആര്‍സിബിയും ഡല്‍ഹി ക്യാപിറ്റല്‍സും വീണ്ടും പോര്‍മുഖത്ത് എത്തിയിരുന്നു. എന്നാല്‍ 1.9 കോടി രൂപയ്ക്ക് ആര്‍സിബി താരത്തെ ടീമിലെത്തിക്കുകയായിരുന്നു.

    പൂജ വസ്ത്രകര്‍

    1.9 കോടിയ്ക്ക് പൂജ വസ്ത്രകറിനെ സ്വന്തമാക്കിയത് മുംബൈ ഇന്ത്യന്‍സ് ആണ്. യുപി വാരിയേഴ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും താരത്തിനായി അണിനിരന്നെങ്കിലും ലേലത്തുക 1.9 ലേക്ക് എത്തിയതോടെ പിന്‍മാറുകയായിരുന്നു.

    ഹര്‍മന്‍പ്രീത് കൗര്‍

    ഇന്ത്യന്‍ താരം ഹര്‍മന്‍പ്രീത് കൌറിനെ മുംബൈ ഇന്ത്യന്‍സ് ആണ് നേടിയത്. 1.8 കോടിയ്ക്കാണ് ഇവര്‍ താരത്തെ സ്വന്തമാക്കിയത്.

    Published by:user_57
    First published: